.
മദീന: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം സ്വദേശികളും പ്രവാസികളും സന്ദര്‍ശകരുമായ മുസ്ലിങ്ങള്‍ പ്രവാചകപ്പള്ളിയായ മസ്ജിദുന്നബവിയില്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥന നടത്തി. മുനിസിപ്പല്‍, ആരോഗ്യം, സിവില്‍ സര്‍വീസുകള്‍, കമ്യൂണിക്കേഷന്‍, ഗതാഗത വിഭാഗം തുടങ്ങി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ പിന്തുണയോടെ പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കിയത്.
വിശ്വാസികള്‍ക്ക് പ്രവാചകപ്പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധനയ്ക്കുശേഷം പുറത്തേക്കു കടക്കുന്നതിനും മദീന ഹറം കാര്യാലയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. പ്രായമായവരും നടക്കാന്‍ പ്രയാസപ്പെടുന്നവരുമായ ആരാധകര്‍ക്ക് വീല്‍ചെയര്‍ സേവനം ഒരുക്കുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക കസേരകള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സുകള്‍ വിളിക്കുക, തീര്‍ഥാടകരുടെ സാധനങ്ങള്‍ സൂക്ഷിക്കുക, നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തി നല്‍കുക തുടങ്ങിയ സേവനങ്ങളും ഒരുക്കിയിരുന്നു.
പ്രവാചകപ്പള്ളിയില്‍ 147 ടണ്‍ സംസം വെള്ളമാണ് വെള്ളിയാഴ്ച മാത്രം ഉപയോഗിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരം സംസം ജല പാക്കേജുകള്‍ വിതരണം ചെയ്തു.
പള്ളിയില്‍ വിരിച്ച പരവതാനി അണുവിമുക്തമാക്കാനായി ഉപയോഗിച്ച അണുനാശിനികളുടെയും അളവ് 600 ലിറ്ററായിരുന്നു. പൊതു ആവശ്യത്തിനായി നാലായിരം ലിറ്റര്‍ ജലവും മസ്ജിദുന്നബവിയുടെ അകത്തെ നിലം വൃത്തിയാക്കാന്‍ 25 ലക്ഷം ലിറ്റര്‍ ജലവും കഴുകി വെടിപ്പാക്കുന്നതിന്റെ ആവശ്യത്തിലേക്ക് 250 പമ്പുകളും ഉപയോഗിച്ചെന്നാണ് കണക്ക്. പ്രവാചകന്റെ പള്ളിയില്‍ 24,000 ആഡംബര പരവതാനികളും പ്രായമായവര്‍ക്ക് 1,20,000 കസേരകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
Content Highlights: masjidunnabavi jumua day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..