.
റിയാദ്: സയാറ്റിക്ക ബാധിച്ച് കിടപ്പിലായ എറണാകുളം സ്വദേശിനിയെ കേളി കലാസാംസ്‌കാരിക വേദിയുടെയും കേളി കുടുംബ വേദി പ്രവര്‍ത്തകരുടെയും ഇടപെടലിനെതുടര്‍ന്ന് നാട്ടിലെത്തിച്ചു. മജ്മ റീഹാബിലിറ്റേഷന്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന, കോതമംഗലം സ്വദേശിനി ധന്യ ബൈജുവിനെയാണ് കേളി മജ്മ യൂണിറ്റിന്റെ ഇടപെടലില്‍ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.
അസുഖം പിടിപെട്ട് തീര്‍ത്തും കിടപ്പിലായ ധന്യയെ വേണ്ടരീതിയിലുള്ള ചികിത്സ നല്‍കാന്‍ തയ്യാറാവാതെ അഫ്രാസ് എന്ന മാന്‍പവര്‍ കമ്പനി അവരുടെ താമസ സ്ഥലത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നു. കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിട്ടും കമ്പനി ഇടപെടാത്ത അവസ്ഥയില്‍, തന്റെ ദയനീയ അവസ്ഥ സാമൂഹികമാധ്യമങ്ങള്‍ വഴി ധന്യ പുറംലോകത്തെ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ട കേളി മജ്മ യൂണിറ്റ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. കമ്പനി അധികൃതരോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എംബസി ആവശ്യപ്പെട്ടെങ്കിലും മതിയായ ചികിത്സ ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് കേളി കുടുംബവേദി പ്രവര്‍ത്തകര്‍ ധന്യയെ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എംആര്‍ഐ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകരുങ്ങള്‍ സൗജന്യമായി ഒരുക്കി കൊടുക്കുകയും ചെയ്തു. കേളി കുടുംബവേദി പ്രവര്‍ത്തകരും കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരും ധന്യക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി.
എന്നാല്‍ കഴിഞ്ഞ ദിവസം അഫ്രാസ് മാന്‍പവര്‍ കമ്പനി അധികൃതര്‍ മുന്നറിയിപ്പില്ലാതെ ധന്യയെ യാത്രാ രേഖകകളും ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന അവസ്ഥയാണുണ്ടായതെങ്കിലും, ധന്യക്ക് പോകേണ്ടുന്ന അതേ ഫ്‌ളൈറ്റിലെ സഹയാത്രികന്റെ സഹായത്തോടെ നാട്ടില്‍ എത്തിച്ചേര്‍ന്നു. ആശുപത്രിയിലെ ചികിത്സാ രേഖകളും മറ്റും കേളി പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു നല്‍കി. ഭര്‍ത്താവും രണ്ടു മക്കളും ചേര്‍ന്ന് സ്വീകരിച്ച ധന്യയെ തുടര്‍ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: keli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..