Photo: Pravasi mail
റിയാദ്: കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹകസമിതി അംഗവും എഴുത്തുകാരനുമായ എന്‍. രതീന്ദ്രന്‍ എഴുതിയ 'നവോത്ഥാനം പുതിയ വര്‍ത്തമാനം', 'നവോത്ഥാനം ഇരുപതാം നൂറ്റാണ്ട്' എന്നീ കൃതികളുടെ വായനാനുഭവം പങ്കുവച്ചുകൊണ്ട് റിയാദിലെ ചില്ലയുടെ മേയ്മാസ വായന നടന്നു. രണ്ടുപുസ്തകങ്ങളുടെയും അവതരണം ഗ്രന്ഥകാരന്റെ സാന്നിദ്ധ്യത്തില്‍ ഷിഹാബ് കുഞ്ചീസാണ് നടത്തിയത്.
കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച യുഗപരിവര്‍ത്തന ശില്‍പികളെ വിശദീകരിക്കുന്ന 'നവോത്ഥാനം ഇരുപതാം നൂറ്റാണ്ട്' എന്ന കൃതി ശ്രീനാരായണ ഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവരോടൊപ്പം വൈകുണ്ഠസ്വാമി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ നിരവധി പേരുടെ സമരങ്ങളെ അനുസ്മരിക്കുന്നുണ്ടെന്ന് അവതാരകന്‍ പറഞ്ഞു. വൈകുണ്ഠസ്വാമി തുടങ്ങിവെച്ച 'സമത്വ സമാജം' മുതല്‍ ആധുനിക കേരളത്തിന്റെ രൂപീകരണം വരെയുള്ള ചരിത്രത്തിലേക്കും ചരിത്ര നായകരിലേക്കുമുള്ള സഞ്ചാരമാണ് ഈ കൃതി. 'ഇരുപതാം നൂറ്റാണ്ട് പുതിയ വര്‍ത്തമാനം' എന്ന കൃതി നവോത്ഥാനത്തിന്റെ വര്‍ത്തമാനാവസ്ഥയെ ചര്‍ച്ച ചെയ്യുന്ന പല എഴുത്തുകാരുടെ ലേഖനങ്ങളുടെ സമാഹാരമാണ്.
ലോകകവിതയിലെ ആധുനികതയുടെ ഉദ്ഘാടകനായ ടി.എസ്.എലിയറ്റിന്റെ പ്രസിദ്ധമായ 'ദി വേസ്റ്റ്‌ലാന്‍ഡ്' എന്ന കവിതയുടെ വായനാനുഭവം അഖില്‍ ഫൈസല്‍ അവതരിപ്പിച്ചു. രചനയില്‍ വിവിധ മനുഷ്യാവസ്ഥകളെ വിശകലനം ചെയ്യുന്ന കാവ്യരീതി അതുവരെയുള്ള കാവ്യബോധത്തെ തകിടം മറിച്ചെന്നും അത് പുതിയ ഭാവുകത്വം സൃഷ്ടിച്ചുവെന്നും അവതാരകന്‍ നിരീക്ഷിച്ചു. ആധുനിക മനുഷ്യന്റെ ജീവിതസമസ്യകളെ ദാര്‍ശനികമായ അന്വേഷണങ്ങളിലൂടെ അവതരിപ്പിച്ച കൃതി നിരന്തരമായ വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നാണ്.
ഡോ. പി കെ ഗോപന്‍ എഴുതിയ 'പെണ്ണിടം, മതം, മാര്‍ക്‌സിസം' എന്ന സാമൂഹ്യ വിശകലന ഗ്രന്ഥത്തിന്റെ വായനാനുഭവം വി കെ ഷഹീബ സദസില്‍ പങ്കുവെച്ചു. പുരാണങ്ങളും പൗരോഹിത്യവും ചേര്‍ന്ന് ശാശ്വതീകരിക്കുന്ന ലിംഗവിവേചനത്തെ ഈ കൃതി വിചാരണ ചെയ്യുന്നു എന്ന് അവതാരക വിശദീകരിച്ചു. സാമൂഹ്യയാഥാര്‍ഥ്യത്തെ വസ്തുനിഷ്ഠമായി പരിശോധിച്ചുകൊണ്ട് ഫെമിനിസവും മാര്‍ക്സിസവും പരസ്പരപൂരകങ്ങളായി വികസിക്കേണ്ടതാണ് എന്ന് സമര്‍ത്ഥിക്കുന്ന കൃതി വിശേഷിച്ച് ഓരോ പുരുഷനും വായിച്ചിരിക്കേണ്ടതാണ് എന്ന അഭിപ്രായവും പങ്കുവെച്ചു.
വായനാനുഭവങ്ങള്‍ക്കു ശേഷം എന്‍ രതീന്ദ്രന്‍ കേരളീയ നവോത്ഥാനശില്പികളെ കുറിച്ച് പ്രഭാഷണം നടത്തി. മുഖ്യധാരാപഠനങ്ങളില്‍ നിന്ന് നമ്മള്‍ അറിഞ്ഞ സാമൂഹ്യ വിപ്ലവകാരികള്‍ക്കൊപ്പം വിസ്മരിക്കപ്പെട്ട വൈകുണ്ഠസ്വാമി, കുമാരഗുരു, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ അടക്കമുള്ളവരെ കൂടി ചര്‍ച്ച ചെയ്താലേ നവോത്ഥാന ചരിത്രം നീതിയുക്തമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതീക്ഷയോടെ നമ്മള്‍ കണ്ട നവോത്ഥാന ശ്രമങ്ങള്‍ നമ്മള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയിലേക്ക് ഇന്ത്യ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന ഖേദവും അദ്ദേഹം സദസ്സില്‍ പങ്കുവെച്ചു.
എം ഫൈസല്‍ സംവാദത്തിന് തുടക്കം കുറിച്ചു. സീബ കൂവോട്, വിപിന്‍ കുമാര്‍, ടി. ആര്‍. സുബ്രഹ്‌മണ്യന്‍, പ്രിയ വിനോദ്, സെബിന്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു. നാസര്‍ കാരക്കുന്ന് പുസ്തകാവതരണങ്ങളെ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ചു.
Content Highlights: Chilla's May month reading by sharing the experience of N Rathindran's books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..