ചില്ല 'എന്റെ വായനയുടെ' ഡിസംബർ ലക്കത്തിന് സഫറുദ്ദീൻ തുടക്കം കുറിക്കുന്നു
റിയാദ്: പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചര്‍ച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബര്‍ 'എന്റെ വായന' നടന്നു. റിയാദ് ബത്ഹയിലെ ശിഫ അല്‍ ജസീറയില്‍ നടന്ന പരിപാടിയില്‍ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ അവതരിപ്പിച്ചു.
ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സഫറുദ്ദീന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ നിരവധി കലക്കംമറിച്ചിലുകള്‍ക്ക് ഇരയായ അഫ്ഘാന്‍ ജനതയുടെ സംഭവബഹുലമായ ചരിത്രം നോവല്‍ വരച്ചിടുന്നു. അധിനിവേശപൂര്‍വ്വ അഫ്ഘാന്റെ സൗന്ദര്യവും ശാന്തിയും അതിനുശേഷമുള്ള ദുരന്തവും അശാന്തിയും വായനക്കാരനെ നോവിപ്പിക്കും വിധം ഹുസൈനി അവതരിപ്പിക്കുന്നതായി അവതാരകന് പറഞ്ഞു.
വി മധുസൂദനന് നായരുടെ കവിതകളുടെ വായനാനുഭവം സുരേഷ് ബാബു അവതരിപ്പിച്ചു. അഗസ്ത്യഹൃദയം, ഭാരതീയം എന്നീ കവിതകള്‍ നമ്മുടെ ധര്‍മ്മബോധത്തിന്റെയും ദേശീയതബോധത്തിന്റെയും ഉജ്ജ്വലമായ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവതാരകന് അവകാശപ്പെട്ടു. പൊനം എന്ന കെ എന്‍ പ്രശാന്തിന്റെ പുതിയ നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ബീനയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ആര്‍ത്തി, പക എന്നിവയുടെ വന്യമായ ആവിഷ്ക്കാരമാണ് നോവല്‍. പുതുകാല കവിതയുടെ ഭാവുകത്വത്തെ വിശദീകരിച്ചുകൊണ്ട് എം ഫൈസല്‍, ലെനിനും വസന്തവും കാമവും എന്ന ശീര്‍ഷകത്തിലുള്ള ശ്രീകുമാര്‍ കരിയാടിന്റെ കവിതാസമാഹാരത്തിന്റെ വായനാനുഭവം അവതരിപ്പിച്ചു.
അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ വിവിധ വശങ്ങള് തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിഷയമായി. വിശേഷിച്ച് കവിതയിലെ കാലസ്തംഭനം വന്ന വായനയും ചലനാത്മകമായ വായനയും തമ്മിലുള്ള വൈരുദ്ധ്യം പരിശോധിക്കപ്പെട്ടു. നിലവിലുള്ള ഭാവുകത്വത്തെയും സങ്കേതങ്ങളേയും പൊളിച്ചെഴുതുമ്പോള്‍ മാത്രമാണ് പുതിയ കല ഉണ്ടാകുന്നത്. അത് രചനയില്‍ മാത്രമല്ല, വായനയിലും പ്രതിഫലിക്കണം. മലയാളത്തില്‍ പുതിയ കവിത ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലത്തിന്റെ നവസാമൂഹ്യ പദപ്രശ്നങ്ങളെ നിര്‍ദ്ധാരണം ചെയ്യാനുള്ള ഭാഷയും ഭാവവും രൂപവും അത് സ്വായത്തമാക്കുന്നുണ്ട്. ഇതര സാഹിത്യ ശാഖകളെ സ്വീകരിക്കുന്ന വിധം കവിത സ്വീകരിക്കപ്പെടുന്നില്ല, സ്വീകരിക്കപ്പെടുകയും ജനപ്രിയമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നവ പലപ്പോഴും കവിതയുടെ ലേബലിലുള്ള സാധനങ്ങള്‍ മാത്രമാണ് തുടങ്ങിയ നിരീക്ഷണങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായി. എന്നാല്‍ ഈണത്തിലും വൃത്തത്തിലും എഴുതപ്പെട്ട ജനപ്രിയമായ രചനകള്‍ മാത്രമാണ് കവിത എന്ന നിലപാടും അവതരിപ്പിക്കപ്പെട്ടു, ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍, ടി ആര് സുബ്രഹ്മണ്യന്, ശിഹാബ് കുഞ്ചീസ്, വിനയന് എന്നിവര്‍ പങ്കെടുത്തു. കൊമ്പന് മൂസ മോഡറേറ്ററായിരുന്നു.
Content Highlights: Chilla's December Reading with New Age Poetry Discussion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..