Photo: AFP
ദോഹ: ജിസിസി പൗരന്മാര്ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍, വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഹയ്യ പ്ളാറ്റ്ഫോം വഴി രജിസ്ട്രേഷന് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
തുറമുഖങ്ങള്‍ വഴിയുള്ള എല്ലാ യാത്രക്കാര്‍ക്കും മുന്‍ ദിവസങ്ങളിലെ പോലെ തന്നെ ബസുകള്‍ വഴിയുള്ള ഗതാഗതം ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം അനുവദിച്ചിട്ടുമുണ്ട്.
അതേസമയം, റോഡ് മാര്‍ഗം വാഹനങ്ങള്‍ വഴി ഖത്തറിലേക്ക് വരുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഡിസംബര്‍ 8 വ്യാഴാഴ്ച മുതലായിരിക്കും ഹയ്യ കാര്‍ഡില്ലാതെ ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുക.
യാത്രാ തീയതിയുടെ 12 മണിക്കൂറില്‍ കുറയാത്ത കാലയളവില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അവര്‍ ഇലക്ട്രോണിക് ആയി പെര്‍മിറ്റിനായി അപേക്ഷിക്കണം എന്നതാണ് റോഡ് മാര്‍ഗം വാഹനങ്ങളില്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള പ്രധാന വ്യവസ്ഥ. വാഹനങ്ങള്‍ക്ക് മുന്‍കൂര്‍ എന്‍ട്രി പെര്‍മിറ്റ് ഫീസ് നല്‍കേണ്ടതില്ല.
മത്സരം കാണാന്‍ കഴിയാത്തവര്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ലോകകപ്പ് മത്സരങ്ങള്ക്കൊപ്പമുള്ള ആവേശവും അന്തരീക്ഷം ആസ്വദിക്കാനുള്ള അവസരം അനുവദിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
സ്റ്റേഡിയങ്ങളിലെയും ഫാന്‍സ് ഏരിയകളിലെയും ആയിരക്കണക്കിന് ആരാധകരുമായി ചേരുന്നതിന് വിവിധ തുറമുഖങ്ങള്‍ വഴിയുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ലോകകപ്പ് മത്സരങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ ഹയ്യ ഇ-പ്ളാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യുകയും ഫുട്ബോള്‍ മാച്ച് കാണുവാനുള്ള ടിക്കറ്റെടുക്കുകയും വേണം.
Content Highlights: qatar cancels hayya card requirements opens entry to gcc residents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..