ഖത്തർ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽനിന്ന്
ദുബായ് : അറബ് രാജ്യങ്ങളിൽ വികസനമുന്നേറ്റം നടത്തുന്ന ഖത്തർ ഞായറാഴ്ച ദേശീയദിനം ആഘോഷിക്കുകയാണ്. എണ്ണ - പ്രകൃതിവാതക സമ്പന്നമായ ഖത്തർ ലോകകപ്പ് ഫുട്‌ബോളിലൂടെ ലോകരാജ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ദേശീയദിനം കൊണ്ടാടുന്നത്. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്. യു.എ.ഇ. അടക്കമുള്ള അറബ് രാജ്യങ്ങളുമായി സഹകരണവും നയതന്ത്രബന്ധവും കൂടുതൽ സുദൃഢമായതും പുതിയ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഖത്തർ സ്വീകരിച്ച നിലപാടുകളും ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ഖത്തറിൽ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജോലിചെയ്തു കഴിയുന്നുണ്ട്.
ഖത്തറിന്റെ ചരിത്രം
ബി.സി. ആറാംനൂറ്റാണ്ടിൽത്തന്നെ ഖത്തറിൽ ജനവാസമുണ്ടായതായി അൽഖോറിൽ നടത്തിയ ഉത്ഖനനത്തിൽ വ്യക്തമായിട്ടുണ്ട്. അക്കാലത്ത് പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായാണ് ഖത്തറിന്റെ വ്യാപാരബന്ധം. ഏഴാം നൂറ്റാണ്ടോടെ ഉപദ്വീപായ ഖത്തറിൽ ഇസ്‌ലാം മതം പ്രചരിച്ചുവെന്നാണ് വിശ്വാസം. ആദ്യകാലത്ത് ബഹ്‌റൈൻ ഭരണാധികാരിയായിരുന്ന മുൻദിർ ബിൻ സവാ അൽ ഥമീമിയുടെ കീഴിലായിരുന്നു ഖത്തർ. 1913 -ൽ തുർക്കി ഖലീഫയുമായുള്ള തർക്കത്തിനൊടുവിലാണ് ഖത്തർ പൂർണമായും സ്വയംഭരണത്തിലേക്ക് മാറിയത്. അതിനുമുമ്പുതന്നെ 1635 - ൽ ബ്രിട്ടൻ ഖത്തറിൽ ആധിപത്യമുറപ്പിച്ചതും ചരിത്രത്തിലുണ്ട്. പെട്രോളിയം പര്യവേക്ഷണവും മുത്തു ശേഖരണവുമായാണ് ബ്രിട്ടൻ തദ്ദേശീയരുമായി തന്ത്രപരമായി അടുത്തത്. തുടക്കത്തിൽ തുർക്കി സുൽത്താന്റെ ഇടപെടലിൽ ബ്രിട്ടൻ ഖത്തറിൽ നേരിട്ട് ഭരണം നടത്തിയിരുന്നില്ല. എ.ഡി. 1878 ഡിസംബർ 18 - ന് ശൈഖ് ഖാസിം ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽനിന്നും ഖത്തറിന്റെ ഉപഭരണാധികാരിസ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽനിന്നും വേർപ്പെടുത്തി ഖത്തറിനെ നാട്ടുരാജ്യമാക്കുകയും ചെയ്തു. 1916 - മുതൽ 1971 - സെപ്റ്റംബർവരെ ഖത്തർ പൂർണമായും ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിലായിരുന്നു. എ.ഡി. 1971 സെപ്റ്റംബർ മൂന്നിനാണ് ഖത്തർ സ്വതന്ത്ര്യം നേടിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുപിന്നാലെ കോളനികളോരോന്നായി ബ്രിട്ടനിൽനിന്ന് മോചിതമായി. ബ്രിട്ടനെ സംബന്ധിച്ച് സാമ്പത്തികമായി വലിയ തിരിച്ചടിനേരിട്ട കാലമായിരുന്നു അത്. അതിനാൽ ബ്രിട്ടൻ ഖത്തറിലെ പെട്രോളും പ്രകൃതിവിഭവങ്ങളും കൈവിടാൻ ഒരുക്കമായില്ല. 1971 - വരെ ഖത്തർ ബ്രിട്ടന്റെ കീഴിലായിരുന്നു. പിന്നീട് ഖത്തർ പരിപൂർണ സ്വാതന്ത്ര്യം നേടുകയും ഭരണാധികാരികളുടെ ഭരണമികവും നിശ്ചയദാർഢ്യവും കൈമുതലാക്കി സ്വയം പര്യാപ്തതയിലേക്ക് നടന്നുനീങ്ങുകയായിരുന്നു. സ്വദേശികളെപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം, സന്തോഷം എല്ലാം വിദേശികൾക്കും രാജ്യം നൽകുന്നു. അതിനാൽ ഖത്തർ ദേശീയദിനം വിദേശികളുടെകൂടി സന്തോഷത്തിന്റെ ദിനമാണെന്ന് പറയാം. ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ആയിരുന്നു ഖത്തർ അമീർ. അദ്ദേഹത്തിന്റെ നാലാമത്തെ മകനായ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി ആണ് ഇപ്പോഴത്തെ അമീർ. 2013 മുതലാണ് അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തത്.
വിപുലമായ പരിപാടികൾ
ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 - വരെ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ഒട്ടേറെ വിനോദ പരിപാടികൾ നടക്കും. കത്താറ കോർണിഷിലും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ നടക്കും. ദേശീയദിനം പ്രമാണിച്ച് ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
രാജ്യങ്ങൾ തമ്മിലുള്ള പേരിൽ ദുബായിലും ഖത്തർ ദേശീയദിനം ആഘോഷിക്കുന്നുവന്നത് ശ്രദ്ധേയമാണ്. ഖത്തർ പൗരന്മാരെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി ദുബായിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..