തീയറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകം 'സഫലമീ യാത്ര' ഡിസംബര്‍ 15 ന്


2 min read
Read later
Print
Share

സഫലമീ യാത്രയുടെ പോസ്റ്റർ പ്രകാശനം

മസ്‌കറ്റ്: മസ്‌കറ്റിലെ നാടകാസ്വാദകരുടെ കൂട്ടായ്മയായ തീയറ്റര്‍ ഗ്രൂപ്പ് മസ്‌കറ്റിന്റെ ഏഴാമത് നാടകമായ ' സഫലമീ യാത്ര ' 2023 ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് റൂവി അല്‍ ഫലജ് ഹോട്ടലില്‍ അരങ്ങേറുമെന്ന് തീയറ്റര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക നാടക ദിനം കൂടിയായ മാര്‍ച്ച് 27 നാണ് നാടക പ്രഖ്യാപനവും പോസ്റ്റര്‍ പ്രകാശനവും നടന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിയേറ്റര്‍ ഗ്രൂപ്പ് മസ്‌കറ്റിന്റെ നാടകം വേദിയിലെത്തുന്നത്.

അറിയപ്പെടുന്ന നാടക രചയിതാവ് ജയന്‍ തിരുമനയുടെ രചനയ്ക്ക് അന്‍സാര്‍ ഇബ്രാഹിമാണ് രംഗഭാഷ ഒരുക്കുന്നത്. നാടക ലോകത്തെ രംഗപട കുലപതി ആര്‍ട്ടിസ്റ്റ് പി.സുജാതനാണ് പുതിയ നാടകത്തിനും രംഗപടം ഒരുക്കുന്നത്. വര്‍ത്തമാന ഇന്ത്യ നേരിടുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടിയാണ് പുതിയ നാടകമെന്നും, പുതിയ ഇന്ത്യ എന്താണ് ആവശ്യപ്പെടുന്നത് എന്നത് നാടകാസ്വാദകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും സംവിധായകന്‍ അന്‍സാര്‍ ഇബ്രാഹിം പറഞ്ഞു. ഒമാനില്‍ തന്നെയുള്ള ഇരുപതില്‍ അധികം കലാകാരന്മാര്‍ അരങ്ങിലെത്തും. താമസിയാതെ തന്നെ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് ആരംഭിക്കുന്നതാണ് എന്ന് അന്‍സാര്‍ ഇബ്രാഹിം പറഞ്ഞു.

2015-ല്‍ കെ.പി.എസിയുടെ'അശ്വമേധം' എന്ന നാടകം സ്റ്റേജില്‍ അവതരിപ്പിച്ചുകൊണ്ട് ഒമാനിലെ നാടകാസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ച തിയേറ്റര്‍ ഗ്രൂപ്പ് പിന്നീട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ' മുടിയനായ പുത്രന്‍ ', ' നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ', ' അസ്തമിക്കാത്ത സൂര്യന്‍ ', ' കടലാസ്സ് തോണി ', എന്നീ നാടകങ്ങള്‍ കൂടി സ്റ്റേജില്‍ അവതരിപ്പിച്ചു . 2019 -ല്‍ കെ.പി.എ.സിയുടെ വിശ്വപ്രസിദ്ധ നാടകം ' നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ' , എന്റെ മകനാണ് ശരി എന്ന പേരില്‍ അവതരിപ്പിച്ച ശേഷം കോവിഡ് മഹാമാരി മൂലം വാര്‍ഷിക നാടകങ്ങള്‍ അരങ്ങേറിയില്ല എങ്കിലും 2022 ല്‍ മസ്‌കറ്റില്‍ നടന്ന നാടക മഹോത്സവത്തില്‍ ' മണ്ണടയാളം ' എന്ന മത്സര നാടകം അവതരിപ്പിച്ചുകൊണ്ട് അംഗീകാരങ്ങള്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നു വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന പുതിയ നാടകത്തെ ഏറെ പ്രതീക്ഷയോട് കൂടിയാണ് നാടക പ്രേമികള്‍ കാത്തിരിക്കുന്നത്. അന്‍സാര്‍ ഇബ്രാഹിമിന് പുറമെ, ഹല മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ അഡ്വക്കേറ്റ് ഗിരീഷ് ൃ, തിയേറ്റര്‍ ഗ്രൂപ്പ് മാനേജര്‍ മനോഹരന്‍ ഗുരുവായൂര്‍, സുധ രഘുനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നാടകത്തിനു പ്രവേശനം സൗജന്യമായിരിക്കും. അന്തരിച്ച ചലച്ചിത്ര താരം ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.

വര്‍ത്തമാന ഇന്ത്യ ആവശ്യപ്പെടുന്ന സെക്യൂലറിസം എന്ന ആശയം നാടകത്തിലൂടെ പറയുന്നു : ജയന്‍ തിരുമന

വിശ്വാസം , വിശ്വാസമായി നിലനില്‍ക്കുന്ന അത് ഭരിക്കാനുള്ള മാര്‍ഗ്ഗമായി മാറാതിരിക്കുകയും നന്മക്കായുള്ള മനുഷ്യന്റെ ശബ്ദം മനോഹരമായ ഒരു ഗാനം പോലെ ആസ്വദിക്കുകയും ചെയുന്ന കാലത്തെകുറിച്ചാണ് തിയേറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകമായ ' സഫലമീ യാത്രയുടെ ' രചന നിര്‍വഹിച്ചിരിക്കുന്നത് എന്ന് നാടകരചയിതാവ് ജയന്‍ തിരുമന പറഞ്ഞു . നാടക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുമായി ഓണ്‍ലൈനിലൂടെ സംവദിക്കുക ആയിരുന്നു അദ്ദേഹം. മണ്മറഞ്ഞു പോയ മഹാരഥന്മാര്‍ സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കുകയും , മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വര്‍ത്തമാന ഇന്ത്യയിലൂടെ ഒരു യാത്രയാണ് നാടകം പറയുന്നത്. മലബാറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന നാടകം ഉത്തരേന്ത്യയിലാണ് അവസാനിക്കുന്നത്. വര്‍ത്തമാന ഇന്ത്യയിലെ എല്ലാ മുഖങ്ങളും ഇതിനിടയില്‍ ദര്‍ശിക്കാന്‍ സാധിക്കും. സ്വന്തം കാര്യത്തോട് ഒപ്പം മറ്റുള്ളവന്റെ കൂടി അന്വേഷിക്കുന്ന ഏക സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന കാലത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യം ഈ നാടകത്തിനുണ്ട്. തികച്ചും വേറിട്ട ദൃശ്യാനുഭവം ആയിരിക്കും പുതിയ നാടകമെന്നും ജയന്‍ തിരുമന പറഞ്ഞു

Content Highlights: Theater Group's new drama 'Safalamee Yatra' on 15th December

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented