.
മസ്കറ്റ്: സത്യസന്ധത കൊണ്ട് രാഷ്ട്രീയ എതിരാളികൾ പോലും പുകഴ്ത്തിയിരുന്ന നേതാവായിരുന്നു ഇ അഹമ്മദ് സാഹിബ് എന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊഹിദീൻ പറഞ്ഞു. മുൻ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് സാഹിബിന്റെ പേരിൽ ഇന്ത്യൻ പാർലമെന്റിലെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മസ്കറ്റ് കെഎംസിസി നൽകി വരുന്ന ഇ അഹമ്മദ് എക്സലൻസ് അവാർഡ് ദാന വേദിയിൽ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് സാഹിബ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മാത്രമായിരുന്നില്ല അതിനപ്പുറം ഈ രാജ്യത്തെ എല്ലാവരോടും ഒപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു. ഇന്നത്തെ ബിജെപി സർക്കാരിനുള്ള നേതാക്കന്മാരിൽ മിക്ക ആളുകളും അഹമ്മദ് സാഹിബിനെ പുകഴ്ത്തിയിട്ടുണ്ട്. മൂടി വെക്കാത്ത സത്യസന്ധത ആണ് അതിന് കാരണം. താൻ അഹമ്മദ് സാഹിബിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും അതൊന്നും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
അനുകരണീയവും ആരാലും ഓർമ്മിക്കപ്പെടുകയും ചെയ്യുന്ന സേവനം കാഴ്ചവെക്കുന്ന മസ്കറ്റ് കെഎംസിസി യുടെ മുപ്പത്തിമൂന്നു ഏരിയ കമ്മറ്റികളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ അദ്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ കെഎംസിസി ക്കു സാധിക്കും. എല്ലാവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളും ചെയ്യാൻ ഇന്ത്യയിലെ ജനങ്ങൾക്ക് തോന്നൽ ഉണ്ടാക്കാൻ കെഎംസിസി കാരണം ആകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്തു ലോകത്തുമുഴുവൻ എവിടെയെല്ലാം കെഎംസിസി ഉണ്ടോ അവിടെയെല്ലാം മാതൃകാപരമായ സേവനമാണ് കെഎംസിസി കാഴ്ചവെച്ചത്. ഇ അഹമ്മദിന്റെ പേരിലുള്ള ഈ എക്സലൻസ് അവാർഡ് രമ്യ ഹരിദാസ് എംപിക്ക് നൽകുക വഴി ശരിയായ കരണങ്ങളിലാണ് ഏൽപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ അഹമ്മദ് എക്സലൻസ് അവാർഡ് 2023 ആലത്തൂർ എംപി രമ്യ ഹരിദാസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് എയർപോർട്ടിനു സമീപത്തെ ഹോർമുസ് ഗ്രാന്റ് ഹോട്ടലിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം വേദി യിൽ വച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊഹിദീൻ രമ്യ ഹരിദാസിന് പുരസ്‌കാരം കൈമാറി.
പരിപാടിയിൽ മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് അധ്യക്ഷനായിരുന്നു. കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സ്വാഗതം പറഞ്ഞു. ഗൾഫാർ എഞ്ചിനീയറിംഗ് മാനേജിങ് ഡയറക്ടർ ഡോക്ടർ പി മുഹമ്മദലി, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടറി അംഗം അബ്ദുൽ ലത്തീഫ് ഉപ്പള, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി അബ്ദു സമദ് പൂക്കാട് ഇ അഹമ്മ്ദ് അനുസ്മരണ പ്രസംഗം നിർവഹിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ട്രഷറർ ഷമീർ പി ടി കെ നന്ദി രേഖപ്പെടുത്തി.
Content Highlights: e ahamed as a leader who was praised even by his political opponents says khader mohidin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..