.
ഒഹായോ: ഫിബ്രുവരി 3 ന് പാളം തെറ്റിയ ട്രെയിനിൽ നിന്നും പുറത്തുവന്ന രാസവസ്തുക്കൾ മൂലം ഇതുവരെ ചത്തൊടുങ്ങിയ ജലജീവികളുടെ മരണസംഖ്യ 43,700 കവിഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച 3,500 ജലജീവികൾ ചത്തതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 5 മൈൽ പ്രദേശത്ത് മൊത്തം 43,700-ലധികം മൃഗങ്ങൾ ചത്തൊടുങ്ങിയതായി ഒഹായോ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് ഡയറക്ടർ മേരി മെർട്‌സ് പറഞ്ഞു.
150 കാറുകളുണ്ടായിരുന്ന നോർഫോക്ക് സതേൺ ട്രെയിൻ ഇല്ലിനോയിയിലെ മാഡിസണിൽ നിന്ന് പെൻസിൽവാനിയയിലെ കോൺവേയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതിനിടെയാണ് പാളം തെറ്റിയത്. അപകടത്തിൽ 38 കാറുകൾ പാളം തെറ്റി, അതിനുശേഷം തീപിടിത്തമുണ്ടായി, 12 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ അപകടം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം, അവശിഷ്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാസവസ്തുക്കൾ വായുവിലേക്കും മണ്ണിലേക്കും ജലത്തിലേക്കും കലരുന്നത് തുടരുന്നതായാണ് അറിയുന്നത്.
ശരിയായ ഉപകരണങ്ങളില്ലാതെ വെള്ളത്തിൽ ഇറങ്ങുന്നത് വളരെ അപകടകരമാണെന്ന് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഫിബ്രുവരി 6 മുതൽ 7 വരെ രണ്ട് ദിവസങ്ങളിലായി പരിസ്ഥിതി കൺസൾട്ടന്റ് ഗ്രൂപ്പായ എൻവിറോ സയൻസ് നാല് വ്യത്യസ്ത സൈറ്റുകളിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ട്രെയിൻ പാളം തെറ്റിയതിന്റെ ഫലമായി ഏകദേശം 38,222 ചെറുമത്സ്യങ്ങളും മറ്റ് 5,500 മറ്റിനം മത്സ്യങ്ങളും ഉഭയജീവികളും ജീവജാലങ്ങളും ചത്തുപോകാൻ സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു. സൾഫർ റൺ, ലെസ്ലി റൺ, ബുൾ ക്രീക്ക്, നോർത്ത് ഫോർക്ക് ലിറ്റിൽ ബീവർ ക്രീക്ക് എന്നിവയാണ് ആ എസ്റ്റിമേറ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന മേഖലകൾ.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Train derailed: Aquatic life is dying in droves due to released chemicals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..