ശംഭുമാഷിന്റെ ഓൺലൈൻ യോഗക്ലാസ്
ഞാനിപ്പോള്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് യോഗ സെന്ററിലാണ്. ന്യൂ ജേഴ്‌സിയില്‍ നിന്നും വാട്‌സാപ്പിലൂടെ ക്ലാസ്സിലെത്തിയപ്പൊഴേക്കും ഇന്നത്തെ ക്ലാസ് തുടങ്ങി. ''നമസ്‌കാരം മാഷേ ഞാനിന്ന് കുറച്ച് വൈകി', മാഷ് പറഞ്ഞു,''സാരമില്ല''.
വൈകി ക്ലാസിലെത്തുന്നത് പതിവാണ്. ചിലപ്പോള്‍ മാഷ് 'പണിഷ്‌മെന്റായി' തല കുത്തിനില്‍ക്കാന്‍ (ശീര്‍ഷാസനം എന്ന യോഗവിദ്യ) പഠിപ്പിക്കും. ഞാന്‍ ക്ലാസ്സില്‍ കണ്ണോടിച്ചു. പണ്ട് എലമെന്ററി സ്‌കുളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ വൈകിയെത്തിയാല്‍ പരിചയമുള്ള മറ്റുള്ളവരെത്തിയോ എന്ന് നമ്മള്‍ നോക്കുന്നതുപോലെയായിരുന്നു എന്റെ ചുറ്റിലേക്കുമുള്ള നോട്ടം, പരിചയമുള്ള മറ്റെല്ലാരും ക്ലാസിലെത്തിയോ?
ക്ലാസില്‍ ഇവിടെ ന്യൂജഴ്‌സിയില്‍ നിന്നുള്ള ചെറുകുന്നുകാരിയായ സുഹൃത്ത് ദീപ മുരളിധരനുമുണ്ട്. അന്യോന്യം പരിചയമുള്ള പുറംനാട്ടുകാര്‍ പലരും തിരക്കുപിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും കണ്ടുമുട്ടുന്നത് ഇങ്ങനെയാണ് എന്നത് രസകരമാണ്. ഇത്തിരി ഭാവന ചേര്‍ക്കുകയാണെങ്കില്‍ മാഷിന്റെ ക്ലാസ് ഒരു ഇന്റര്‍നാഷണല്‍ ഹബ്ബ് ആയി മാറുന്നു എന്ന് പറയാം.
'മാഷെ അവര് അമേരിക്കേന്നാ ക്ലാസില് വര്‌ന്നേ?'' എന്ന് ചില 'സഹപാഠി'കള്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
''മോനിപ്പം പഠിക്കാന്‍ തീരെ ശ്രദ്ധയില്ല മാേഷ, എന്തെങ്കിലും വഴീണ്ടോ മാഷെ കയ്യില്?'' ഒരമ്മ യോഗ കഴിഞ്ഞ് അവിടെ മാഷോട് മനസ്സിലെ വിഷമം പറയുന്നു.
''ഉണ്ടല്ലോ'',
മാഷ് പറഞ്ഞു. 'ദിവസവും രാവിലെ നേരത്തേ എണീറ്റ് ഒരു ഇരുപതുമിനിറ്റ് ഞാനീ പറയുന്ന യോഗ ചെയ്യിച്ചാല്‍ മതി''
'ഓന്‍ വളര്‍ന്നില്ലേ ഇപ്പോ ഞാമ്പറീന്നത് തീരെ കേക്കാണ്ടായി മാഷേ''
അമ്മമനസ്സിന്റെ പരാധീനത.
''ഓഹ് അതൊരു പ്രശ്‌നം തന്നെയാണ്'. മാഷ് ഇത് എത്ര കേട്ടിരിക്കുന്നു!
''മാഷ് ഒന്നവനെ ഉപദേശിക്കണം''
അപ്പോഴേക്കും മറ്റൊരാള്‍,''മാഷേ ഞാനിന്നലെ കാസറഗോഡ് പോയിനി''.
''വണ്ടീലാ അല്ല ബസ്സിലാ?''
'ട്രയിനില് മാഷേ കാസറഗോഡ് വരെ'', സ്ത്രീ ശബ്ദം തുടര്‍ന്നു: 'അതിനപ്രം പോണം , ബസ് പിടിച്ചു അങ്ങോട്ട്''
''ന്തേ വണ്ടി അങ്ങോട്ട് പോവൂലാ?''
''പോവും പക്ഷേ, കാസറഗോഡിനപ്രം വണ്ടീല് പോവാന്‍ പേടി മാഷേ , വേറെ ഭാഷക്കാര് കേറും, പിന്നെ വൈന്നേരല്ലേ. അധികം ലേഡീസ് കാണൂല വണ്ടീല്''
''പിന്നെ മാഷറിഞ്ഞില്ലേ ഈയിടെ വണ്ടീല്'', ഞാന്‍ ചെവിയോര്‍ത്തു, ''പത്രത്തിലൊക്കെ ന്യൂസ് വന്നിനി''
പക്ഷേ, പുറത്തുനിന്നും യോഗ സെന്ററിന്റെ തുറന്നിട്ട ജനാലയിലൂടെ യോഗയുടെ ശാന്തി തകര്‍ക്കാന്‍ എന്നപോലെ ഇടയ്ക്കിടെ ഉള്ളിലെത്തുന്ന ഓട്ടോയുടെ നീണ്ട ഹോണടി കാരണം ബാക്കി പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
മാഷ് മൈക്രോസോഫ്റ്റ് ടീംസ് (Teams) എന്ന ടെക്‌നോളജിയും വാട്‌സ്ആപ്പും ഒക്കെയുപയോഗിച്ചാണ് ലോകമെമ്പാടുമുള്ള മലയാളികളെ കാഞ്ഞങ്ങാട് എത്തിക്കുന്നത്. നാട്ടുകാരും മറുനാട്ടുകാരും ഒരേ ക്ലാസില്‍ ഒരേ സമയം. എന്റെ കൂടെ തുടക്കത്തിലെഴുതിയ പോലെ അതേ ക്ലാസില്‍ എനിക്കു പുറമെ ന്യൂജേഴ്‌സിക്കാരും അമേരിക്കയില്‍ നിന്ന് തന്നെ വേറെചിലരും മറ്റുരാജ്യക്കാരുമുണ്ട് കാഞ്ഞങ്ങാടു നിവാസികള്‍ക്കൊപ്പം.
അങ്ങനെ നോക്കുമ്പോള്‍ ടെക്‌നോളജിവഴി കാഞ്ഞങ്ങാട്ടെ ശംഭു മാഷും എന്നെപ്പോലെ ഒരു ഗ്ലോബല്‍ മലയാളി ആയി എന്നുപറയാം. നമ്മള്‍ പുറംലോകത്തെത്തി. മാഷ് കാഞ്ഞങ്ങാടിരുന്നു പുറം ലോകത്തേയ്ക്ക് തലയിട്ട് നോക്കുകയും വിശേഷമറിയുകയും! മാഷിന്റെ മകന്‍ ജോലി ചെയ്യുന്ന കപ്പലില്‍ ലോകം കാണുന്നു, രണ്ടു പെണ്‍കുട്ടികള്‍ മംഗലാപുരം ടെക്‌നോളജി പഠിക്കുന്നു. ഭാര്യ ഈയിടെ അധ്യാപികയായി വിരമിച്ചു. അത്രയുമാണ് മാഷിന്റെ കുടുംബം.
ഞാന്‍ തകൃതിയായ യോഗാഭ്യാസത്തിനിടയില്‍ യോഗാമാഷിന്റെ വാട്ട്‌സ്ആപ്പിലെ യോഗക്ലാസില്‍ അങ്ങനെ നാടും നാട്ടുവിശേഷവും ദിവസവും നിറയുന്നത് അനുഭവിക്കുന്നു. ചിലപ്പോള്‍ ആ സംഭാഷണങ്ങളുടെ ഭാഗമാകുന്നു. അങ്ങനെ മലയാളത്തനിമയോടെ എന്റെ അമേരിക്കന്‍ പ്രഭാതം തുടങ്ങുന്നു.
അതിനിടയില്‍, റേഡിയോ ഉണ്ട് കേള്‍ക്കാന്‍ പ്രാദേശിക വാര്‍ത്തകളുമായി. അല്ലെങ്കില്‍ പഴയ സിനിമാ പാട്ടുകള്‍, പിന്നെ പണ്ടു കേട്ടു മറന്ന നാടകഗാനങ്ങള്‍, യോഗമാഷിന്റെ പഴയ ഒറിജിനല്‍ ഡയല്‍ ചക്രത്തില്‍ തിരിക്കുന്ന അനലോഗ് റേഡിയോ. നൊസ്റ്റാള്‍ജിക് - നൂറുവട്ടം! എനിക്ക് നാട്ടിലെത്തിയ അനുഭൂതിയും സന്തോഷവും പഴയ ജീവിതത്തിന്റെ പുനര്‍ജനിയും. ടെക്‌നോളജി എന്തെല്ലാമോ സാദ്ധ്യമാക്കുന്നു!
ഇതൊക്കെ സാദ്ധ്യമാവുമെന്ന് നമ്മളാരും സ്വപ്നം കണ്ടതു പോലുമല്ല ചെറുപ്പത്തിലൊന്നും എന്ന് ചിന്തിക്കാന്‍ രസമുണ്ട്. ഭൂമിയുടെ മറ്റേ ഭാഗത്തുള്ളയാളെ വെറും ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ നമുക്ക് കാണാം എന്ന് കുട്ടിയെ ഒരു കളിപ്പാട്ടം കാണിച്ച് അവന്റെയച്ഛന്‍ തമാശയ്ക്ക് പറയുന്നു. അത് കേട്ട് മുത്തശ്ശി,
''എന്റീശ്വരാ, ലോകത്ത് നടക്കുന്ന വല്ല കാര്യൂവാണോ നീ പറയുന്ന വിഡ്ഡിത്തം'' എന്ന് ശകാരിക്കുന്നു:
''കുട്ടികളോട് തമാശക്കു പോലും പറയരുത് നടക്കാത്ത കാര്യം''
- കുറേ വര്‍ഷം മുമ്പ് കോളജില്‍ പഠിക്കുന്ന കാലം ഞാനെഴുതിയ ഒരു ചെറുകഥയില്‍ നിന്നാണ്.
ഇന്നെനിക്ക് പറയാം, എന്റീശ്വരാ, കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് തന്നെ ഈ ലോകം എത്രമാറി! ഇന്ന് ഞാന്‍ ദിവസവും അമേരിക്കയില്‍ ഉറക്കമുണരുമ്പോള്‍ കണികാണുന്ന ആളാണ് ശംഭു നമ്പൂതിരി എന്ന ഞങ്ങളുടെയെല്ലാം യോഗമാഷ്. ഉറക്കമുണര്‍ന്നാലുടന്‍ തുടങ്ങുന്ന എന്റെ യോഗക്ലാസ്, അതിന് വാട്ട്‌സാപ്പ് വീഡിയോയില്‍ എല്ലാദിവസവും യോഗമാഷ് റെഡി. സാധാരണക്കാര്‍ക്ക് യോഗ പഠിപ്പിക്കാന്‍ ജീവിതം മുഴുവന്‍ നീക്കിവച്ച ഒരു അസാമാന്യ മനുഷ്യന്‍. ആയിരക്കണക്കിന് നാട്ടുകാര്‍ക്ക് യോഗയിലൂടെ ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കിയ അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട് ആനന്ദാശ്രമം.
അപ്പോള്‍ തുടക്കത്തില്‍ എഴുതിയതു പോലെ ഈ ക്ലാസ്, യോഗപഠനത്തോടൊപ്പം ഒരുമണിക്കൂര്‍ നേരം നാട്ടുവിശേഷങ്ങള്‍ നേരിട്ട് കേട്ട് മനസ്സിലാക്കാനുള്ള അവസരം കൂടിയാണെനിക്ക്. വിശേഷങ്ങളെന്തോക്കെയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളറിയും ഞാന്‍ രാത്രിയുറങ്ങുമ്പോള്‍ എത്രയും വേഗം രാവിലെയാകാനും നേരത്തേ ഉറക്കമുണരാനും എന്തിനാണ് ദിവസവും ഇത്ര ധൃതിപിടിക്കുന്നതെന്ന്.
നാട്ടിലേക്ക് ദിവസവും ഒരു മനോഹര യാത്ര. നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ എത്രയും വേഗം കേരളത്തിലെത്താന്‍ തുടിക്കുന്ന പ്രവാസിയുടെ മനസ്സുണ്ടല്ലോ, അത് ദിവസവും ഓരോ രാത്രിയിലും നാളെ കാലത്ത് ഫ്ളൈറ്റില്‍ കേരളത്തിലിറങ്ങുന്ന പ്രതീതി എന്റെയുള്ളില്‍. ഉറക്കമെഴുന്നേറ്റാല്‍ കൃത്യമായി ഫോണില്‍ വാട്‌സാപ്പ് എന്നെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിക്കുകയാണ്! സൂര്യനമസ്‌കാരത്തില്‍ ജീവിതം തുടങ്ങുന്നു. പുതിയ ഐറ്റങ്ങളില്‍ തെറ്റുപറ്റുമ്പോള്‍ മാഷ് വാട്‌സാപ്പ് വഴി ശരി കാണിച്ചുതരുന്നു.
'ഞാന്‍ യോഗ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തൊരു ഇഷ്ടക്കേടായിരുന്നു അതിനോട്, ഇപ്പോള്‍ ഇത് ഒരു ദിവസമെങ്കിലും നിര്‍ത്തേണ്ടിവന്നാല്‍ നിങ്ങള്‍ക്ക് വലിയ വിഷമമാണല്ലോ' എന്ന് സഹധര്‍മിണി ചിലപ്പോഴൊക്കെ തമാശയായി പറയും. എനിക്ക് രക്തസമ്മര്‍ദം അല്‍പ്പം കൂടുതലാണ്, കുറഞ്ഞില്ലെങ്കില്‍ മരുന്നു വേണ്ടിവരും എന്ന് എന്റെ ഇവിടുത്തെ കുടുംബഡോക്ടര്‍ ഉപദേശിച്ചതും, പിന്നെ പ്രായം കൂടുന്നതിനനുസരിച്ച് വയറിത്തിരി ഫുട്‌ബോള്‍ രൂപത്തില്‍ പുരോഗമിക്കുന്നതുമാണ് എന്നെ യോഗാമാഷിലെത്തിച്ച രണ്ടു കാരണങ്ങള്‍.
മൂന്നാമതൊരു കാരണം 30 വര്‍ഷങ്ങളോളം സ്ഥിരമായി ഓടാന്‍പോകുമായിരുന്ന എനിക്ക് അടുത്തിടെയായി ഓടുമ്പോഴൊക്കെ കാല് വണ്ണം വയ്ക്കുകയും ഒരിക്കല്‍ നീരു വരികയും ചെയ്തപ്പോള്‍ ഓട്ടം നിര്‍ത്തേണ്ടിവന്നതാണ്. ഏറ്റവും സങ്കടപ്പെടുത്തിയത് മൂന്നാമത്തെ കാരണമായിരുന്നു. എന്റെ സഹധര്‍മിണി മുന്‍പൊരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ശംഭുമാഷിന്റെ സ്ഥാപനത്തില്‍ പോയി നേരിട്ട് യോഗ പഠിച്ചിരുന്നു. അവളാണ് മേല്‍പറഞ്ഞ മൂന്നു പ്രശ്‌നങ്ങള്‍ക്കും യോഗ ഫലപ്രദമാവുമെന്നു പറഞ്ഞ് ആഴ്ചകളോളം എന്നെ നിര്‍ബന്ധിച്ച് യോഗമാഷിനെ പരിചയപ്പെടുത്തി ഒടുവില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കെണ്ടിരുത്തിയത്.
മിഠായിയും കളിപ്പാട്ടവും തരാം, യോഗ ചെയ്യുമോ?
പഠിക്കാന്‍ താല്പര്യമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മിഠായിയും കളിപ്പാട്ടവുമൊക്കെ കൊടുത്ത് എഴുത്താശാന്റെമുന്നിലിരുത്തുന്നപോലെ കഷ്ടപ്പെടേണ്ടി വന്നു അവള്‍ക്ക് തുടക്കത്തില്‍ എന്നെക്കൊണ്ട്. എനിക്ക് ഒട്ടും താല്‍പര്യമില്ലെന്നാലും ഭാര്യയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധം ഒന്നു കൊണ്ടുമാത്രം മാഷെ വിളിച്ചതാണ് എന്ന് മടികൂടാതെ തുറന്ന് പറഞ്ഞ് യോഗക്ലാസ് ആരംഭിച്ചു. സത്യസന്ധതയോടെ തുടങ്ങി എന്നും പറയാം.
മാഷിന്റെ ലളിതവും സന്തോഷവും ഉണര്‍വും തരുന്ന ചില ക്രിയകളിലൂടെയുള്ള എളുപ്പ വിദ്യകള്‍ എന്നെ എല്ലാദിവസവും പുലര്‍ച്ചെയെഴുന്നേറ്റ് വളരെ കൃത്യനിഷ്ടയോടെ യോഗ ചെയ്യുന്നതിലേക്ക് നയിച്ചു. യോഗ എന്നത് ഇപ്പോള്‍ ഇഷ്ടങ്ങളുടെ കൂട്ടത്തിലും. ശ്രീമതിക്ക് ആദ്യ ദിവസങ്ങള്‍ മാത്രമെ നിര്‍ബന്ധിക്കേണ്ടി വന്നുള്ളു. പിന്നെയവള്‍ പരാതി പറയുന്നിടത്തെത്തി എന്റെ അഭ്യാസവും നിരന്തരമായ പ്രാക്ടീസും, ''ഇതിപ്പോ സമയം കിട്ടുമ്പോഴൊക്ക യോഗയാണല്ലോ''എന്നായി. ഫലമുണ്ടായി ! ഏകദേശം മൂന്നുമാസം കൊണ്ട്
മുകളിലെഴുതിയ എന്റെ മൂന്നുപ്രശ്‌നങ്ങള്‍ക്കും മാഷ് പരിഹാരമുണ്ടാക്കി. പ്രിയപ്പെട്ട സഹധര്‍മിണിയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധം ഉപകാരമായി, ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും എന്നാണല്ലോ, നെല്ലിക്കപോലെ. നന്ദി പറയാന്‍ വാക്കുകളില്ല അവളോടും മാഷിനോടും.
ആഗ്രഹിച്ചതിലധികം ഗുണം കിട്ടി എന്നും പറയാം.
1) ദിവസവും ജോലിത്തിരക്കില്‍ തലവേദന വരുന്നതിന് ശമനം. റ്റൈലിനോള്‍ ഗുളിക കഴിക്കേണ്ടി വരുന്നത് വളരെ അപൂര്‍വമായി മാറി.
2) ജോലിസമയത്ത് ചിലപ്പോള്‍ അലസതയും അശ്രദ്ധയും തോന്നുന്നത് ഇല്ലാതായി. രാവിലെ 5 മുതല്‍ 6 വരെ ചെയ്യുന്ന യോഗ ദിവസം മുഴുവന്‍ ഉന്മേഷം പകരാന്‍ തുടങ്ങി. ഉച്ചയ്ക്കുശേഷം ക്ഷണിക്കാത്ത അതിഥിയായി ഉറക്കം വരുന്നത് (ഉച്ചമയക്കം എന്ന തലവേദന) പൂര്‍ണമായും നിന്നു.
3) ചെയ്യുന്നകാര്യങ്ങളിലൊക്കെ കൂടുതല്‍ ശ്രദ്ധ, കൂടുതല്‍ ആത്മവിശ്വാസം. കൂടുതല്‍ ഓര്‍മശക്തി. ഇതിന്റെ പര്‍ശ്വഫലമാണ് പഴയകാലവും അനുഭവങ്ങളും തിരിച്ചുവന്നതും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുറേയെഴുതി പോസ്റ്റ് ചെയ്യുന്ന പരിപാടി ദിനചര്യയുടെ ഭാഗമായതും.
എല്ലാറ്റിനുംപുറമെ ഇത് കേരളത്തിലേക്കുള്ള ഒരു നിത്യയാത്രയുമായി. ഞാനാദ്യം വിവരിച്ചതുപോലെ. പുറത്ത് റോഡിലെ ആള്‍ക്കാരുടെ ബഹളം ചിലസമയത്ത്, വാഹനങ്ങളുടെ ശബ്ദവും തുരുതുരായുള്ള ഹോണടിയും പലപ്പോഴും. ഇടയില്‍ മാഷിന് കോള്‍ വരുന്നു. ചിലപ്പോള്‍ എന്റെ വാട്‌സാപ്പ് കണക്ഷന്‍ ഡ്രോപ്പ് ആവുന്നു, നെറ്റ് കമ്മിയെന്നു പറഞ്ഞ് മാഷ് ഫോണ്‍ ക്ലാസിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നു. ഇടയില്‍ പലര്‍ക്കും യോഗയുടെ ക്രിയകള്‍ കാണിച്ചു കൊടുക്കുന്നു. വേണ്ടിവരുമ്പോള്‍ ക്യാമറ ഫോക്കസ് ചെയ്ത് എനിക്കുവേണ്ടിയും.
ക്ലാസില്‍ മാഷ് മിക്കദിവസവും നാട്ടിലെ റേഡിയോ തുറന്നുവയ്ക്കും നേരത്തെ എഴുതിയപോലെ, പ്രാദേശികവാര്‍ത്തകളും പഴയഗാനമഞ്ജരിയും കേരളത്തില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് ഒഴുകിയെത്തും. പിന്നെ മാഷ് ചില കുടംബകാര്യങ്ങള്‍ പരാമര്‍ശിക്കും, നാട്ടിലെയും അമേരിക്കയിലെയും സംഭവങ്ങളുടെ സാമ്യവും അന്തരവും ഞങ്ങള്‍ താരതമ്യം ചെയ്യുകയും ചെയ്യും.
പലര്‍ക്കും പ്രശ്‌നപരിഹാരത്തിന് ഒരത്താണിയാണ് ശംഭു മാഷും യോഗയും. മാഷിന്റെ സ്ഥാപനത്തിലേക്ക് പഠിക്കാന്‍ എത്തുന്ന പലതരത്തിലുള്ള നാട്ടുകാര്‍ ഇടയ്ക്കിടെ ഫോണിന്റ സ്‌ക്രീനില്‍ തെളിയും. പലരും കുടുംബപ്രശ്‌നങ്ങളും മറ്റു കഷ്ടതകളും പറഞ്ഞുതീര്‍ക്കാനുള്ള ഒരത്താണിയാണ് യോഗക്ലാസ് എന്ന് കരുതുന്നതുപോലെ തോന്നും.
''മാഷേ, ഇന്നലെ ഉറങ്ങുമ്പോള്‍ കഴുത്ത് ഉളുക്കി''
''കാലിന്റെ മുട്ടിനു കീഴെ ഒരു വേദന മാഷേ''
''ഭക്ഷണം കഴിച്ചാല്‍ തുടങ്ങും'' എന്നിങ്ങിനെ പോയി,
''എപ്പൊഴും മടിയാണ്, മാഷ് ഒന്നിയാളെ ഉപദേശിക്കണം'', പിന്നെ,
''മാഷേ ഇവന് പഠനത്തില്‍ തീരെ കോമ്#സണ്‍ട്രേഷന്‍ ഇല്ല''
''മാഷേ അവളുടെ പ്രശ്‌നം പറഞ്ഞാല്‍ തീരില്ല, മാഷ് ഒരു വഴി കാണിച്ചു തരണം''
എന്നിങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രശ്‌നങ്ങളുടെ ഘോഷയാത്രനിറഞ്ഞ ജീവിതം.
അതൊക്കെ കേള്‍ക്കുമ്പോള്‍ തല്‍ക്കാലമെങ്കിലും ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തതെന്റെ ഭാഗ്യം എന്ന സമാധാനത്തില്‍ തുടങ്ങുന്ന എന്റെ പ്രഭാതം. അതിനൊക്കെ ശംഭുമാഷ് എന്തെങ്കിലുമൊരു വിദ്യ പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കുന്നത് അതിലും കൗതുകം. നാട്ടില്‍ എപ്പൊഴും സ്ട്രസ്സടിച്ച് തിരക്കുപിടിച്ചു നടക്കുന്ന മനുഷ്യരുടെയിടയിലെ ഒരു ശാന്തജീവിയാണ് ശംഭുമാഷ്. ചിലര്‍ക്ക് മാഷ് ഡോക്ടറാണെന്നു തോന്നും, അസുഖങ്ങള്‍ക്ക് പലതിനും മാഷ് യോഗവഴിയുള്ള പ്രതിവിധി നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയോടെ കേട്ടാല്‍. ടെക്‌നോളജിയുടെ മാസ്മരികത, ശംഭു മാഷ്അതുക്കും മേലെ!
Content Highlights: shambhu mash yoga class in kerala makes huge change and can participate through whatsapp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..