.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരെ അഭിനന്ദിച്ച് ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക്. അമേരിക്കയില്‍ 45 ലക്ഷത്തോളം ഇന്ത്യന്‍ വംശജരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതായത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ 1.4%. 33.3 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ മൊത്തം നികുതിയുടെ ആറ് ശതമാനവും അടക്കുന്നത് ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം നികുതിയിനത്തില്‍ ഇന്ത്യന്‍ വംശജരില്‍ നിന്ന് ലഭിച്ചത് 294 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരുടെ പെരുമാറ്റത്തേയും സ്വഭാവ രീതികളേയും അദ്ദേഹം അഭിനന്ദിച്ചു. നിയമം അനുസരിച്ച് നിയമത്തിന് വിധേയരായി ജീവിക്കുന്നവരാണ് ഇന്ത്യന്‍ വംശജര്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അവര്‍ മുന്‍പന്തിയിലാണ്. അമേരിക്കയിലുള്ള 43% ഇന്ത്യക്കാരും ബിരുദാനന്ദര ബിരുദമുള്ളവരാണ്. ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്നതും ഇന്ത്യന്‍ വംശജര്‍ തന്നെയാണ്. ജോലിയില്‍ അവര്‍ വളരെ ആത്മാര്‍ത്ഥത കാണിക്കുന്നു. അത്ര തന്നെ ആത്മാര്‍ത്ഥമായി അവര്‍ കുടുംബത്തേയും പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വംശജര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുമായുള്ള വാര്‍ത്തകള്‍ കേള്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും അതുമൂലം രോഗികളായും ഇന്ത്യന്‍ വംശജര്‍ ആരും തന്നെ ആശുപത്രിയില്‍ വരാറില്ലെന്നും ഡോക്ടര്‍ കൂടിയായ റിച്ച് മക്കോര്‍മിക്ക് പറഞ്ഞു. രാജ്യത്തെ മികച്ച പൗരന്മാരില് ഉള്‍പ്പെടുന്നവരാണ് ഇന്ത്യന്‍ വംശജരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കാര്യമായി പരിഗണിക്കുന്ന കുടിയേറ്റ പരിഷ്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നിയമം പരിഷ്കരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കു ഗ്രീന്‍ കാര്‍ഡ് വേഗത്തില്‍ ലഭ്യക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തിലേറെ യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈന്‍ കോര്‍പ്സിലും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിയിലും സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക്. മറൈന്‍ കോര്‍പ്സില്‍ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന അദ്ദേഹം നാവികസേനയില്‍ കമാന്‍ഡര്‍ പദവിയിലും എത്തിയിരുന്നു. 1990 ല്‍ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് ബിരുദം നേടിയ റിച്ചാര്‍ഡ് 1999 ല്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദവും 2010 ല്‍ മോര്‍ഹൗസ് സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിനും നേടി. എമര്‍ജന്‍സി ഫിസിഷ്യന്‍ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റാണ്. ഈ ദമ്പതികള്‍ക്ക് ഏഴ് മക്കളുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: republican leader Dean Maccormic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..