.
ഹണ്ട്‌സ്‌വില്ല (ടെക്സാസ്): 30 വർഷങ്ങൾക്ക് മുമ്പ് ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേരെ മയക്കുമരുന്ന് കവർച്ചക്കിടെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനെ ടെക്സസ്സിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. 52 കാരനായ ആർതർ ബ്രൗൺ ജൂനിയറിനെയാണ് ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പ്രിസണിൽ മാർച്ച് ഒമ്പതിന് വൈകുന്നേരം മാരകമായ വിഷ മിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്. കുത്തിവെപ്പ് സ്വീകരിക്കുന്നതിന് മുമ്പ് താൻ നിരപരാധിയാണെന്ന് പ്രതി ആവർത്തിച്ചു.
വധശിക്ഷ നിർത്തലാക്കണമെന്ന ബ്രൗണിന്റെ അഭിഭാഷകരുടെ അപ്പീൽ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ബുദ്ധിവൈകല്യമുള്ളതിനാൽ ബ്രൗണിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും അവർ വാദിച്ചിരുന്നു.
ഈ വർഷം ടെക്‌സാസിൽ വധശിക്ഷയ്‌ക്ക് വിധേയമാക്കുന്ന അഞ്ചാമത്തെ തടവുകാരനാണ് ബ്രൗൺ. യുഎസിലെ ഒമ്പതാമത്തെ തടവുകാരനുമാണ്. കഴിഞ്ഞ ചൊവ്വാഴ്‌ച ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ പ്രതി ഗാരി ഗ്രീന്റെ വധശിക്ഷ ടെക്സാസ്സിൽ നടപ്പാക്കിയിരുന്നു.
ടെക്‌സാസിൽ നിന്ന് അലബാമയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ബ്രൗൺ. 32 കാരനായ ജോസ് തോവർ, ഭാര്യയുടെ 17 വയസ്സുള്ള മകൻ ഫ്രാങ്ക് ഫാരിയസ്, റേച്ചൽ തോവറിന്റെ മറ്റൊരു മകന്റെ ഗർഭിണിയായ കാമുകി 19 വയസ്സുള്ള ജെസിക്ക ക്വിനോൻസ്, ഒപ്പം 21 വയസ്സുള്ള അയൽവാസിയായ ഓഡ്രി ബ്രൗണ്‍ എന്നിവരാണ് മയക്കുമരുന്ന് മോഷണത്തിനിടെ കൊല്ലപ്പെട്ടത്.
നാലുപേരെയും കെട്ടിയിട്ട് തലയ്ക്ക് വെടിവെച്ച നിലയിലായിരുന്നു. റേച്ചൽ തോവറിനും മറ്റൊരാൾക്കും വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ജോസ് തോവറിൽനിന്നും ഭാര്യ റേച്ചൽ ടോവറിൽനിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നതായും അധികൃതർ പറഞ്ഞു.
വെടിവയ്പ്പിലെ ബ്രൗണിന്റെ കൂട്ടാളികളിലൊരാളായ മരിയോൺ ഡഡ്‌ലിയെ 2006-ൽ വധിച്ചു. മൂന്നാമത്തെ പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Death sentence, Texas, Drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..