.
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് മഹാമാരി മൂലമുള്ള ചികിത്സാ കാലതാമസം പരിഹരിക്കാന്‍ പുതിയ 19 ഡയഗ്നോസ്റ്റിക് സെന്ററുകള്‍ കൂടി കമ്മ്യൂണിറ്റികളില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനകം തുറന്ന തൊണ്ണൂറ്റി ഒന്ന് ഡയഗ്നോസ്റ്റിക് സെന്ററുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ 24 ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും ഇവിടെ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പുതിയ കേന്ദ്രങ്ങള്‍ രോഗികള്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുകയുംമെന്നും അതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനും കഴിഞ്ഞേക്കും. ബ്രിട്ടനില്‍ 70 ലക്ഷം ആളുകള്‍ ഇപ്പോള്‍ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ സാധാരണ ഓപ്പറേഷനുകള്‍ക്കായി രണ്ട് വര്‍ഷത്തിലധികം കാത്തിരിക്കുന്നവരുടെ എണ്ണം ജനുവരി മുതല്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സ്വകാര്യമേഖലയിലെ ശേഷി കൂടി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതിന് അക്കാദമിക് വിദഗ്ധരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു ടാസ്ക്ഫോഴ്സ് ബ്രിട്ടന് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചു. കഴിഞ്ഞ ദിവസം നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ ടാസ്ക് ഫോഴ്സിന്റെ യോഗം ചേര്‍ന്നിരുന്നു.
രോഗികളുടെ കണ്ണ്, കാല്‍മുട്ട്, ഇടുപ്പ് എന്നിവയ്ക്കുള്ള ഓപ്പറേഷനുകളുടെ എണ്ണം വേഗത്തിലാക്കാനും ആശുപത്രി തിയേറ്ററുകള്‍, ഐ പി, ഒ പി ക്രമീകരണങ്ങളുടെ ഉപയോഗം പരമാവധിയാക്കാനുമുള്ള സ്വകാര്യ ആശുപത്രികളുമായുള്ള സഹകരണം എന്നിവ ടാസ്ക് ഫോഴ്സിന്റെ മുഖ്യ പരിഗണനയില്‍ ഉണ്ട്. ചികിത്സയ്ക്കായുള്ള ബ്രിട്ടന് ജനതയുടെ കാത്തിരിപ്പിന് അവസാനം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടാസ്ക് ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
പുതിയ സംവിധാനത്തില്‍ ജിപിമാര്‍ക്ക് രോഗികളെ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളിലേക്ക് റഫര്‍ ചെയ്യാന്‍ കഴിയും. അതിലൂടെ അവര്‍ക്ക് ജീവന് രക്ഷാ ചെക്കുകളും സ്കാനുകളും നടത്താനും ആശുപത്രിയിലേക്ക് യാത്രചെയ്യാതെ തന്നെ രോഗനിര്‍ണയം നടത്താനും കഴിയും. 2023 ഏപ്രില്‍ മാസത്തോടെ ഭാഗികമായും 2025 ഏപ്രില്‍ മാസത്തോടെ പൂര്‍ണ്ണമായും ചികിത്സ ആവശ്യമായവരുടെ കാത്തിരിപ്പ് ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ബ്രിട്ടന് സര്‍ക്കാരിന്റെ പ്രതീക്ഷ.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: new diagnostic center
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..