.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളികള്‍ ആവേശത്തോടെ ആസ്വദിക്കാന്‍ കാത്തിരിക്കുന്ന കലാവേദി സംഗീത സായാഹ്നംജൂണ്‍ 3 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അരങ്ങേറാന്‍ തയ്യാറായിരിക്കുന്നു. ഫ്‌ളോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (Irwin Altman Auditorium (PS 172) 81-14 257th Street, Floral Park, NY) നവീന സാങ്കേതിക വിദ്യകളോടെ വ്യത്യസ്ത ശൈലിയില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത മാമാങ്കം ക്രമീകരിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് സൂം പ്ലാറ്റുഫോമിലൂടെ ഫോമയുമായി സഹകരിച്ച് കലാവേദി അവതരിപ്പിച്ച 'സാന്ത്വന സംഗീതം' എന്ന പരിപാടി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. അതിലൂടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവിടെത്തന്നെ ജനിച്ചുവളര്‍ന്ന സംഗീത വാസനയുള്ള ധാരാളം കുട്ടികളെ കൈപിടിച്ചുയര്‍ത്തുവാന്‍ കലാവേദിക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്.
പഴയകാല മലയാള സംഗീതജ്ഞരുടെ ഗാനങ്ങളിലൂടെ ഊഴ്ന്നിറങ്ങി അതിലെ താളലയങ്ങളെ അപഗ്രഥിച്ച് സംഗീത വിരുന്നൊരുക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള കോളേജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ശബ്ദത്തെ മറികടക്കുന്ന ശബ്ദസാന്ദ്രതയുള്ള ഗായിക അപര്‍ണ്ണ ഷിബു, അനുഗ്രഹീത ഗായികമാരായ സാറാ പീറ്റര്‍, സ്‌നേഹാ വിനോയ്, നന്ദിത തുടങ്ങിയ ഭാവിയുടെ വാഗ്ദാനങ്ങളായ ഗായകരാണ് ഈ സംഗീത മാമാങ്കം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.
വിജു ജേക്കബ് (കീ ബോര്‍ഡ്), ജോര്‍ജ് ദേവസ്സി (വയലിന്‍), ക്ലെമന്റ് (ഗിറ്റാര്‍), വിനോയ് ജോണ്‍ (ബാസ്സ് ഗിറ്റാര്‍), സന്തോഷ് മാടമ്പത്ത് (ഫ്‌ലൂട്ട്), ജോണ്‍ വി.സി. (ഡ്രംസ്), നോയല്‍ മണലേല്‍ (സാക്ള്‍സാഫോണ്‍), ലാല്‍ജി (തബല) എന്നീ പ്രഗത്ഭരുടെ മേല്‍നോട്ടത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്ര ടീം സംഗീത സായാഹ്നത്തെ കൂടുതല്‍ ഉണര്‍വുള്ളതാക്കുന്നു.
നല്ലൊരു കലാകാരനായ സിബി ഡേവിഡിന്റെ നേതൃത്വത്തില്‍ മുന്നേറുന്ന കലാവേദി 'അതിരുകള്‍ക്കുമപ്പുറം' എന്ന ആപ്ത വാക്യത്തോടെ കലയും കാരുണ്യവും സമന്വയിപ്പിച്ച് 2004-ല്‍ സ്ഥാപിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ലോങ്ങ് ഐലന്‍ഡ് ഭാഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. നമ്മുടെ പുതുതലമുറയില്‍പ്പെട്ട വളര്‍ന്നു വരുന്ന കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്കു വേണ്ടി കൂടുതല്‍ വേദികളൊരുക്കി അവരുടെ സര്‍ഗ്ഗ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനും അവരെ പൊതു സമൂഹത്തിലെത്തിക്കുന്നതിനും കലാവേദി പ്രത്യേകം ഊന്നല്‍ കൊടുക്കുന്നു.
കലാവേദിയുടെ ശനിയാഴ്ചത്തെ സംഗീതമേളയ്ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പിന്തുണയുമായി കലാസ്‌നേഹികള്‍ മുന്നോട്ടു വരുന്നതിന്റെ ആവേശത്തിലാണ് സംഘാടകര്‍. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും ധാരാളം ആളുകള്‍ ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്.
ടിക്കറ്റ് ഹാജാരാക്കി പ്രവേശനം നേടുന്നവര്‍ക്ക് മാത്രമായി ഒരു റാഫിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറ് ഡോളര്‍ വില മതിപ്പുള്ള ഒരു സമ്മാനമാണ് കൊടുക്കുന്നത്. ടിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും, ടിക്കറ്റെടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കും റാഫിളില്‍ പങ്കെടുക്കാന്‍ അവകാശമില്ല.
കലാവേദിയുടെ പ്രവര്‍ത്തന ലക്ഷ്യം മാനവികതയാണ്. കലയിലൂടെ സേവനവും മാനവികതയും എന്ന ആശയം അടിസ്ഥാനമാക്കി അമേരിക്കയിലും കേരളത്തിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കലാവേദിയുടെ നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിബി ഡേവിഡാണ് കലാവേദിയുടെ ചെയര്‍മാന്‍. സജി മാത്യു (പ്രസിഡന്റ്), മാമ്മന്‍ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ലാലു മാത്യു (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മന്‍ (ട്രഷറര്‍), ബിജു ശാമുവേല്‍ (ജോയിന്റ് ട്രഷറര്‍), ഷാജു സാം (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍), ക്രിസ് തോപ്പില്‍ (എക്‌സ് ഒഫിഷിയോ) എന്നിവരാണ് ഈ വര്‍ഷത്തെ ഭാരവാഹികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 917-353-1242.
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
Content Highlights: kalavedhi ganasandhya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..