ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ മത്സരങ്ങള്‍ സിലിക്കോണ്‍ വാലിയില്‍ മെയ് 27,28 തീയതികളില്‍


തമ്പി ആന്റണി

3 min read
Read later
Print
Share

.

മുപ്പത്തിമൂന്നു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ടെക്നോളജിയുടെ പറുദീസയായ സാന്‍ ഫ്രാന്‍സിസ്‌കോ സിലിക്കോണ്‍ വാലിയില്‍ ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും പന്ത്രണ്ടിലധികം ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരങ്ങള്‍ കാണാന്‍ അമേരിക്കയുടെ നാനാഭാഗത്തുമുള്ള വോളിബോള്‍ പ്രേമികള്‍ എത്തുമെന്നു പ്രതീഷിക്കുന്നു. എല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വോളിബോള്‍ മാമാങ്കം മെയ് 27, 28 തീയതികളിലാണ്.

'ജിമ്മി ജോര്‍ജ്ജ്' എന്ന പേരു കേട്ടാല്‍ സാധാരണക്കാരായ പുതിയ തലമുറയ്ക്ക് അത്ര പരിചയമൊന്നും തോന്നാനിടയില്ല. പക്ഷേ, വോളിബോള്‍ കളിക്കുന്നവരും മലയാളികളും എന്നെന്നും ഓര്‍മിക്കുന്ന ഒരു പേരാണത് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കാര്‍ക്കു ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നതുപോലെതന്നെയായിരുന്നു ഇന്ത്യന്‍ വോളിബോളിന്, കേരളത്തിന്റെ അഭിമാനമായ ജിമ്മി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ രംഗപ്രവേശത്തോടുകൂടി വോളിബോളില്‍ ഇന്ത്യയുടെ സുവര്‍ണകാലം ആരംഭിച്ചു എന്നുതന്നെ പറയാം.

ഹോക്കിയിലൊഴിച്ച് ഇന്ത്യ ഏതെങ്കിലും മത്സരത്തില്‍ രാജ്യാന്തരനിലവാരത്തില്‍ ആദ്യമായി കളിച്ചത് 1986 ല്‍, സൗത്ത് കൊറിയയിലെ സോളില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസിലെ വോളിബോളിലായിരുന്നു. ഇന്ത്യ അതിശക്തരായ ജപ്പാനെയാണ് അന്നു നിലംപതിപ്പിച്ചത്.

1974 ല്‍, പത്തൊന്‍പതാമത്തെ വയസ്സില്‍, ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലാണ് ജിമ്മി ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വളരെ നേരിയ വ്യത്യാസത്തിലാണ് അന്ന് ഇന്ത്യ പുറത്തായത്. ജിമ്മിയായിരുന്നു കളിയുടെ സൂത്രധാരന്‍. അന്നത്തെയും അതുകഴിഞ്ഞുള്ള മത്സരങ്ങളിലെയും പ്രകടനങ്ങളാണ്, ജിമ്മിയെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍, ഇന്ത്യയുടെ പരമോന്നതകായികബഹുമതിയായ അര്‍ജ്ജുന അവാര്‍ഡ്, വോളിബോളില്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാക്കിയത്. രാജ്യാന്തരമത്സരങ്ങളില്‍ ജിമ്മിക്കു മുമ്പും ശേഷവും, വോളിബോളില്‍ അത്രയധികം നേട്ടങ്ങള്‍ നാം നേടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്.

പേരാവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍, ജോസഫ് ജോര്‍ജ്ജിന്റെയും മേരിയുടെയും എട്ട് ആണ്‍മക്കളില്‍ രണ്ടാമത്തെ മകനായി 1955 മാര്‍ച്ച് 8 നാണ് ജിമ്മിയുടെ ജനനം. അപ്പന്‍ ജോസഫ്, മദ്രാസ് യൂണിവേഴ്സിറ്റി വോളിബോള്‍ താരമായിരുന്നു. ജിമ്മി വോളിബോള്‍ താരം മാത്രമായിരുന്നില്ല. മറ്റു സ്പോര്‍ട്സ് വിഭാഗങ്ങളിലും ചെസ്സിലും യുണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. പുകവലിയോ മദ്യപാനമോ ഇല്ലായിരുന്നു. എന്നു മാത്രമല്ല, പഠനത്തിലും അതീവസമര്‍ത്ഥനായിരുന്ന ജിമ്മി ഇന്നത്തെ സ്പോര്‍ട്സ് താരങ്ങള്‍ക്ക് ഒരു മാതൃകയാണ്.

എനിക്ക് ജിമ്മിയുടെ കളി കാണാനുള്ള ഭാഗ്യം സിദ്ധിച്ചത്, പാലാ നാഷണല്‍ ഗെയിംസില്‍ അദ്ദേഹം തമിഴ്നാടുമായി ഫൈനല്‍ കളിച്ചപ്പോഴാണ്. അന്ന് നൂറ്റിരണ്ടു ഡിഗ്രി പനിയുമായി, മുഴുവന്‍ നേരം കളിക്കാതിരുന്നതുകൊണ്ടു മാത്രം നമ്മള്‍ പരാജയപ്പെട്ടു. അതു കാണികളെയെല്ലാം നിരാശപ്പെടുത്തി. മൂന്നു മലയാളികളാണ് അക്കാലങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ജിമ്മിയുടെ മൂത്ത സഹോദരന്‍ ജോസ് ജോര്‍ജ്ജും ഗോപിനാഥും ജിമ്മി ജോര്‍ജ്ജും. അവര്‍ മൂന്നുപേരും അന്നു കേരളാ യൂണിവേഴ്സിറ്റിയിലും കേരളാ സ്റ്റേറ്റിലും ഒരേ സമയം കളിക്കുന്ന താരങ്ങളായിരുന്നു.

റഷ്യന്‍ ടീമുമായി കളിച്ചപ്പോള്‍, അവരുടെ കോച്ചാണ് ജിമ്മിയുടെ, ലോകനിലവാരമുള്ള കഴിവുകള്‍ കണ്ടെത്തിയത്. അദ്ദേഹമാണ് ആദ്യമായി ജിമ്മിയോട് ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളില്‍പ്പോയി കളിക്കണമെന്നു നിര്‍ദ്ദേശിച്ചത്. 1979 ല്‍, ആദ്യമായി കളിച്ചത് അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയാണ്. അവിടെ കളിച്ചപ്പോഴാണ്, ഏറ്റവും നല്ല കളിക്കാരനുള്ള പേര്‍ഷ്യന്‍ പ്ലെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. അതിനുശേഷം ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1987 നവംബര്‍ 30 ന് വാഹനാപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് അതിദാരുണമായി മരണപ്പെട്ടത്.

നമ്മുടെ വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം, മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുന്നത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ജിമ്മി ജോര്‍ജ്ജിന്റെ പേരില്‍ ഇറ്റലിയിലെ ബ്രാസിക്ക പ്രോവിന്‍സില്‍ 1993 ല്‍ പണി കഴിപ്പിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, അദ്ദേഹത്തോടുള്ള അവരുടെ ആദരവിന്റെ സൂചകമാണ്. ഇന്ത്യക്കു പുറത്ത് ആരുടെയെങ്കിലും പേരില്‍ അങ്ങനെയൊരു സ്റ്റേഡിയം ഇനിയുണ്ടാകുമോ എന്നു സംശയമാണ്; വിശേഷിച്ച്, ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കുന്ന പുതിയ തലമുറയെ കാണുമ്പോള്‍!

ജിമ്മിയെപ്പറ്റി ഇത്രയൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന വോളിബോള്‍ മത്സരങ്ങളാണ്. KVLNA കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങളായി നടന്നുവരുന്ന, 'ജിമ്മി ജോര്‍ജ്ജ് യുഎസ്എ അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങള്‍' ഇത്തവണയും പൂര്‍വാധികം ഭംഗിയായി നടക്കുന്നു. ഇപ്പോഴും എപ്പോഴും ആ വോളിബോള്‍ പ്രതിഭാസം തലമുറകളെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ മത്സരങ്ങള്‍. എല്ലാ വര്‍ഷവും അമേരിക്കയിലെയും കാനഡയിലെയും എല്ലാ സംസ്ഥാനങ്ങളിലും ഇവ നടക്കുന്നുണ്ടെങ്കിലും ഇത്തവണ, 2023 മെയ് 27, 28 തീയതികളില്‍, മുപ്പത്തമൂന്നാമതു മത്സരങ്ങള്‍ സിലിക്കണ്‍ വാലിയില്‍ അരങ്ങേറുന്നു എന്നത് അമേരിക്കയിലെ എല്ലാ യുവതാരങ്ങള്‍ക്കും ആവേശം പകരുന്നു. കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ക്ലബ്ബാണ് അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നത്. കളിക്കുന്ന എല്ലാ യുവതാരങ്ങളും മലയാളികളായിരിക്കണമെന്നാണ് നാഷണല്‍ കമ്മിറ്റിയുടെ നിയമാവലിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ, പുതിയ തലമുറയിലെ മലയാളികളുടെ ഒരു മഹാസംഗമംകൂടിയാണ് ഈ കായികമേള എന്നതാണ് ഇതിന്റെ വലിയ സവിശേഷത.

കാലിഫോര്‍ണിയ ബ്‌ളാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സി.ബി.വി.സി. ബോര്‍ഡ്, ചെയര്‍പേഴ്‌സണ്‍ പ്രേമ തെക്കേക്, പ്രസിഡന്റ് ആന്റണി ഇല്ലികാട്ടില്‍, സെക്രട്ടറി രാജു വര്‍ഗ്ഗീസ്, ജോയിന്‍ സെക്രട്ടറി ടോമി പഴയംപള്ളില്‍, ട്രഷറര്‍ ജോസ്‌കുട്ടി മഠത്തില്‍, ജോയിന്റ് ട്രഷറര്‍ ടോമി വടുതല, എന്നിവരും മറ്റു കമ്മിറ്റികളുടെ കണ്‍വീനര്‍മാരും ഈ കായികമേളയുടെ വിജയത്തിനായി അശ്രാന്തപരിശ്രമത്തിലാണ്.

Content Highlights: Jimmy George, volleyball, tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sargam ponnonam

2 min

സ്റ്റീവനേജ് 'സര്‍ഗ്ഗം പൊന്നോണം 2023' സെപ്റ്റംബര്‍ 17 ന്

Aug 30, 2023


convention

1 min

ഒക്ലഹോമ മാര്‍ത്തോമ ചര്‍ച്ച് സുവിശേഷ സംഘ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

Sep 26, 2023


Indo Polish chamber of commerce

2 min

എം.എ യൂസഫ് അലിക്ക് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണററി വൈസ് പ്രസിഡന്റ് സ്ഥാനം

Sep 26, 2023


Most Commented