ഓര്‍മ്മകള്‍ ബാക്കിയാക്കി ഫ്രാന്‍സിസ് തടത്തില്‍ വിട പറഞ്ഞു


.

ന്യൂജേഴ്സി: സഫലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി വേര്‍പിരിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന് ബന്ധുമിത്രങ്ങളും മലയാളി സമൂഹവും കണ്ണീരോടെ വിട പറഞ്ഞു.

പാറ്റേഴ്സണിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചയില്‍ നടത്തിയ സംസ്‌കാര ശുശ്രുഷക്കും വി.കുര്‍ബാനക്കും കാര്‍മ്മികത്വം വഹിക്കാന്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തന്നെ എത്തി. പൊതുദര്‍ശനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മ്മികനായിരുന്നു.പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു. ജീവിതകാലത്ത് ഫ്രാന്‍സിസ് ജനമനസുകളില്‍ നേടിയ ഔന്നത്യവും കൈവരിച്ച സ്‌നേഹവും തെളിയിക്കുന്നതായിരുന്നു ഈ ജനപ്രവാഹം.

സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി ആയിരിക്കെ ഫ്രാന്‍സിസുമായി ഏറെ എടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് മാര്‍ ജോയി ആലപ്പാട്ട് ചരമ പ്രസംഗത്തില്‍ അനുസ്മരിച്ചു. പലവട്ടം അദ്ദേഹം കൈവിട്ടു പോകുമോ എന്ന് തോന്നുന്ന രോഗാവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം അതിജീവിച്ചു മുന്നേറിയ ഫ്രാന്‍സിസ് വിശ്വസത്തിന്റെ ഉത്തമ മാതൃകയായിരുന്നു. രൂപതാധ്യക്ഷനായി താന്‍ സ്ഥാനമേല്‍ക്കുന്നതു സംബന്ധിച്ചു ഫ്രാന്‍സിസ് എഴുതിയ ലേഖനം അദ്ദേഹത്തിന്റെ സഭയോടുള്ള സ്‌നേഹവും വിശ്വാസദാര്‍ഢ്യവും തെളിയിക്കുന്നതായിരുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഫ്രാന്‍സിസിന്റെ സേവനം രൂപത പല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നു താന്‍ കരുതി ഇരിക്കുമ്പോഴാണ് ഈ വേര്‍പാട്. പല ചുമതലകളും അദ്ദേഹത്തെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതൊക്കെ വെറുതെ ആയി. എങ്കിലും സ്വര്‍ഗത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരാള്‍ കൂടി ലഭിച്ചിരിക്കുന്നു.

ഈ വേര്‍പാടിന്റെ ആഘാതം താങ്ങാന്‍ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഫ്രാന്‍സിസ് പിരിഞ്ഞുവെങ്കിലും നമ്മുടെ സമൂഹമൊന്നാകെ ഈ കുടുംബത്തിനു താങ്ങും തണലുമായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. വികാര ഫാ.തോമസ് മങ്ങാട്ട് അന്തിമ പ്രാര്‍ത്ഥനകള്‍ നടത്തി. നൂറ് കണക്കിനാളുകള്‍ അവിടെയും അനുഗമിച്ചു.

ഫ്രാന്‍സിസിന്റെ നല്ല മനസ് പോലെ തെളിഞ്ഞ അന്തരീക്ഷത്തില്‍ ശവമഞ്ചത്തില്‍ പുഷപങ്ങള്‍ അര്‍പ്പിച്ച ജനാവലി നോക്കി നില്‍ക്കെ ആ ധന്യ ജീവിതം വിടവാങ്ങി.

വെള്ളിയാഴ്ച പൊതുദര്‍ശനത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വമ്പിച്ച ജനാവലി പാറ്റേഴ്സണിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെത്തി.
അന്ത്യോപചാരമര്‍പ്പിക്കാന്‍ ചിക്കാഗോ രൂപതയുടെ സ്ഥാനമൊഴിഞ്ഞ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉള്‍പ്പടെ ഒട്ടേറെ പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ വാഷിംഗ്ടണില്‍ നിന്നും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ തൈമറ്റം ഫ്ളോറിഡയില്‍ നിന്നും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവയില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും ചടങ്ങുകളില്‍ പങ്കെടുത്തു.

ഫ്രാന്‍സിസിന്റെ ആകസ്മിക വേര്‍പാടില്‍ ദുഃഖം അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. വീഡിയോ സന്ദേശമയച്ചു. ബിഷപ്പ് മാര്‍ അങ്ങാടിയത്ത് തന്റെ പ്രസംഗത്തില്‍ നിത്യതയെ ലക്ഷ്യമാക്കിയുള്ള യാത്രയാണ് നമ്മുടെയൊക്കെ ജീവിതമെന്ന് ചൂണ്ടിക്കാട്ടി.

കുറച്ച് കാലത്തെ ബന്ധമേയുള്ളുവെങ്കിലും ദീര്‍ഘകാല സുഹൃത്തുക്കളെപ്പോലെയാണ് തങ്ങള്‍ ഇടപെട്ടിരുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. കേരള ടൈംസ് പത്രം ഫ്രാന്‍സിസിന്റെ സാരഥ്യത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍ പോള്‍ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറിയായ ഫ്രാന്‍സിസിന്റെ വിയോഗം സംഘടനക്ക് വലിയ നഷ്ടമാണെന്ന് നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം പറഞ്ഞു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫ്രാന്‍സിസുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ചു.

റോക്ക് ലാന്‍ഡ് ലെജിസ്‌ളേറ്റര്‍ ഡോ.ആനി പോള്‍, പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍, ഫാ.ഷിബു ഡാനിയല്‍, സജിമോന്‍ ആന്റണി, നാട്ടിലുള്ള സഹോദരങ്ങള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

Content Highlights: funeral of Francis Thadathil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented