.
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ മോണ്ടററി പാര്‍ക്കില്‍ പത്തുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ വെടിവെപ്പില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ സ്വന്തം വാനില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ പോലീസ് ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നും പോലീസ് പറഞ്ഞു. ടൊറെന്സില് വെച്ചായിരുന്നു പോലീസ് വാഹനങ്ങള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാനിനെ വളഞ്ഞത്. പാസഞ്ചര്‍ വശത്തുള്ള ജനല്‍ തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ തലവെച്ചു മരിച്ചു കിടക്കുന്ന പ്രതിയെയാണ് കണ്ടെത്തിയത്.
ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങള്‍ ഞായറാഴ്ച പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പോലീസ് വാനിനെ വളഞ്ഞപ്പോള്‍ ഉള്ളില്‍ നിന്നും വെടിയൊച്ച കേട്ടതായി പോലീസ് പറഞ്ഞു. സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.
മോണ്ടററി പാര്‍ക്കിലെ ഡാന്‍സ് ക്ലബില്‍ ശനിയാഴ്ച നടത്തിയ വെടിവെപ്പില്‍ 10 പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈനീസ് വംശജര്‍ തിങ്ങി താമസിക്കുന്ന ഈ പ്രദേശത്തുള്ളവര്‍ ലൂനാര്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിനിടെയിലാണ് ആക്രമി വെടിയുതിര്‍ത്തത്. വെടിവെക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും വംശീയത തള്ളിക്കളയാനാകില്ലെന്നും സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Driver found dead, Lunar New Year mass shooting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..