.
ബ്രിസ്ബെന്. പ്രതിഭയുണ്ടായിട്ടും സിനിമ-ടെലിവിഷന്‍ രംഗത്ത് ഇനിയും അവസരം ലഭിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ സ്വന്തം പഞ്ചായത്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററി മത്സരത്തില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച ഡോക്യുമെന്ററിയ്ക്ക് 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്നു മാത്രമല്ല മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തിന്റെ പേരിലുള്ള ലോക റെക്കോര്‍ഡിനായുള്ള പരിശ്രമത്തില്‍ പങ്കാളികളുമാകാം.
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമാ നിര്‍മാണ കമ്പനിയായ കങ്കാരു വിഷന്‍ ആണ് കേരളത്തിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ച് പുതിയ ലോക റെക്കോര്‍ഡിന് ഒരുങ്ങുന്നത്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് അവസരം ലഭിക്കാത്ത അഭിനയം, കഥാരചന, ഗാനരചന, സംവിധാനം, ക്യാമറ, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
മുഴുവന്‍ ലോക രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിലൂടെയും ലോകസമാധാനം, ദേശീയഗാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എഴുപത്തിയഞ്ചിലധികം രാജ്യക്കാരെ ഉള്‍പ്പെടുത്തിയുള്ള ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിം നിര്‍മാണത്തിലൂടെയും പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആഗ്നെസ് ജോയ്, തെരേസ ജോയ്, സിനിമാ നിര്‍മാണ, വിതരണ കമ്പനികളായ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും ഡയറക്ടറും നടനും സംവിധായകനും കൂടിയായ ജോയ് കെ മാത്യു എന്നിവരാണ് കേരളത്തിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി പുതിയ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഡോക്യുമെന്ററി മത്സരം നടത്തുന്നത്. ലോക ചരിത്രത്തിലാദ്യമായി ലോക രാഷ്ട്രങ്ങളിലെ ഒരു സംസ്ഥാനത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പുതിയൊരു ലോക റെക്കോര്‍ഡ് വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന് സ്വന്തമാക്കാനും മറ്റ് രാഷ്ട്രങ്ങളില്‍ ഉള്ളവരെ കേരളത്തിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കാനും യുവ ജനങ്ങളില്‍ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സാമൂഹിക ബോധവും ചരിത്ര പഠന അഭിരുചിയും വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നത്.
ഡോക്യുമെന്ററിയുടെ പ്രത്യേകതകള്‍
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി, ലോക രാഷ്ട്രങ്ങളില്‍ ഒരു സംസ്ഥാനത്തെ അടിസ്ഥാനപരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി, അയ്യായിരത്തിലധികം കലാകാരന്മാര് ചേര്‍ന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി എന്നിങ്ങനെ കേരളത്തിനായി വിവിധ ലോക റെക്കോര്‍ഡുകളാണ് ഡോക്യുമെന്ററി മത്സരത്തിലൂടെ ലഭിക്കുക. ഏറ്റവും മികച്ച ഡോക്യുമെന്ററികള്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഓരോ ജില്ലകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന 14 ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രശസ്തി പത്രവും നല്‍കും.
പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം, ആദ്യ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂളുകള്‍ കോളേജുകള്‍ ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നദികള്‍ കായലുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍, കലാ -കായിക ചലച്ചിത്ര നാടക സാഹിത്യ-സാംസ്കാരിക -സാമൂഹ്യ -നിയമ -പത്രപ്രവര്‍ത്തന -ആത്മീയ - രംഗത്തെ സംസ്ഥാന-ദേശീയ-രാജ്യാന്തര പുരസ്കാരം ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍, സ്വന്തം പേരില്‍ ഒരു ബുക്ക് എങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ തുടങ്ങി കേരളത്തിലെ ഓരോ പഞ്ചായത്തുകളിലേയും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററിയാണ് തയ്യാറാക്കേണ്ടത്. ഫോണിലോ സ്വന്തം ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്താം. പരമാവധി 15 മിനിറ്റ് ആയിരിക്കണം ദൈര്‍ഘ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kangaroovision.com
Content Highlights: documentary competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..