.
കാലിഫോര്‍ണിയ: സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഒരു വീട്ടില്‍ ആക്രമികള്‍ എന്ന് കരുതുന്ന രണ്ടുപേര്‍ നടത്തിയ വെടിവെപ്പില്‍ കൗമാരക്കാരിയായ മാതാവും ഇവരുടെ 6 മാസം പ്രായമുള്ള കുട്ടിയുമുള്‍പ്പെടെ കുടുംബത്തിലെ 6 പേര് കൊല്ലപ്പെട്ടതായി ടുലെയര്‍ കൗണ്ടി ഷെരിഫ് റോക്ക് സോഡ്രിക്സ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് എത്തിച്ചേര്‍ന്നുവെങ്കിലും ഇതിനിടയില്‍ വെടിവെപ്പു നടത്തിയെന്ന് കരുതുന്നവര്‍ രക്ഷപ്പെട്ടിരുന്നു.
17 വയസ്സുള്ള മാതാവിനും 6 മാസം പ്രായമുള്ള കുഞ്ഞിനും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. വെടിയേറ്റ ചിലര്‍ വീട്ടിനകത്തും ചിലര്‍ വീടിനുപുറത്തുള്ള റോഡിലുമാണ് കിടന്നിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ വെടിയൊച്ച കേട്ടതോടെ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 6 പേരും കൊല്ലപ്പെട്ടിരുന്നു.
മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി കൗണ്ടി ഷെരിഫ് അറിയിച്ചു. ലക്ഷ്യംവെച്ചുള്ള വെടിവെപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Baby and teenage mother among 6 killed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..