.
കടലുണ്ടി: ഭിന്നശേഷിക്കാർക്കായി സ്നേഹ സമ്മാനമൊരുക്കി മാതൃകയായി വിദേശ മലയാളി വിദ്യാർഥിയായ വിവാൻ പച്ചാട്ട്. അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും നൽകുന്ന ചില്ലറ തുട്ടുകൾ സ്വരൂപിച്ചു വെച്ച് ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ ഉപകാരങ്ങൾ വാങ്ങാൻ നൽകി മാതൃകയായിരിക്കുയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള കൊച്ചുമിടുക്കൻ. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന, കടലുണ്ടി സ്വദേശികളായ പ്രീജിത് പച്ചാട്ട് ,അനു പച്ചാട്ട് ദമ്പതികളുടെ മകനാണ് വിവാൻ പച്ചാട്ട്
ഭിന്നശേഷി പരിപാലന രംഗത്ത് മികച്ച സേവനം നൽകുന്ന ഹോപ്പ്ഷോർ മൾട്ടി ഡിസിപ്ലിനറി സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സിനാണ് തന്റെ കുടുക്ക പൊട്ടിച്ച് തുക മുഴുവനും നൽകിയത്.
ഹോപ്പ്ഷോറിനെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ അവിടത്തെ കുട്ടികളെ കുറിച്ചറിയാനും അൽപനേരം അവരോടൊപ്പം ചെലവഴിക്കാനും വിവാൻ, പിതാമഹാനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രേം നാഥ് പച്ചാട്ടിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് സാഹചര്യമൊരുക്കാമെന്നറിഞ്ഞ അന്നുമുതൽ ഓണം വിഷു തുടങ്ങിയ ആഘോഷങ്ങളിലും മറ്റും കൈനീട്ടമായും സമ്മാനമായും ലഭിക്കുന്ന നാണയ തുട്ടുകൾ തന്റെ കുടുക്കയിൽ സ്വരൂപിക്കാൻ തുടങ്ങി. ഇങ്ങനെ സ്വരൂപിച്ച ഓസ്ത്രേലിയൻ ഡോളറിനു സമാനമായ ഇന്ത്യൻ രൂപയാണ് കൈമാറിയത്. അവധിക്കാലം ആസ്വദിക്കാൻ ചുരുങ്ങിയ ദിവസത്തേക്ക് മാത്രം നാട്ടിലെത്തിയ വിവാൻ പച്ചാട്ട് ഹോപ്പ്ഷോറിലെ കുട്ടികളോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചാണ് മടങ്ങിയത്.
ഫാറൂഖ് ട്രെയിനിങ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പായ അനുയാത്രയുടെ ഭാഗമായുള്ള വളണ്ടിയർമാരുടെ സാന്നിധ്യവും പുതിയ അനുഭൂതിയായി.
ചിത്രകലാ പരിശീലനം, ചുമർ ചിത്രമെഴുത്ത്, കലാ കായിക വിനോദങ്ങൾ തുടങ്ങിയ വിവിധ പരിപാടികളോടെ അനുയാത്രയുടെ ഭാഗമായി ഹോപ്ഷോറിൽ നടന്ന ചടങ്ങിൽ, മുൻ അധ്യാപകൻ കക്കാത്തിരുത്തി ബാലകൃഷ്ണൻ ഹോപ്ഷോറിന് വേണ്ടി തുക ഏറ്റുവാങ്ങി. എം.ഡി. നജുമുൽ മേലത്ത് ഹോപ്ഷോറിന്റെ ഉപഹാരം കൈമാറി. തെറാപ്പി ഉപകരണങ്ങൾ വാങ്ങിക്കാൻ പ്രേം നാഥ് പച്ചാട്ട് നൽകിയ സഹായം നജുമുൽ ഏറ്റുവാങ്ങി. എൻ.എസ്.എസ്. വളണ്ടിയർ അസീൽ വാഹിദ് ആശംസ അറിയിച്ചു സംസാരിച്ചു. എൻ.എസ്.എസ്. യൂണിറ്റിനുള്ള ഉപഹാരം, മുഹമ്മ്ദ് ഫാസീൽ ഏറ്റുവാങ്ങി. പ്രോഗ്രാം കോഓർഡിനേറ്റർ ഫസീൽ അഹമദ് , യൂനുസ് കടലുണ്ടി, ഫായിസ് പരേക്കാട്ട് എന്നിവർ സംബന്ധിച്ചു. ഹോപ്സ്റ്റാർ എസ് എഫ് എഫ് ഭാരവാഹി പി വി ഷംസുദ്ധീൻ നന്ദി അറിയിച്ചു.
Content Highlights: australia student donates to his savings to organization
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..