.
ഡാലസ്: ടെക്സാസ് സംസ്ഥാനത്തും ഡാലസിലും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയില്‍ കാര്യമായ വര്‍ധനവുണ്ടെങ്കിലും അതില്‍നിന്നു തികച്ചും വ്യത്യസ്തമായാണ് കടകളില്‍ മുട്ടയുടെ വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്പ് ഒരു ഡസന്‍ മുട്ട ഒരു ഡോളറിന് താഴെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഒരു ഡസന്‍ മുട്ടയുടെ വില 5 ഡോളര്‍ 22 സെന്റായി ഉയര്‍ന്നു.
അതേസമയം, മെക്സിക്കോയില്‍നിന്നും അതിര്‍ത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടുവരുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 10,000 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും ഇവര്‍ പറഞ്ഞു. ഈയിടെ അതിര്‍ത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാന്‍ഡിയാഗോ ഫീല്‍ഡ് ഓപ്പറേഷന്‍സ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനിഫര്‍ പറഞ്ഞു.
മെക്സിക്കോ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ഡസന്‍ മുട്ടയ്ക്ക് 3 ഡോളര്‍ മാത്രമാണ് വില. എന്നാല്‍, അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തിയാല്‍ ഒരു ഡസന്‍ മുട്ടയ്ക്ക് 8 ഡോളര്‍ വരെ മിനി മാര്‍ക്കറ്റില്‍ ലഭിക്കും. യു.എസ്. ഗവണ്മെന്റ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് അനുസരിച്ച് 2022 ജനുവരിയില്‍ ഒരു ഡസന്‍ ലാര്‍ജ് മുട്ടക്ക് 1.93 ഡോളര്‍ ആയിരുന്നുവെങ്കില്‍ ഡിസംബറില്‍ 4.25 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു.
പക്ഷിപ്പനിയെ തുടര്‍ന്ന് മുട്ടയിടുന്ന മില്യണ്‍ കണക്കിന് കോഴികളെ കൊന്നുകളഞ്ഞതാണ് മുട്ടയുടെ വില വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. 2022-ല്‍ 57.8 മില്യണ്‍ കോഴികളെയാണ് എവിയല്‍ ഫ്ളൂ ബാധിച്ചതിനാല്‍ നശിപ്പിച്ചത്. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ ഡാറ്റയിലാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്
Content Highlights: As egg prices rise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..