.
ശീലങ്ങളും, മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ചിട്ടകളും, ഭാഗ്യം എന്ന് മലയാള ഭാഷയില്‍ പറയുന്ന, മനസ്സ് പോലെ എവിടെ എന്ന് അറിയാത്ത ഒരുതരം സംവിധാനത്തിലും കൂടി നാം പ്രായപൂര്‍ത്തിയില്‍ എത്തുന്നു. 'പ്രായപൂര്‍ത്തി' എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ നമ്മുടെ സംവിധാനം അനുവദിക്കുന്ന ഒരു പ്രായം. 18 അല്ലെങ്കില്‍ 21 വയസ്സ്.
ചെവികേട്ടുതുടങ്ങുന്ന കാലം മുതല്‍ നമുക്ക് ഒരു 'ദിശ' അല്ലെങ്കില്‍ ഡയറക്ഷന്‍ വേണം, വ്യക്തി വഴി വ്യക്തിത്വത്തില്‍ എത്തിച്ചേരാന്‍ ഒരു വിളി, അതിന്റെ ഒരു ശബ്ദം - 'പേര്'. ചെവി കേള്‍ക്കാത്തവര്‍ക്കും പേരുണ്ട് എന്ന് ഞാന്‍ മറക്കുന്നില്ല ഇവിടെ. ആ ശബ്ദം -'പേര്'- അമ്മ, അച്ഛന്‍, രക്ഷിതാക്കള്‍, ബന്ധുക്കള്‍ വഴി പടര്‍ന്നു അയല്‍വാസികളിലൂടെ, സ്‌കൂളില്‍ പോയാല്‍ കൂട്ടുകാര്‍, അങ്ങനെ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും. അപ്പോഴേക്കും ആരു വിളിച്ചാലും അങ്ങോട്ട് തല തിരിയ്ക്കപ്പെടുകയും, തന്റെ ശ്രദ്ധ ഉണര്‍ത്തുകയും ചെയുന്ന ഒന്നായി തീരുന്നു ആ വാക്കിന്റെ ശബ്ദം, സ്വന്തം പേര്.
പറഞ്ഞും വിളിച്ചും എഴുതിയും നാം നമ്മളുടെ പേര് കാണാപ്പാഠം ആക്കുന്നു. നല്ല അക്ഷരത്തില്‍ എഴുതാന്‍ പഠിക്കുന്നു. ആവശ്യം ഇല്ലാത്തിടത്തും എഴുതി ശീലിക്കുന്നു. പിന്നീട്, മരങ്ങളുടെ തോലിയിലും, കടപ്പുറത്തും, വെള്ളത്തിലും കോറി വയ്ക്കുന്നു.
സര്‍നെയിം അഥവാ ഫാമിലി നെയിം എന്ന കുടുംബപ്പേര്‍ വാലാണ് നാം ആരാണെന്നതിലുപരി ആരുടേതാണെന്ന് അറിയിക്കുന്നത്. എന്റെ പേര് കടമെടുത്തു ഞാന്‍ എന്റെ മനസ്സിനെ ശല്ല്യപ്പെടുത്തുന്ന ഒരു വിഷയത്തെപ്പറ്റി എഴുതട്ടെ, ഒരു ഉദാഹരണം മാത്രമായി കാണാം. മരുമക്കത്തായം തൃജിച്ച് മക്കത്തായത്തിനും അര്‍ത്ഥമില്ലാത്ത ഒരു കാലത്താണ് ഞാന്‍ ജനിക്കുന്നത്. പേര് നിര്‍ണയിക്കുന്നത് ആരും ആവാം. കേരളത്തില്‍ കേട്ടു ശീലിച്ചതല്ലാത്ത മറ്റു പോപ്പുലര്‍ പേരുകള്‍ ഇട്ടുതുടങ്ങിയ കാലം. വടക്കേ ഇന്ത്യയിലെ പേരുകള്‍ പ്രചാരത്തില്‍.
എനിക്കിട്ട പേര് 'രാജു' എന്നായിരുന്നു, വെറും 'രാജു', രണ്ടക്ഷരത്തില്‍ തീരുന്ന ഒരു ചെറിയ പേര്. എന്റെ അച്ഛന്റെ അമ്മയുടെ ആഗ്രഹപ്രകാരം. അച്ഛന് 'രാജു' എന്ന പേരില്‍ ഒരു കുഞ്ഞനിയന്‍ ഉണ്ടായിരുന്നു, പക്ഷെ കൊച്ചിലെ മരിച്ചു. അങ്ങനെ ഒരു ഓര്‍മ്മയ്ക്കായി എനിക്ക് പേരുകിട്ടി. അച്ഛന് ഇഷ്ടമുണ്ടായിരുന്നില്ലായിരിക്കണം, കാരണം കുഞ്ഞനുജനെ എടുത്തുകൊണ്ടു നടന്നതും, മരിച്ചപ്പോള്‍ കരഞ്ഞതും, കുഴിച്ചിട്ട സ്ഥലവും ഒന്നും അച്ഛന്‍ ഇന്നും മറന്നിട്ടില്ല. മാത്രമല്ല അച്ഛന് അച്ഛന്റെ അമ്മ പറയുന്നതിനപ്പുറം ഒന്നും കഴിയില്ല എന്ന നല്ല മനസ്സും. പിന്നീട് സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അച്ഛന്റെ അമ്മ അറിയാതെ (ഹിന്ദിസിനിമാ ഭ്രാന്തനായ) അച്ഛന്‍ അതു ലോപിച്ച് 'രാജ്' എന്നാക്കി.
വിളിക്കാന്‍ പോലും ഒരു സുഖവും ഇല്ലാത്ത ഒരു പേരായിട്ടാണ് എനിക്കെന്നും 'രാജ്' എന്ന ശബ്ദം. ഇന്നും പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പേര്, പ്രത്യേകിച്ച് വിദേശികളോട്. ബ്രിട്ടീഷ് രാജിലെ രാജ് എന്നു വരെ ദയനീയമായി വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കോഫി ഷോപ്പില്‍ ചെന്ന് കാപ്പി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നാം നമ്മുടെ പേര് പറയണം. പേര് കാപ്പി തരുന്ന കപ്പില്‍ അവര്‍ നമുക്ക് വേണ്ട കാപ്പിത്തരത്തിനൊടൊപ്പം എഴുതും. എന്റെ പേര് ചോദിക്കുന്ന കാപ്പിക്കടക്കാരനോട് ഞാന്‍ സാധാരണ പറയാറ് 'ജോര്‍ജ്' എന്ന പേരാണ്. അതാണ് എളുപ്പം, നീണ്ട വരിയില്‍ നിന്ന് എന്റെ പേര് പഠിപ്പിക്കാന്‍ സമയം കളയേണ്ടല്ലോ. അവര്‍ക്കും അറിയാവുന്ന ഒരു പേര്, എന്റെ പേരിന്റെ ശബ്ദം ഉണ്ട് താനും.
രാജ് എന്ന കൊച്ചു പേരില്‍ പിന്നീട് അച്ഛന്റെ പേര് കടന്നുകൂടി, മുഴുവന്‍ ആയിട്ടല്ല വെറും ഒരു 'ജി' എന്ന രൂപത്തില്‍. ആദ്യത്തെ കവിത പതിനൊന്നാം വയസ്സില്‍ അച്ചടിച്ച് വന്നപ്പോള്‍ ഞാന്‍ 'രാജ് ജി' എന്ന് അടിയില്‍ എഴുതി. അന്ന്, മലയാളത്തിലെ കവിക്ക് ഇണങ്ങുന്ന തരത്തില്ലുള്ള ഒരു നീണ്ട പേര് കൊതിച്ചിരുന്നിരിക്കാം? പക്ഷെ പ്രായം പതിനൊന്നു മാത്രം. കവിത എഴുതിത്തുടങ്ങി എങ്കിലും മനസ്സിന്റെ വിങ്ങലുകള്‍ക്കു ഒച്ച വെച്ച് തുടങ്ങാത്ത കാലം. പിന്നീട് ഞാന്‍ ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മുഖവുര' എന്ന ഒരു ലിറ്റില്‍ മാഗസിന്റെ ഭാഗമായി മാറി, അക്ഷരാര്‍ത്ഥത്തില്‍ തന്നെ. അതില്‍ പിന്നെ, 'രാജു മുഖവുര' എന്ന പേരില്‍ കുറിച്ചു തുടങ്ങി. ആദ്യത്തെ മലയാള നോവല്‍ 1999ല്‍ എഴുതി കഴിഞ്ഞപ്പോള്‍ രാജു മുഖവുര എന്ന പേരിലാണ് ഒരു പ്രമുഖ മാസികക്ക് അയച്ചു കൊടുത്തത്. എന്നെ ഞെട്ടിച്ചുകൊണ്ട് മുഖ്യപത്രാധിപര്‍ നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ, എന്റെ പേര് ശരിയല്ല എന്നറിയിച്ചു. അച്ഛന്റെ മുഴുവന്‍ പേരെന്താണെന്ന് തിരക്കി. അപ്പോള്‍ രാജ് നായര്‍ എന്നായാല്‍ മതി എന്ന് അറിയിച്ചു. എനിക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു, ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുകയാണല്ലൊ. അങ്ങനെ ഞാന്‍ ആദ്യമായി വായനക്കാരുടെ മുന്നില്‍ നായര്‍ ആയി.
ഞാന്‍ ഒരു നായരായി ജനിച്ചു എന്ന കാരണത്താല്‍ ആവണമല്ലോ എനിക്ക് ആ കുടുംബപ്പേര് (സര്‍നെയിം) കിട്ടിയത്? പക്ഷെ, ആ പേരില്‍ എന്നെ അതില്‍ പിന്നെ പലരും അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതോടെ ഞാന്‍ പെട്ടു എന്ന് എനിക്ക് ബോദ്ധ്യമായി. ഈ പേര് മാറ്റത്തിന് മുന്‍പേ ഞാന്‍ വിവാഹിതനായിരുന്നു. എന്റെ ഭാര്യയുടെ കുടുംബപ്പേര് ഞാന്‍ മാറ്റിയിരുന്നില്ല. അവരുടെ കുടുംബപ്പേരിലാണ് ഇന്നും അവര്‍ അറിയപ്പെടുന്നത് (അവര്‍ മലയാളി അല്ല). പക്ഷെ, വിദേശ സംസ്‌കാരവും ജീവിതവും മാനിച്ച് ഞങ്ങളുടെ മക്കള്‍ക്ക് 'നായര്‍' എന്ന കുടുംബ-നാമം നല്‍കി. അത് ഓട്ടോമാറ്റിക് ആണ്. പാസ്പോര്‍ട്ടില്‍ അച്ഛന്റെ പേരിലെ കുടുംബ-നാമം/ഫാമിലി നെയിം അവര്‍ക്ക് കിട്ടുന്നു.
ഇവിടെ, കുടുംബം എന്ന് പറയുമ്പോള്‍, കൂരയ്ക്കുള്ളില്‍ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടും. ഇവിടെ ഈ നാട്ടില്‍ എനിക്ക് രണ്ട് നായ്ക്കളുണ്ട്, ഞങ്ങള്‍ക്ക് അവര്‍ കുടുംബാംഗങ്ങള്‍. കൗണ്‍സില്‍ രജിസ്ട്രിയില്‍ അവയ്ക്കും നല്ല പേരുകള്‍, കുടുംബ-നാമം/ഫാമിലി നെയിം 'നായര്‍'. അവയ്ക്ക് രോഗം വരുമ്പോള്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവയുടെ ഫസ്റ്റ് നേം പിന്നെ സര്‍നേം, ഇവ പൂരിപ്പിക്കേണ്ടതുണ്ട്.
ഇതെല്ലാം പറയാന്‍ ഇപ്പോള്‍ ഒരു കാരണമുണ്ട്. അടുത്ത കാലത്ത് കേരളത്തിലെ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോളും, പല തവണ സോഷ്യല്‍ മീഡിയയിലൂടെയും എന്നെ സ്നേഹിക്കുന്നവര്‍ ചോദിച്ചു തുടങ്ങി, 'രാജ്, എന്തിനാണീ പേരിനൊടുവില്‍ ഒരു നായര്‍. അതിന്റെ ആവശ്യം ഉണ്ടോ, ഇപ്പോഴത്തെ ഈ ലോകത്തില്‍?'. പേരില്‍ നിന്ന് 'ജാതിവാല്‍' എടുത്തു കളയാനാണ് അവര്‍ എന്നോട് സദയം അപേക്ഷിച്ചത്.
അമേരിക്കയിലെ 9/11എന്ന ചരിത്രത്തിന്റെ ഒരേടിനുശേഷം, വിദേശത്ത് എന്റെ ചില സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ 'പേര്' ഒരു പ്രശ്നം ആകുമോ എന്ന ശങ്ക നിലനിന്നിരുന്നു. മുഖവും രൂപവും നിറവും മറ്റും പ്രശ്‌നമായി. അതൊക്കെ പതുക്കെ പതുക്കെ മങ്ങി. ഇരു ഭാഗത്തും 'ഭയം' ആയിരുന്നു അടിസ്ഥാനഘടകം എന്ന് ഇന്നിപ്പോള്‍ നമുക്കറിയാം. ജാതിപ്പേര്‍ പേരില്‍നിന്നു വെട്ടിക്കളഞ്ഞാല്‍ ശമിക്കുന്നതാണോ ഈ ഭയം അല്ലെങ്കില്‍ ദീനം? ആയിരിക്കാം, അല്ലായിരിക്കാം. ഒന്നറിയാം, 'നായര്‍' എനിക്ക് ഒരു ജാതിപ്പേരല്ല, തിരഞ്ഞാല്‍ അത് എന്റെ അച്ഛന്റേയും അമ്മാവന്റേയും പേരിന്റെ ഭാഗമാണ്. എല്ലാ രേഖകളിലും ഞാന്‍ ആവശ്യപ്പെടാതെ തെളിഞ്ഞുവന്ന ഒരുതരം കുടുംബ-സ്ഥാനപ്പേര്‍. ഒരു നല്ല പേര് കണ്ടുപിടിക്കുന്നത് വരെ ഞാന്‍ ക്ഷമിച്ചേ പറ്റൂ. പേര് മാറ്റുക എന്നത് ഇത്ര ദുര്‍ഘടം പിടിച്ച ഒരു മാനസിക പ്രശ്നം ആണെന്ന് ഞാന്‍ കരുതിയില്ല. പ്രായം കൂടുന്തോറും, പ്രത്യേകിച്ച്.
'പേര്' എന്ന രണ്ടക്ഷരം നമ്മെ പലതാക്കുന്നു, ജാതി-മത-നിറ-ഭേദങ്ങള്‍കൊണ്ട് വേര്‍തിരിക്കപ്പെടുന്നു. പല ജാതി, പല മതം, പല ദൈവം ഭാരതീയര്‍ക്ക്-ഇന്ത്യാക്കാര്‍ക്ക്. അതില്‍ നാം ആരെ കുറ്റപ്പെടുത്തണം? നമ്മളെ അടിച്ചമര്‍ത്തി ഭരിച്ച സായിപ്പിനെയോ? അതിന് മുന്‍പു വന്നുകേറിയ അധിനിവേശക്കാരെയോ? അതോ നമ്മളെ തന്നെയോ?.
ആരാണ് കീഴാളനെ സൃഷ്ട്ടിച്ചത്? ആരാണ് 'ദളിതനെ' സൃഷ്ട്ടിച്ചത്? ആരാണ് ബ്രാഹ്‌മണനെ 'ബ്രാഹ്‌മണന്‍' എന്ന് വാഴ്ത്തിയത്? എന്തിനായിരുന്നു ഈ വകതിരുവ്? ഈ വക ചോദ്യങ്ങള്‍ നാം ചോദിക്കാറുണ്ട് അല്ലെങ്കില്‍ ചോദിച്ചുകൊണ്ട് വേണം ഇന്നലയെ ഇടതുകാല്‍ കൊണ്ട് ചവുട്ടി, ഇന്നിനെ വലതുകാല്‍ കൊണ്ട് ചവുട്ടി നാളെ എന്ന സ്വപ്നത്തിലേക്ക് കുതികാല്‍ എടുത്തു ചിന്തിക്കാവൂ, എഴുതാവു, പറയാവു, കാണാവൂ.
കാലത്തിന് അനുസരിച്ചും, കാലത്തിനെ അനുസരിച്ചും, ലോകം കണ്ട ഏറ്റവും വലിയ വിപ്ലവവാക്യങ്ങളുടെ മുറ പ്രകാരവും ഒക്കെ ആയിക്കോട്ടെ. പക്ഷെ, സാമൂഹിക-ചക്രം തിരിയണം, അത് മനുഷ്യന്റെ നാഡി മിടിപ്പുപോലെ തന്നെ പ്രസക്തം ആണ്. ഇപ്പോള്‍ ഒസ്ട്രെലിയ നേരിടുന്ന പ്രശ്നം ചില ജോലികള്‍ ചെയ്യാന്‍ ആളില്ല എന്നതാണ്. ഉദാഹരണത്തിന്, ഒരു പ്ലംബറെ കിട്ടാന്‍ ഇവിടെ അത്ര എളുപ്പം അല്ല. അതെ സമയം പ്ലംബറും, തോട്ടക്കാരാനും, ജോലിയില്ലാത്തവരും, ഡോക്ടറും വേലികള്‍ പങ്കിടുന്നു.
ഒരു ഡോക്ടര്‍ ആവാന്‍ പത്തു വര്‍ഷത്തിനും അപ്പുറം പിടിക്കും, പത്താം തരം കഴിഞ്ഞു നേരെ ഒരു 'ട്രേഡ്' ജോലി തിരഞ്ഞെടുത്താല്‍, പതിനേഴു വയസ്സില്‍ ഒരാള്‍ സര്‍ക്കാരിന്റെ ചെറിയ ശമ്പളത്തോടെ അപ്രന്റ്‌റീസ് ആവാം. നല്ല രീതിയില്‍ പണി പഠിച്ചെടുത്താല്‍ ഇരുപത്തഞ്ചു വയസ്സില്‍ അയാള്‍ക്ക് സ്വതന്ത്ര-ട്രേഡ് തുടങ്ങാം (ഇവിടെ 'ട്രേഡീ' എന്ന് ചുരിക്കി പറയും) അതോടെ ഒരു വീട് വാങ്ങാം, ഒരു ജീവിതപങ്കാളിയെ കൂടെ കൂട്ടാം, കുടുംബം തുടങ്ങാം. അപ്പോഴും ഡോക്ടര്‍ ആവാന്‍ പഠിക്കുക ആയിരിക്കും ക്ലാസ്സിലെ മിടുമിടുക്കന്‍. ഈ കാരണം കൊണ്ട് തന്നെ, പല പ്രൊഫഷണല്‍ കോര്‍സുകള്‍ക്കും സായിപ്പിനേക്കാള്‍ കൂടുതല്‍ അമ്മയ്ക്കും അച്ഛനും വേണ്ടി പഠിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികളാണ് അധികവും.
നാട്ടില്‍, ജീവിതത്തിലെ 'ചോയ്സ്' എന്ന വാക്കിന്റെ അര്‍ത്ഥം നമുക്ക് ഇന്നും അത്ര കണ്ടു മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ടായാല്‍ തന്നെ നമ്മുടെ (ഇല്ലാത്ത) സംസ്‌കാരം, കുടുംബ മഹിമ, ജേഷ്ടന്‍, പെങ്ങള്‍, അച്ഛന്‍, അമ്മ, ബന്ധുമിത്രാദികള്‍, നാട്ടുകാര്‍ തുടങ്ങിയ പ്രേരണകള്‍ സ്വന്തം തീരുമാനത്തെ പിടിച്ചുലയ്ക്കും.
ഓസ്ട്രെലിയയില്‍ മതം ഇല്ലാത്തവരുടെ എണ്ണം പ്രതിവര്‍ഷം കൂടി കൂടി വരുകയാണ്. ചരിത്രപരമായി ഒരു കാരണം എന്റെ അയല്‍പക്കക്കാരന്‍ സായിപ്പ് ലളിതമായ് ഒരിക്കല്‍ എന്നോട് പറഞ്ഞു, 'എന്റെ അപ്പൂപ്പന്‍മാര്‍ക്ക് അതിനൊന്നും സമയം ഇല്ലായിരുന്നു. പാത്രത്തില്‍ കഞ്ഞി വീഴണം, കൂര സംരക്ഷിക്കണം. അതിരൂക്ഷവും ഭയങ്കരിയും ആണ് ഇവിടുത്തെ ഭൂമിയും കാലാവസ്ഥയും. അന്നൊക്കെ ജോലി ആയിരുന്നു മതം, സ്വന്തം പെണ്ണും, കുഞ്ഞുങ്ങളും ആയിരുന്നു ജാതി'. അവരുടെ കുടുംബത്തില്‍, ഐറിഷ്, ഇംഗ്ളീഷ്, സ്‌കോട്ടിഷ്, പിന്നെ അറിഞ്ഞുകൂടാത്ത പലതരം ചോരയും കെട്ടിപ്പുണര്‍ന്ന് ഒഴുകുന്നു. പക്ഷെ ചോദിച്ചാല്‍ പറയും, ഞങ്ങള്‍ വെറും 'ഓസീസ്'.
ഇവിടെയും അടിയാനും അടിമത്തവും ഉണ്ടായിരുന്നു. പക്ഷെ അതില്‍ ജാതിയും മതവും വിഷം പോലെ കലര്‍ന്നിരുന്നില്ല. അതുകൊണ്ട് ആവശ്യം കഴിഞ്ഞപ്പോള്‍ അടിമകള്‍ കൂടെ നടക്കുന്ന മനുഷ്യര്‍ ആയി. ഇവിടുത്തെ ആദിമ നിവാസികളെ കുടിയേറിയ വിദേശ ശക്തികള്‍ ഒരുപാട് ഉപദ്രവിച്ചിരിക്കുന്നു. ഈ അടുത്ത കാലത്ത് ഓസ്‌ട്രെലിയയിലെ ഒരു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവരോട് കഴിഞ്ഞ കാലത്തെ മന:സാക്ഷിയില്ലാത്ത ചെയ്തികള്‍ക്ക് എല്ലാം മാപ്പ് പറഞ്ഞു. ആ മാപ്പിന് അര്‍ത്ഥം വന്നെത്താന്‍, അത് നടത്തി എടുക്കാന്‍ ഇനിയും കാലം എടുക്കും. അതിനായി കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അവര്‍ പദ്ധതികള്‍ ഇട്ടിരിക്കുന്നു. 'ഇന്നലെ', 'ഇന്ന്' 'നാളെ' ഈ വാക്കുകള്‍ ഇവിടുത്തെ ആദിമ നിവാസികളുടെ ഭാഷയില്‍ ഇല്ല, അത് ഒരു കണക്കിന് നല്ലതും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഓസ്ട്രെലിയയില്‍ ജോലിയ്ക്ക് ഇന്റര്‍വ്യൂവിനു വന്നപ്പോള്‍ പാനലിലെ സായിപ്പന്മാര്‍ ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു: ''താങ്കള്‍ ഇവിടുത്തെ അബോറിജിനല്‍ ആള്‍ക്കാരെ എങ്ങനെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ബോധവല്‍ക്കരിക്കും? ''അവരെ അബോറിജിനല്‍ എന്ന് അഭിസംബോധന ചെയ്യാതെ'' എന്നായിരുന്നു എന്റെ ഉത്തരം. കാരണം, ആ 'വിളി' തന്നെ അവരെ മാറിയും, മാറ്റിയും നിറുത്തുന്നു. സായിപ്പിന്റെ ഉദ്ദേശം നല്ലതാണങ്കിലും, അവര്‍ - ആദിവാസികള്‍ - കേള്‍ക്കുനത് മറ്റൊന്നായിരുന്നു എന്ന് എനിക്ക് അന്ന് തോന്നി. പിന്നീട് ആലോചിച്ചു, ഞാന്‍ എങ്ങനെ ആ ഒരു ഉത്തരം പറഞ്ഞുപോയി? അതിനുത്തരവും എളുപ്പം ആയിരുന്നു: ഞാന്‍ ഒരു ഇന്ത്യാക്കാരനാണ്, എന്നില്‍ ആ ഉത്തരം ജന്മസിദ്ധമാണ്, അന്തര്‍ലീനമാണ്. ജാതിതിരുവും, മറ്റു മതങ്ങളെ പറ്റിയുള്ള നിര്‍വചനങ്ങളും നാം വീട്ടില്‍ പഠിച്ചു, വഴിയില്‍ വളര്‍ത്തി എടുത്തതാണ്.
എനിക്ക് വേണ്ട എങ്കിലും എനിക്ക് ഒരു ജാതി, എനിക്ക് വേണ്ട എങ്കിലും എനിക്ക് ഒരു മതം, എനിക്ക് ഇഷ്ടമല്ല എങ്കിലും എനിക്ക് ഒരു ജാതിപ്പേര്. ഇതൊക്കെ നിലവില്‍ ഇല്ല എന്ന് നടിക്കാം. ഗസറ്റില്‍ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാം. അങ്ങനെ നിയമപരമായി ആള്‍മാറാട്ടം നടത്താം. പക്ഷെ അത് എന്നെ മാറ്റുമോ? മാറ്റണം എന്നത് എന്റെയും കൊതി, ആഗ്രഹത്തേക്കാള്‍. എന്തെന്നാല്‍, കൊതിക്കു കൊതിക്കാന്‍ ഒരു രുചി ഉണ്ട്, ആഗ്രഹത്തിന് നോവാണ് പകിട്ട്.
(ഓസ്ട്രേലിയയിൽ അക്കാദമിക്കും സീനിയർ ക്ലിനീഷ്യനും അമേരിക്കയിൽ വിസിറ്റിങ്ങ് പ്രൊഫസറുമായ ലേഖകൻ എഴുത്തുകാരനും നോവലിസ്റ്റും സിനിമ സംവിധായകനുമാണ്)
Content Highlights: article
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..