.
ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240-ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന് കെ.പട്ടേലും അധികാരമേറ്റു. അമേരിക്കയില്‍ ആദ്യമായി മലയാളി ജഡ്ജി (കെ.പി.ജോര്‍ജ്) മറ്റൊരു മലയാളി ജഡ്ജിക്ക് (സുരേന്ദ്രന് കെ. പട്ടേല്‍) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി ഈ ചടങ്ങ് സാക്ഷ്യം വഹിച്ചു.
അടുത്ത നാലു വര്‍ഷത്തേക്കാണ് അധികാരം. ജനകീയമായ മുന്നേറ്റം ഉറപ്പു വരുത്തുന്നതിനൊപ്പം അടുത്ത നാലു വര്‍ഷത്തേക്കുള്ള വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയായിരിക്കും മുന്നേറുന്നതെന്ന് കെ.പി.ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച തുല്യനീതി എന്നതുതന്നെയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് സുരേന്ദ്രന് കെ. പട്ടേലും പറഞ്ഞു.
ജനകീയനായ കെ.പി ജോര്‍ജ് പൊതുകാര്യനിര്‍വഹണ രംഗത്തെ അതിവിദഗ്ധന് എന്ന നിലയില്‍ ശ്രദ്ധേയനാണ്. കെ.പി.ജോര്‍ജിന്റെ തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതുന്നതു കൂടിയാണ്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി സ്കൂള്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ജോര്‍ജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗല്ഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വപ്രയത്നം കൊണ്ടാണ് ഈ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ജില്ലാ കളക്ടര്‍ക്ക് തതുല്യമായ പദവിയാണ് കൗണ്ടി ജഡ്ജിനുള്ളത്.
മിസ്സോറി സിറ്റി മേയര്‍ റോബിന് ഏലക്കാട്ട്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ചെയര്മാന് ജെയിംസ് കൂടല്‍, തോമസ് ചെറുകര ബിനു സക്കറിയാ, ബാബു തെക്കേക്കര തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: America, Judge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..