കഴിഞ്ഞ ദിവസം ലെ-മെരിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച പ്രീ റമദാൻ ഇഫ്ത്താർ
മനാമ: ബഹ്‌റൈനിലെ പ്രവാസികളടക്കമുള്ള വിശ്വാസികള്‍ പരിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാനുള്ള അവസാനവട്ടത്തെ ഒരുക്കങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ. ഇന്നു മുതല്‍ ഇനിയുള്ള നാളുകള്‍ പ്രാര്‍ത്ഥനയുടേതു മാത്രം. വിവിധ സംഘടനകളും മറ്റും റംസാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടനകള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളും റംസാന്‍ തമ്പുകള്‍ ഒരുക്കാറുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മൂലം എല്ലാം റദ്ദാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ വളരെ സജീവമായിത്തന്നെ ഇവ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ഹോട്ടലുകളില്‍ പ്രീ റമദാന്‍ ഇഫ്ത്താറുകള്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. കോവിഡിനു ശേഷമുള്ള ആദ്യ റമദാന്‍ മാസത്തില്‍ ഇഫ്ത്താറുകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കൂട്ടായ്മകള്‍.
നിത്യോപയോഗ സാധനങ്ങള്‍ക്ക് റംസാന്‍ കാലത്ത് വിലക്കൂട്ടാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യകാര്യമന്ത്രാലയം അറിയിച്ചു. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മാംസം തുടങ്ങിയവ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രാലയം ഉറപ്പു തരുന്നു. ബഹ്‌റൈനിലെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും റംസാന്‍ മാസത്തില്‍ രാവിലെ 8 മുതല്‍ ഉച്ച കഴിഞ്ഞ് 2 മണിവരെയാകും പ്രവര്‍ത്തിക്കുക. ഷോപ്പിംഗ് മാളുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയങ്ങളിലും പുനക്രമീകരണം വരുത്തിയിട്ടുണ്ട്. നോമ്പുതുറ സമയത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. നോമ്പുതുറക്കു ശേഷം രാത്രി വൈകുംവരെ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. മിക്കവാറും എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തിസമയങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെ ഭക്ഷ്യപരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ വ്യാപാരകേന്ദ്രങ്ങളിലും വിതരണകേന്ദ്രങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. റംസാന്‍ മാസത്തില്‍ ഹോട്ടലുകളില്‍ വിനോദപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല. നോമ്പുസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും.
വാർത്തയും ചിത്രവും: അശോക് കുമാര്‍
Content Highlights: Ramzan, Bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..