പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമം
മനാമ: ക്ഷേമ രാഷ്ട്രത്തിന് വേണ്ടിയുള്ള സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത് എന്ന് ഫൈസല്‍ മാടായി. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പൗരസമൂഹം എന്ന നിലയില്‍ ഭരണഘടനയെ പഠിക്കുകയും മനസ്സിലാക്കുകയും അതിനെ സംരക്ഷിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മില്‍ നിന്നും കടന്നു പോകുന്നത്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇന്ത്യയുടെ മഹിത സംസ്‌കാരം നിലനിര്‍ത്തുന്നതിനും മത, ജാതി, വര്‍ഗ, വര്‍ണങ്ങള്‍ക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ്സ് രൂപപ്പെടുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും റിപബ്ലിക് ദിനത്തിന്റെ ഓരോ ഓര്‍മ്മ പുതുക്കലും നമുക്ക് പ്രചോദനം ആകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, അത് രാജ്യത്തിന്റെ ശക്തിയായി മാറ്റിയ രാജ്യമാണ് ഇന്ത്യ. നമ്മുടെ പൂര്‍വികര്‍ വിഭാവനം ചെയ്തു നല്‍കിയ ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ- മതേതരത്വ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് റിപ്പബ്ലിക് ദിന സംഗമത്തിന് അധ്യക്ഷത വഹിച്ച പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.
2022ല്‍ പ്രവാസികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 100 ബില്യണ്‍ ഡോളര്‍ അഥവാ 8,17,915 കോടി രൂപ ഇന്ത്യയിലേയ്ക്കയച്ചു എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ പ്രവാസി ദിവസില്‍ പറയുകയുണ്ടായി. കോവിഡിന് ശേഷമുള്ള പ്രതിസന്ധിക്കിടയിലും ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവ് പ്രവാസി പണവരവിലുണ്ടായി എന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ രാജ്യപുരോഗതിയിലും രാജ്യത്ത് നടക്കുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കാളികളാകുന്ന പ്രവാസികള്‍ക്ക് രാജ്യത്തെ ഭരണഘടന എല്ലാ മനുഷ്യര്‍ക്കും വിഭാവനം ചെയ്യുന്ന വോട്ടവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് സെക്രട്ടറി ആഷിക് എരുമേലി ഭരണഘടനയുടെ ആമുഖം വായിച്ചു. ഇര്‍ഷാദ് കോട്ടയം സ്വാഗതവും ഫസലുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.
Content Highlights: Pravasi Republic Day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..