ബഹ്റൈൻ പ്രതിഭ നാടകമേള സംഘാടകർ വാർത്താ സമ്മേളനത്തിൽ
മനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകമേള വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലി ഹാളിൽ രാവിലെ 10 മണി മുതൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള നാല് നാടകങ്ങളാണ് ഒരു മണിക്കൂർ ഇടവിട്ട് അരങ്ങിലെത്തുന്നത്. നാല് നാടകങ്ങളുടെയും രചന, സംവിധാനം ഡിസൈനിംഗ്, ലൈറ്റിംഗ്, മ്യൂസിക്, എന്നിവ നിർവ്വഹിക്കുന്നത് ഡോ: സാംകുട്ടി പട്ടംകരിയെന്ന ഇന്ത്യയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനാണ്.
1986 മുതലാണ് പ്രതിഭ അതിന്റെ നാടക സംരഭം ആരംഭിച്ചത്. പ്രവാസികളായ കലാ പ്രേമികളെ ഒത്തൊരുമിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് പ്രതിഭ ഓരോ നാടക അവതരണത്തിലൂടെയും പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം സംഘടനാപരമായ കെട്ടുറുപ്പും പ്രതിഭ ഇതിലൂടെ നേടിയെടുക്കുകയാണ്. നാടകക്കാലം പ്രതിഭക്കുള്ളിൽ ഉത്സവ ആഘോഷം തന്നെയാണ്. പ്രതിഭ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ ഉപദേശാനുസരണം പ്രമേയം കൊണ്ടും, അവതരണം കൊണ്ടും വ്യത്യസ്തമായ ഈ നാല് നാടകങ്ങളും അവതരിപ്പിക്കുന്നത് പ്രതിഭയുടെ വിവിധ മേഖലകളാണ്.
മുഹറഖ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് ‘സുഗന്ധ’. വിശ്രുത മലയാള ചിത്രകാരൻ രാജാ രവിവർമ്മയുടെ കലാജീവിതം ആസ്പദമാക്കിയുള്ള ഈ നാടകം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മോഡലായ സുഗന്ദയുടെ ജീവിതം അനാവരണം ചെയ്യുകയാണ്. കലയുടെയും, രതിയുടെയും, മോഹത്തിന്റെയും മോഹഭംഗങ്ങളുടെയും അതിതീവ്ര അനുഭവമായിരിക്കും മുഹറഖ് മേഖലയുടെ ‘സുഗന്ധ’ എന്ന നാടകം. മനാമ മേഖല അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സർ റിയലിസ്റ്റിക് കഥാപാത്രങ്ങളുടെ അരങ്ങേറ്റമാണ് "ഹലിയോഹലി ......ഹുലാലോ" കേശവൻ നായരും സാറാമ്മയും, സൈനബയും, കൃഷ്ണകുമാരിയും, മണ്ടൻ മുത്താപ്പയും, പൊൻ കുരിശ് തോമയും, ഒറ്റക്കണ്ണൻ പോക്കറും, എട്ടുകാലി മമ്മൂഞ്ഞും തുടങ്ങി ബഷീർ സൃഷ്ടിച്ച മുഴുവൻ കഥാപാത്രങ്ങളും അരങ്ങിൽ വരുമ്പോൾ ചിരിക്കാൻ മറന്ന് പോയ സമീപകാല നാടക വേദിക്ക് കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യത്തിലൂടെ അതിന് സാധിക്കുന്നതാണ് ‘ഹലിയോ ഹലി ...... ഹുലാലോ’. സൽമാബാദ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് "പ്രിയ ചെ". ബോളീവിയൻ വിപ്ലവത്തിന്റെ അവസാന കാലത്തെ ചെഗുവേരയുടെ ജീവിതം അനാവരണം ചെയ്യുകയാണ് "പ്രിയ ചെ" എന്ന ഈ നാടകം.
റിഫ മേഖല അവതരിപ്പിക്കുന്ന നാടകമാണ് ‘അയന കാണ്ഡം’. മഹാഭാരത കഥയാണ് ഇതിന്റെ ഇതിവൃത്തം. പാണ്ഡവരുടെ യാത്രയിൽ ഒടുക്കത്തിലാവുകയും വീണു പോവുകയും ചെയ്യുന്ന ദ്രൗപദിക്കരികിലേക്ക് തന്റെ മാത്രം മോക്ഷം എന്ന കേവല മർത്യ സ്വാർത്ഥത വെടിഞ്ഞ് തിരികെ നടക്കുന്ന ഭീമസേനൻ ... "ഭീമ നീ " എന്ന ദ്രൗപദിയുടെ ഒച്ചയില്ലാത്ത നിലവിളി മാത്രം മതി പാണ്ഡവരിൽ തിരിച്ചറിയപ്പെടാതെ പോയ ഭീമനെ മനസ്സിലാക്കാൻ. ഇത് സാംകുട്ടി പട്ടം കരി തന്റെ ജീവിതം കൊണ്ട് കണ്ട മഹാഭാരതത്തിലെ ഭീമനാണ്.
പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ 11 വരെ ഓഡിറ്റോറിയത്തിൽ എത്തപ്പെടുന്നവർക്ക് സൗജന്യമായി ഉച്ച ഭക്ഷണം നൽകാനുള്ള ഏർപ്പാടുകൾ പ്രതിഭയുടെ നാടക സംഘാടക സമിതി നടപ്പിലാക്കുന്നുണ്ട്. രണ്ടായിരം കാണികളെയാണ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന നാടകം കാണാൻ എത്തിച്ചേരുമെന്ന് പ്രതിഭ പ്രതീക്ഷിക്കുന്നത്.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..