ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു
മനാമ: "ഇന്ത്യൻ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും" എന്ന വിഷയത്തിൽ ബഹ്റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡ്നറുമായിരുന്ന പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ പ്രസ്തുത വിഷയത്തിൽ ഗഹനവും ആധികാരികവും ആയ പ്രഭാഷണം നടത്തി. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്കു പ്രഭാഷകൻ മറുപടി പറഞ്ഞു.
ശാസ്ത്ര അവബോധവും മാനവികതയും അന്വേഷണത്വരയും പരിഷ്ക്കരണ ബോധവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് എന്ന ഭരണഘടനാതത്വം അദ്ദേഹം ഓർമിപ്പിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനങ്ങൾക്കും പുതുഗവേഷണത്തിനും അനുയോജ്യമായ ഒരു അന്തരീക്ഷം നിലവിൽ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. നിലവിലുള്ള ശരിയിൽ നിന്നും കൂടുതൽ ശരിയിലേക്ക് നാം മുൻപോട്ടു പോകണം. അറിവിന്റെ സാർവ്വ ജനീന സ്വഭാവം മാറി കമ്പോളവത്കരിക്കപ്പെടുമ്പോൾ അന്ധവിശ്വാസങ്ങൾ അടിച്ചേല്പിക്കപെടുന്നു. ഇതിനെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട് എന്നും പ്രതിഭ പോലെയുള്ള സംഘടനകൾ ഇത്തരം സദസ്സുകൾ സംഘടിപ്പിച്ച് പ്രസ്തുത ദൗത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി ആശംസയർപ്പിച്ചു സംസാരിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഹരി പ്രകാശ് സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം കെ എം സതീഷ് നന്ദിയും രേഖപ്പെടുത്തി.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..