.
മനാമ: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബഹ്റൈന്‍ ഒഐസിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡീസല്‍-പെട്രോളിന് സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഈടാക്കാനുള്ള തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമുണ്ടാക്കുമെന്ന് മനസ്സിലാക്കാന്‍ സാമ്പത്തികശാസ്ത്രം പഠിക്കണമെന്നില്ല. നിത്യോപയോഗ സാധനങ്ങളായ അരിയും പച്ചക്കറിയും പാലും പഴങ്ങളുമടക്കം എല്ലാ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ ഡീസലിന്റെ വിലയില്‍ വരുത്തുന്ന ഓരോ പൈസയുടെയും വര്‍ധന ജനജീവിതം ദുഷ്‌കരമാക്കും.
പ്രവാസികള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന പെന്‍ഷന്‍ വര്‍ധന ഈ ബജറ്റിലുമില്ലെന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും വര്‍ധന പ്രഖ്യാപിച്ചതാണ്. പ്രവാസികളെ സഹായിച്ചു എന്ന് കാണിക്കാന്‍ വേണ്ടി എയര്‍ടിക്കറ്റിന്റെ വര്‍ധന പരിഹരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായി കാണാം. പക്ഷേ, ഈ തുക എങ്ങനെ വിനിയോഗിക്കുമെന്ന് ഒരു നിര്‍ദേശവുമില്ല. പ്രവാസികളില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും കമ്പനികളാണ് ടിക്കറ്റ് നല്‍കുന്നത്. ടിക്കറ്റ് കൊടുക്കുക എന്നത് കമ്പനികളുടെ ഉത്തരവാദിത്വമാണ്. വിസയും മറ്റ് സൗകര്യവും ഇല്ലാത്ത
ആളുകളെ സഹായിക്കുക എന്നത് എംബസിയുടെ ചുമതലയാണ്. ടിക്കറ്റിന് വേണ്ടി മാറ്റിവെച്ചിട്ടുള്ള തുക പാവപ്പെട്ട പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ചികിത്സക്ക് വേണ്ടി മാറ്റിവച്ചിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനമാകുമായിരുന്നു. പ്രവാസികളോടൊപ്പം, നാട്ടിലെ പാവപ്പെട്ട ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന ബജറ്റ് നിരാശാ ജനകം: രാജു കല്ലുംപുറം.
2023-24 വര്‍ഷത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് ജനദ്രോഹപരവും പാവപ്പെട്ട ആളുകളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടമാക്കുകയും ചെയ്തു എന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുന്ന സമയത്ത് വീണ്ടും കൂടുതല്‍ നികുതി നിര്‍ദേശങ്ങള്‍ ജനജീവിതം ദുഷ്‌കരമാക്കുമെന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നുകരുതി എന്ത് തീരുമാനവുമെടുക്കാമെന്നാണ് ഭരണാധികാരികള്‍ കരുതുന്നതെങ്കില്‍ കേരള ത്തിലെ ജനങ്ങള്‍ തെരുവില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകും എന്നും രാജു കല്ലുംപുറം അഭിപ്രായപെട്ടു.
Content Highlights: kerala budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..