ഇന്ത്യൻ സ്കൂൾ മെഗാഫെയർ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാന്‍ വന്‍ ജനാവലി ഇസ ടൗണ്‍ കാമ്പസിലേക്ക് ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ സ്കൂളില്‍ മെഗാ ഫെയര്‍ നടക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ മെഗാഫെയര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി കുമാര്‍ ജെയിന്, യൂസഫ് യാക്കൂബ് ലാറി (ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്), സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്മാന് ജയഫര്‍ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എന്‍.എസ്, ബിനു മണ്ണില്‍ വറുഗീസ്, രാജേഷ് എം.എന്‍, അജയകൃഷ്ണന്‍ വി, മുഹമ്മദ് ഖുര്‍ഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ഷാനവാസ് പി.കെ, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബാന്‍ഡ് മേളത്തോടെ മെഗാ ഫെയര്‍ വേദിയിലേക്ക് ഇന്ത്യന്‍ അംബാസഡറെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിന്‍സ് എസ് നടരാജന് അധ്യക്ഷത വഹിച്ചു. മെഗാ ഫെയര്‍ വന്‍ വിജയമാക്കുന്നതിന് പങ്കുവഹിച്ചവര്‍ക്ക് പ്രിന്‍സ് നടരാജന് നന്ദി പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ ഓരോ വര്‍ഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് ധനസമാഹരണാര്‍ഥം നടത്തുന്ന മെഗാ ഫെയറിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രിന്‍സ് നടരാജന് പറഞ്ഞു. ഉദ്ഘാടനപ്രസംഗത്തില്‍, ഇന്ത്യന്‍ അമ്പാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഇന്ത്യന്‍ സ്കൂളിന്റെ അക്കാദമിക മികവിനെയും ആസൂത്രണ പാടവത്തെയും അധ്യാപകരുടെ അര്‍പ്പണബോധത്തെയും അഭിനന്ദിച്ചു. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാഭേച്ഛയില്ലാതെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ സ്കൂളിന് സാധിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.
പ്രിന്‍സ് നടരാജന് അമ്പാസഡര്ക്ക് മെമെന്റോ സമ്മാനിച്ചു. തുടര്‍ന്ന് സിദ്ധാര്‍ഥ് മേനോനും മൃദുല വാര്യരും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു. സച്ചിന് വാര്യര്‍, ആവണി, വിഷ്ണു ശിവ, അബ്ദുല്‍ സമദ് എന്നീ ഗായകരും അരങ്ങിലെത്തിയിരുന്നു. ലോക പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ ലണ്ടനിലേക്ക് യാത്ര നടത്തുന്ന ഫയാസ് അഷ്റഫ് അലി മെഗാ ഫെയര്‍ വേദിയിലെത്തി കാണികളെ അഭിവാദ്യം ചെയ്തു. പ്ലെഷര്‍ റൈഡേഴ്സ് ബഹ്റൈന്‍ അംഗങ്ങളും ബൈക്കുകളുമായി വേദിയിലെത്തി മെഗാ ഫെയറിന് അഭിവാദ്യം അര്‍പ്പിച്ചു. സമാപന ദിനത്തില്‍ ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. ഫെയര്‍ ടിക്കറ്റുകള്‍ സ്കൂളില്‍ ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്കൂള്‍ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാര്‍ട്ണര്‍ സ്റ്റാര്‍ വിഷനാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപങ്കാളിത്തത്തോടെ മികച്ച രീതിയില്‍ സ്കൂള്‍ മേള സംഘടിപ്പിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.
Content Highlights: indian school fair ambassador inaugurated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..