.
മനാമ: ബഹ്റൈനിൽ ഫോർമുലാ വൺ കാർ റെയ്സിന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കമായി. ആദ്യ ദിനമായ വെള്ളിയാഴ്ച തന്നെ സർക്യൂട്ടിലേക്ക് അക്ഷരാർത്ഥത്തിൽ കാണികളുടെ ഒഴുക്കു തന്നെയായിരുന്നു. മാർച്ച് 3 മുതൽ 5 വരെ മൂന്നു ദിവസങ്ങളിലായാണ് ഇത്തവണ ഗ്രാന്റ് പ്രീ അരങ്ങേറുന്നത്. ഇന്നലെ പ്രാക്ടീസ് സെഷനുകളാണ് അരങ്ങേറിയത്. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും കുറ്റമറ്റ രീതിയിൽ റാലി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണെന്ന് സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശെയ്ഖ് സൽമാൻ ബിൻ ഇസാ അൽ ഖലീഫ പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭരണകർത്താക്കളും ഫൈനൽ ദിവസമായ ഞായറാഴ്ച റാലി വീക്ഷിക്കാനെത്തുമെന്നാണറിയുന്നത്. ബഹ്റൈൻ ഉൽസവലഹരിയിലാണ്. രാജ്യത്തെ തെരുവോരങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ദേശീയപതാകകൾ ഒരു മാസം മുമ്പുതന്നെ നിരന്നുകഴിഞ്ഞു. വൻ സുരക്ഷയോടെയാണ് ഡ്രെെവർമാരെ വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ സർക്യൂട്ടിലെത്തിച്ചത്. ഇത്തവണയും റെക്കോർഡ് കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈൻ എയർപോട്ട് സർവീസിലെ ആയിരത്തോളം ജീവനക്കാർ രാപകലില്ലാതെ വിമാനത്താവളത്തിൽ ഫോർമുലാ വണ്ണിനെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള ജോലിയിലാണ്. റാലി വീക്ഷിക്കാനെത്തുന്നവർക്കു എളുപ്പത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറും വിമാനത്താവളത്തിൽനിന്ന് സർക്യൂട്ടിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സർക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വൺ വില്ലേജിൽ കാണികൾക്കായി വിനോദപരിപാടികൾ ഒരുക്കിയിട്ടുണ്ട് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൃത്ത-സംഗീതകാരന്മാരും രാജ്യത്തെത്തിയിട്ടുണ്ട്. സ്വദേശികൾക്കൊപ്പം വിദേശികളും കൂടുതലായി ഫോർമുലാവണ്ണിനെ വരവേൽക്കുന്നുവെന്നത് സംഘാടകർക്ക് ആഹ്ലാദമേകുന്നു. ബഹ്റൈന്റെ എല്ലാ വീഥികളിലും പ്രത്യേകിച്ച് സർക്യൂട്ടിലേക്കുള്ള വാഹനങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ട്രാഫിക് സംവിധാനങ്ങളിൽ പാളിച്ചയുണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകളും അധികൃതർ എടുത്തിട്ടുണ്ട്. ഫോർമുലാ വൺ ടിക്കറ്റുമായി ബഹ്റൈൻ വിമാനത്താവളത്തിലെത്തുന്നവർക്ക് ഉടനടി സന്ദർശകവിസ നൽകുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായി സർക്യൂട്ട് അധികൃതർ അറിയിച്ചു. എന്നാൽ വിസ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. അങ്ങിനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്. നൂറുകണക്കിനു വിദേശ മാധ്യമപ്രവർത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോർട്ടു ചെയ്യുവാനായി രാജ്യത്തെത്തിയിട്ടുള്ളത്. അതേസമയം ഗ്രാന്റ് പ്രീ സുരക്ഷിതമായി നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പബ്ളിക് സെക്യൂരിറ്റി അധികൃതർ അറിയിച്ചു.
ഫോർമുലാ വൺ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്ത് ടൂറിസം, വാണിജ്യം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ പ്രത്യക്ഷമായും പരോക്ഷമായും ഉയർച്ചയുണ്ടായതായി വിലയിരുത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ കുറ്റമറ്റ രീതിയിൽ ഫോർമുലാ വൺ സംഘടിപ്പിക്കാനായതിലും ജനസഹസ്രങ്ങളുടെ പിന്തുണ ലഭിച്ചതിലും സംഘാടകരും സംതൃപ്തരാണ്. കനത്ത സുരക്ഷയാണ് സർക്യൂട്ടിലും രാജ്യത്താകമാനവും ഏർപ്പെടുത്തിയിട്ടുള്ളത്.
Content Highlights: huge audience for bahrain formula one
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..