ഫ്രണ്ട്സ് നേതാക്കൾ ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയുമായി നടത്തിയ കൂടിക്കാഴ്ച
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ അധ്യക്ഷന്‍ ഖലീഫ അല്‍ ദഹ്റാനിയുടെ രക്ഷാധികാരത്തില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്, കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കള്‍ച്ചറല്‍ എക്സിബിഷന് ഡിസംബര്‍ 15ന് ആരംഭിക്കും. ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എക്സിബിഷന്, അല്‍ അഹ്ലി ക്ലബ്ബില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ചാണ് നടക്കുക.
ബഹ്റൈന്‍-അറബ് സാംസ്കാരിക തനിമയെ മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് നാലു ദിവസം നീണ്ടു നില്ക്കുന്ന 'ഇന്‍സ്പയര്‍' എന്ന പേരില്‍ നടക്കുന്ന എക്സിബിഷന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകള്‍ ആണ് എക്സിബിഷനില്‍ ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകള്‍, മള്‍ട്ടി മീഡിയ പ്രസന്റേഷനുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ഡിസ്പ്ലേ, കാര്‍ട്ടൂണ്‍, കാരിക്കേച്ചറുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകള്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
എക്സിബിഷന് ദിവസങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍, നാടന്‍ വിഭവങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യമേള, ബൗണ്‍സി കാസില്‍, ബഹ്റൈനിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികള്‍, പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങള്‍, കവിയരങ്ങ്, ചര്‍ച്ചാ സദസുകള്‍ എന്നിവയും നടക്കും.
എക്സിബിഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി ഫ്രണ്ട്സ് നേതാക്കള്‍ ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ അധ്യക്ഷന്‍ ഖലീഫ അല്‍ ദഹ്റാനിയുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മജ്ലിസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചു. കൂടിക്കാഴ്ചയില്‍ ഫ്രണ്ട്സ് വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, കേന്ദ്ര സമിതി അംഗം അബ്ദുല്‍ ഹഖ്, എക്സിബിഷന് പ്രൊഡക്ഷന്‍ കണ്‍വീനര്‍ മജീദ് തണല്‍ എന്നിവര്‍ പങ്കെടുത്തു. കോണ്‍വെക്സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് എക്സിബിഷന് കോര്‍ഡിനേറ്റര്‍ സാജിറും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹ്യുദ്ദീനും അറിയിച്ചു.
Content Highlights: friends association exhibition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..