.
മനാമ: ടിക്കറ്റു വിൽപ്പനയിൽ സർവകാല റെക്കോർഡുമായാണ് കായിക പ്രേമികൾ കാത്തിരിക്കുന്ന ബഹ്റൈൻ ഫോർമുലാ വൺ ഗ്രാൻപ്രീയ്ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നത്. സംഘാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇത്തവണ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ മാർച്ച് 3 മുതൽ 5 വരെ അരങ്ങേറുന്ന ഫോർമുലാ വൺ കാർ റെയ്സിൽ പങ്കെടുക്കുന്ന നിലവിലെ ലോക ചാമ്പ്യൻ മാർക്സ് വെസ്റ്റപ്പൻ അടക്കമുള്ള എല്ലാ ഡ്രെെവർമാരും ഇന്നലെ തങ്ങളുടെ അവസാന നിമിഷ തയ്യാറെടുപ്പുകളിലായിരുന്നു. അഞ്ചു ഭൂഖണ്ഡങ്ങളിലെ 33 രാജ്യങ്ങളിൽനിന്നുള്ള ഡ്രെെവർമാർ പങ്കെടുക്കുന്ന ഫോർമുലാ വൺ ഗ്രാന്റ്പ്രീ ബഹ്റൈൻ രാജ്യത്തിന് അക്ഷരാർത്ഥത്തിൽ ഒരു പൊൻതൂവൽ തന്നെയാണ്. സുരക്ഷയുടെ ഭാഗമായി സർക്യൂട്ടിലേക്കുള്ള റോഡുകളിൽ നിയമപാലകരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
റാലി വീക്ഷിക്കാനെത്തുന്നവർക്കു എളുപ്പത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറും വിമാനത്താവളത്തിൽനിന്ന് സർക്യൂട്ടിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നുമുണ്ട്. സർക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വൺ വില്ലേജിൽ കാണികൾക്കായി വിനോദപരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സെലബ്രിറ്റികൾ ഫൈനൽ ദിവസമായ മാർച്ച് 5 ന് റാലി വീക്ഷിക്കാനെത്തും. പ്രശസ്തരായ നൃത്ത-സംഗീതകാരന്മാരും രാജ്യത്തെത്തുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭരണകർത്താക്കളും ഫൈനൽ ദിവസത്തിലാകും വീക്ഷിക്കാനെത്തുക. ട്രാഫിക് സംവിധാനങ്ങളിൽ പാളിച്ചയുണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകളും അധികൃതർ എടുത്തിട്ടുണ്ട്.
ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായികമേളയിൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണാലിറ്റി, പാസ്പോർട്ട് ആന്റ് റസിഡൻസ് അഫയേഴ്സ്, കസ്റ്റംസ് അഫയേഴ്സ് ആൻഡ് എയർപോർട്ട് പൊലീസ്, ഗൾഫ് എയർ, മറ്റ് എയർലൈനുകൾ, ഹല ബഹ്റൈൻ, ബഹ്റൈൻ എയർപോർട്ട് സർവീസസ് എന്നിവയുടെ പ്രതിനിധികളും എല്ലാ തയ്യാറെടുപ്പുകളും അവലോകനം ചെയ്തു. ആഗോളതലത്തിൽ മോട്ടോർസ്പോർട്ടിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും കഴിഞ്ഞ വർഷത്തെ മത്സരത്തിലെ അസാമാന്യമായ ജനപങ്കാളിത്തവും ഇൗ വർഷം കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനുള്ള കാരണങ്ങളാണ്. എല്ലാ സന്ദർശകരും ബഹ്റൈന്റെ വിഖ്യാതമായ ആതിഥ്യവും സുഗമമായ വിമാനത്താവള അനുഭവവും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ് പ്രീ ദിനങ്ങളിൽ 98,000 പേരാണ് കാഴ്ചക്കാരായി എത്തിയത്.
നൂറുകണക്കിനു വിദേശ മാധ്യമപ്രവർത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോർട്ടു ചെയ്യുവാനായി രാജ്യത്തെത്താറുള്ളത്. ഫോർമുലാ വൺ കാർ റാലി രാജ്യത്തിന് വൻ സാമ്പത്തികനേട്ടം കൈവരിക്കുന്നുണ്ട്. ഫോർമുലാ വൺ സംഘടിപ്പിക്കുന്നതിൽ ബഹ്റൈന്റെ സംഘാടക പാടവം അഭിനന്ദനീയമാണെന്ന വിവിധ ഡ്രെെവർമാരുടെ വിലയിരുത്തൽ സംഘാടകർക്ക് ആവേശമാണ്. സ്വകാര്യ ജെറ്റുകളും ചാർട്ടേർഡ് ഫ്ളൈറ്റുകളും ഫൈനൽ ദിനമായ ഞായറാഴ്ചയാവും കൂടുതലായെത്തുക. സ്വദേശികൾക്കൊപ്പം വിദേശികളും കൂടുതലായി ഫോർമുലാവണ്ണിനെ വരവേൽക്കുന്നുവെന്നത് സംഘാടകർക്ക് ആഹ്ലാദമേകുന്നു. ഫോർമുലാ വൺ ടിക്കറ്റുമായി ബഹ്റൈൻ വിമാനത്താവളത്തിലെത്തുന്നവർക്ക് ഉടനടി സന്ദർശകവിസ നൽകുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായി സർക്യൂട്ട് അധികൃതർ അറിയിച്ചു. ഫോർമുല വൺ സീസണിന്റെ ആദ്യ റേസ് ബഹ്റൈനിൽ നടക്കുന്നത് ഇത് അഞ്ചാം തവണയാണ്.
Content Highlights: formula one grand prix begins today in bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..