ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടി (എല്‍.എം.ആര്.ഏ) 2017 ജൂലൈ 23 മുതല്‍ വിതരണം ചെയ്തു തുടങ്ങിയ ഫ്ളെക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് (ഫ്ളെക്സി)
2023 ഫെബ്രുവരിയില്‍ റദ്ദാക്കപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഫ്ളെക്സി വിസ റദ്ദാക്കുന്നതായി കഴിഞ്ഞ മാസം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഔപചാരികമായി റദ്ദാക്കുന്നതായി ബഹ്റൈന്‍ ആഭ്യന്തരവകുപ്പുമന്ത്രി ജനറല്‍ ഷെയ്ഖ് റാഷീദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവില്‍ ഫ്ളെക്സി വിസയിലുള്ളവര്‍ക്കു വൊക്കേഷണല്‍ വര്‍ക്ക് പെര്‍മിറ്റ് എന്ന പുതിയ സംവിധാനത്തിനായി അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17-നകം ഇവര്‍ അപേക്ഷ നല്‍കേണ്ടിവരും. എല്‍എംആര്‍എ സര്‍വീസ് സെന്ററുകളില്‍ നിശ്ചിത ഫീസ് അടച്ചുകഴിഞ്ഞാല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാണ്. പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കാത്തവര്‍ രാജ്യത്തു നിയമവിരുദ്ധമായി തങ്ങുന്നതായി കണക്കാക്കും.
ഫ്ളെക്സി വിസ നിര്‍ത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബര്‍ രജിസ്ട്രേഷന് സംവിധാനം കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ആറ് സെന്ററുകള്‍ക്കാണ് എല്‍.എം.ആര്.എ ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്ന് സി.ഇ.ഒ നൗഫ് അബ്ദുള്‍റഹ്മാന്‍ ജംഷീര്‍ അറിയിച്ചു.ഫ്ളെക്സി വിസയില്‍ ജോലി ചെയ്തിരുന്നവര്‍ ഫെബ്രുവരി 17-നുള്ളില്‍ ഈ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യണം. സ്വകാര്യ മേഖലയുമായി സഹകരിച്ച് രജിസ്ട്രേഷന് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് നിയമാനുസൃത രേഖകള്‍ സ്വന്തമാക്കി സുരക്ഷിതമായി രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരമാണ് ലേബര്‍ രജിസ്ട്രേഷന് സംവിധാനം ഒരുക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരംക്ഷിക്കുന്നതിന് എല്‍.എം.ആര്.എയുടെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കി. അംഗീകൃത ലേബര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് തൊഴിലാളി അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യഘട്ടം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ ഒപ്പം വെക്കണം. രജിസ്ട്രേഷന് സെന്റര്‍ എല്‍.എം.ആര്.എയ്ക്ക് പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കുകയും എല്‍.എം.ആര്.എ അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യും.
സൂക്ഷ്മ പരിശോധനയ്ക്കായി അപേക്ഷ നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്റ് റസിഡന്‍സ് അഫയേഴ്സിന് (എന്‍.പി.ആര്.എ) നല്‍കും. എല്‍.എം.ആര്.എ അംഗീകരിച്ച പേയ്മെന്റ് സെന്ററില്‍ തൊഴിലാളി നിശ്ചിത ഫീസ് അടക്കണം. തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് കാര്‍ഡിനായി തൊഴിലാളിക്ക് അപ്പോയിന്റ്മെന്റ് നല്‍കും. ബയോളജിക്കല്‍ ഡാറ്റ ശേഖരിക്കുകയും മെഡിക്കല്‍ പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്യൂ.ആര് കോഡ് പതിച്ച വര്‍ക്ക് പെര്‍മിറ്റ് കാര്‍ഡാണ് ലഭിക്കുന്നത്. ജോലി ചെയ്യാന്‍ അനുവദനീയമായ തൊഴില്‍ മേഖലയും മറ്റ് വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കും. നിലവിലെ ഫ്ളെക്സി വിസയുടെ കാലാവധി ബാക്കിയുണ്ടെങ്കില്‍ ശേഷിക്കുന്ന കാലത്തേക്കുള്ള ഫീസ് അപേക്ഷകന്റെ എല്‍.എം.ആര്.എ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ്. അംഗീകൃത ലേബര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളുടെ പട്ടികയും എല്‍.എം.ആര്.എ വെബ്സൈറ്റില്‍ ലഭ്യമാണ്. 17506055 എന്ന കോള്‍ സെന്റര്‍ വഴി അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.
Content Highlights: flexible work permit to be cancelled in bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..