ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി അധികൃതർ വാർത്ത സമ്മേളനത്തിൽ
മനാമ: സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയിലെ ഹാങ്ഷൗയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 18 കായിക ഇനങ്ങളില്‍ ബഹ്റൈന്‍ മത്സരിക്കും. മുന്‍ ഏഷ്യന്‍ ഗെയിംസില്‍ കൈവരിച്ച 24 മെഡലുകള്‍ എന്ന നേട്ടം മറികടക്കാനുതകുന്ന തരത്തിലുള്ള തീവ്ര പരിശീലനമാണ് ടീം നടത്തുന്നതെന്ന് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) അധികൃതര്‍ വിന്ധാം ഗ്രാന്‍ഡ് ഹോട്ടലില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 2022ല്‍ നടക്കേണ്ടിയിരുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസ് കോവിഡ്-19 ആശങ്കകള്‍ കാരണമാണ് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്.
ഇത്തവണ 482 വ്യക്തിഗത ഇനങ്ങളിലും 40 ഗെയിമുകളിലുമായി ഏഷ്യയിലെ മുന്‍നിര കായികതാരങ്ങള്‍ മാറ്റുരയ്ക്കും. അത്ലറ്റിക്സ്, ഹാന്‍ഡ്ബോള്‍, ബോക്സിംഗ്, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, ഗുസ്തി, ജിയു-ജിറ്റ്സു, റോവിംഗ്, ഷൂട്ടിംഗ്, സൈക്ലിംഗ്, ടേബിള്‍ ടെന്നീസ്, തായ്ക്വോണ്ടോ, സെയ്‌ലിംഗ് തുടങ്ങി 13 ഇനങ്ങളിലെ ബഹ്‌റൈന്റെ പങ്കാളിത്തം ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍, ഇ-സ്പോര്‍ട്സ്, ക്രിക്കറ്റ് എന്നീ ഇനങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ബി.ഒ.സി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
ബി.ഒ.സി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം കടുത്ത മല്‍സരത്തിലൂടെ കൂടുതല്‍ മെഡലുകള്‍ കൈവശപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടക്കുന്നത്. അത്ലറ്റിക്സ്, ജൂഡോ, ഭാരോദ്വഹനം എന്നിവയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബി.ഒ.സി സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കൂഹേജി, ബി.ഒ.സി ടെക്നിക്കല്‍ ഡയറക്ടര്‍ ലൂണ്‍സ് മഡെന്‍, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന്‍ അല്‍ മുസല്ലം, ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസ് സൂപ്പര്‍വിഷന്‍ ആന്‍ഡ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ സീ നിങ്, ഒ.സി.എ പ്രൊജക്റ്റ് ആന്റ് ഓപ്പറേഷന്‍സ് മാനേജര്‍ വിസാം ട്രക്മണി, ഹാങ്ഷൂ മഗയിംസിലേക്കുള്ള ബഹ്‌റൈന്റെ ഷെഫ് ഡി മിഷന്‍ അഹമ്മദ് അബ്ദുള്‍ഗാഫര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
അത്ലറ്റിക്സ്, ഹാന്‍ഡ്ബോള്‍, ബോക്സിംഗ്, ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ജിയു-ജിറ്റ്സു എന്നിവ ഉയര്‍ന്ന മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളാണെന്ന് ബി.ഒ.സി സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കൂഹേജി പറഞ്ഞു. തുഴച്ചില്‍, ഷൂട്ടിംഗ്, സൈക്ലിംഗ്, ടേബിള്‍ ടെന്നീസ്, ത്വായിക്കൊണ്ടോ, സെയിലിംഗ് എന്നിവയും മെഡല്‍ സാധ്യതയുള്ളവയാണ്. 2010 ല്‍ ചൈനയിലെ ഗാങ്ഷൗയില്‍ നടന്ന ഗെയിംസില്‍ ഒന്‍പത് മെഡലുകളുമായി 14 ാം സ്ഥാനത്തായിരുന്നു ബഹ്‌റൈന്‍. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകള്‍ കരസ്ഥമാക്കി, ബഹ്‌റൈന്‍ 12ാം സ്ഥാനം നേടിയിരുന്നു. 2018ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലംബംഗിലുമായി നടന്ന ഗെയിംസില്‍ 10 സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 24 മെഡലുകളായി ബഹ്‌റൈന്റെ നേട്ടം ഉയര്‍ന്നു. 12 ാം സ്ഥാനം നിലനിര്‍ത്തി അഭിമാനാര്‍ഹമായ നേട്ടമാണ് രാജ്യം കൈവരിച്ചത്.
സ്ഥിരീകരണം കാത്തിരിക്കുന്ന അഞ്ച് കായിക ഇനങ്ങളില്‍ ബഹ്റൈന്റെ പങ്കാളിത്തം സംബന്ധിച്ച് ജൂണ്‍ അവസാനത്തോടെ വ്യക്തതയുണ്ടാകും.
1974-ലെ ഏഷ്യന്‍ ഗെയിംസില്‍ ബഹ്റൈന്‍ ആദ്യമായി പങ്കെടുത്തതിനുശേഷം എണ്‍പത്തിരണ്ട് മെഡലുകളാണ് രാജ്യം നേടിയിട്ടുള്ളത്. ഇത് വലിയ നേട്ടമാണെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന്‍ അല്‍ മുസല്ലം പറഞ്ഞു.
Content Highlights: bahrain news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..