.
മനാമ: വയനാട് മുസ്ലീം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യ കാര്യദര്‍ശിയും വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 65 വര്‍ഷത്തിലേറെ കാലമായി നേതൃത്വം വഹിക്കുന്ന എം എ ജമാല്‍ സാഹിബിനെ ബഹ്റൈനിലെ പൗരാവലിയടെയും ചാപ്റ്റര്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജൂണ്‍ 9 നു സ്‌നേഹാദരം നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനാമ കെഎംസിസി സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ റാഷിദ് ഗസ്സാലി, മുജീബ് ഫൈസി, അണിയാരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. 'സ്‌നേഹാദരം സംഗമം' ബഹ്റൈന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എംഎ മുഹമ്മദ് ജമാലിന്റെ 'സച്ചരിതന്റെ ഉദ്യാനം' എന്ന ജീവചരിത്ര പുസ്തക പ്രകാശനം ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ബഹ്റൈനിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കോളോടന്‍ കുഞ്ഞി പോക്കര്‍ ഹാജി സൗജന്യമായി നല്‍കിയ നാല് ഏക്കര്‍ സ്ഥലത്ത് 1967 ല്‍ സയ്യിദ് അബ്ദുള്‍റഹിമാന്‍ ബാഫഖി തങ്ങള്‍ 6 അനാഥ കുട്ടികളെ ചേര്‍ത്ത് ആരംഭം കുറിച്ച വയനാട് മുസ്ലീം ഓര്‍ഫനേജിനെ ഇന്ന് കാണുന്ന രീതിയില്‍ ഉയര്‍ച്ചയിലേക്ക് മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കാണ് ജമാലിനുള്ളത്. ജില്ലയില്‍ ആദ്യമായി സി.ബി.എസ്.ഇ സ്‌കൂള്‍ തുടങ്ങിയത് ജമാലിന്റെ ക്രാന്തദര്‍ശിത്വത്തിന്റ തെളിവാണ്. ഒരു എയ്ഡഡ് കോളേജ്, ഒരു അണ്‍ എയ്ഡഡ് കോളേജ്, സ്‌പെഷ്യല്‍ സ്‌കൂള്‍, നാല് സിബിഎസ്ഇ സ്‌കൂളുകള്‍, രണ്ടു ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, അറബിക് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഡബ്ലൂ.എംഒക്ക് കീഴില്‍ ഉള്ളത്. പതിനായിരത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഡബ്ലൂ.എംഒയുടെ വിവിധ സ്ഥാപങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നത്.
1967 ല്‍ ഡബ്ലൂ.എംഒ ആരംഭിക്കുന്നതിന്റെ ആദ്യ ആലോചന യോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നപ്പോള്‍ ഈ യോഗത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജമാല്‍. അദ്ദേഹം ഇന്ന് ഡബ്ലൂ.എംഒ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 37 വര്‍ഷം പിന്നിടുകയാണ്. വയനാട്ടിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ സംഘബോധത്തിന്റെയും പ്രചാരകനായി വയനാട്ടിലെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനും ജമാല്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മൈസൂര്‍ കല്യാണത്തിന്റെയും സ്ത്രീധന വിവാഹത്തിന്റെയും തീരാദുരിതത്തില്‍ നട്ടം തിരിഞ്ഞ ജാതി മത ഭേദമന്യേ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി സ്ത്രീധനരഹിത വിവാഹ സംഗമം ബഹ്റൈന്‍ കമ്മിറ്റിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച മാര്യേജ് ഫെസ്റ്റ് ജമാലിന്റെ ഇടപെടലിന്റെ മകുടോദാഹരണമാണ്.
അഷ്റഫ് കാട്ടില്‍പീടിക, കാസിം റഹ്‌മാനി വയനാട്, ശറഫുദ്ധീന്‍ മാരായമംഗലം റഫീഖ് നാദാപുരം, ഇസ്മായില്‍ പയ്യന്നൂര്‍, ഹുസൈന്‍ പി ടി, ഹുസൈന്‍ മക്കിയാട് ഫതുദ്ധീന്‍ മേപ്പാടി, മുഹ്സിന്‍ പന്തിപ്പൊയില്‍, സഫീര്‍ നിരവില്‍പുഴ എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു.
Content Highlights: Bahrain


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..