കൊച്ചി: 'നിങ്ങള്‍ തനിച്ചല്ല, കാതോരത്ത് ഞങ്ങളുണ്ട്' എന്നാണ് ഓരോ പോഡ്കാസ്റ്ററും കേള്‍വിക്കാരോടു പറയുന്നത്. റേഡിയോ തന്നെയല്ലേ 'പോഡ്കാസ്റ്റ്' എന്നു സംശയിക്കുന്നവരുണ്ട്. കാതോരത്ത് വിജ്ഞാനവും വിനോദവും പകരുന്നവയാണ് രണ്ടും. എന്നാല്‍, താത്പര്യമുള്ള വിഷയം തിരഞ്ഞെടുത്ത് കേള്‍ക്കാം എന്നതാണ് 'പോഡ്കാസ്റ്റ്' എന്ന നവ മാധ്യമത്തിന്റെ പ്രത്യേകത. വാര്‍ത്തകളും ആശയങ്ങളും അഭിപ്രായങ്ങളും കഥയും കവിതയുമൊക്കെ ശബ്ദരൂപത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതാണ് പോഡ്കാസ്റ്റുകള്‍.

പോഡ്കാസ്റ്റിങ്ങിന്റെ തുടക്കം ഐ പോഡ് കാലത്താണ്. ബ്രോഡ്കാസ്റ്റും ഐ പോഡിലെ പോഡും ചേര്‍ന്ന് പോഡ്കാസ്റ്റ് ആയി. കൊച്ചി കേന്ദ്രമാക്കിയ ഒട്ടേറെ പോഡ്കാസ്റ്റര്‍മാരുണ്ട്. 35 അംഗങ്ങളുമായി മലയാളി പോഡ്കാസ്റ്റ് കമ്യൂണിറ്റിയും ഉണ്ട്.

കേട്ടുപഠിക്കാം

സര്‍ക്കാര്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് വിവരങ്ങളും അറിയിപ്പുകളും നല്‍കാന്‍ പോഡ്കാസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. മ്യൂസിയങ്ങള്‍ പ്രദര്‍ശന വസ്തുക്കളുടെ വിശദാംശങ്ങള്‍ പോഡ്കാസ്റ്റ് വഴി സന്ദര്‍ശകര്‍ക്ക് എത്തിക്കുന്നു. വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ പോഡ്കാസ്റ്റ് രൂപത്തിലുണ്ട്. ക്ലാസുകള്‍ കേട്ടുപഠിക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൈബര്‍ പ്രചാരണമാണ് മുഖ്യം. വോട്ടഭ്യര്‍ഥന പോഡ്കാസ്റ്റുകളായി വരും. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിഥികള്‍ക്ക് സന്ദേശങ്ങള്‍ നല്‍കാനും പോഡ്കാസ്റ്റ് ഉപയോഗിക്കുന്നു.

സാധ്യതകള്‍ തിരിച്ചറിയണം

ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള ആര്‍ക്കും പോഡ്കാസ്റ്റ് കേള്‍ക്കാം. താത്പര്യമുള്ള വിഷയം, സൗകര്യമുള്ള സ്ഥലത്ത്, സമയത്ത് കേള്‍ക്കാനും സാധിക്കും. ഭൂരിപക്ഷം പോഡ്കാസ്റ്റുകളും സൗജന്യമാണ്. ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകളിലുമുണ്ട്.

ടീ ടോക്‌സ് (ജിഷ്ണു പ്രസാദ്), ലൈഫ് ലൈന്‍ (മേഘ വി.ജെ.), ഹിസ് പിങ്ക് ഡയറി (അണ്‍നോണ്‍), മലയാളം പോഡ്കാസ്റ്റ് (ക്രിഷ്), ദില്ലി ദാലി (എസ്. ഗോപാലകൃഷ്ണന്‍), പഹയന്‍സ് (വിനോദ് നാരായണ്‍) തുടങ്ങിയവ ഏറെ ശ്രോതാക്കളുള്ള പോഡ്കാസ്റ്റുകളാണ്.

- റെനീഷ്യ മഹേഷ്,

പോഡ്കാസ്റ്റര്‍ (എന്നോടൊപ്പം), എളമക്കര

Content Highlight; world podcast day 2020