സര്‍വഗുണസമ്പന്നനായ നായകനും ദോഷങ്ങളും ദുര്‍ചെയ്തികളും മാത്രം കൈമുതലായുള്ള പ്രതിനായകനും. ഇവര്‍ തമ്മിലുള്ള പോരിനൊടുവില്‍ നന്മയുടെ പ്രതിനിധിയായ നായകന്‍ അന്തിമവിജയം കൈവരിക്കുകയും തിന്മ മണ്ണടിയുകയും ചെയ്യുന്നു. ഈ നന്മ- തിന്മ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നുപോരുന്ന ശീതസമരങ്ങളാണ് പുരാണേതിഹാസങ്ങളും മുത്തശ്ശിക്കഥകളും അടിസ്ഥാന വിഷയമാക്കിയത്. സ്വാഭാവികമായും ഇത്തരം കഥകളെ പിന്‍പറ്റി സിനിമാക്കഥളുടെയും അടിസ്ഥാന പ്രമേയം അത്തരത്തിലുള്ളതായി. ഭൂരിഭാഗം സിനിമകള്‍ക്കും നായകനും വില്ലനും, നന്മയും തിന്മയും പശ്ചാത്തലമായി.

നന്മ തന്നെയാണ് ആത്യന്തികമായി വിജയം കാണേണ്ടതെങ്കിലും തിന്മകള്‍ക്കു പിന്നിലുണ്ടായേക്കാവുന്ന ആര്‍ദ്രമായ അടരുകളും മാനുഷികതലവും തേടിയുള്ള അന്വേഷണം ഇടയ്ക്കൊക്കെ സംഭവിച്ചുകൊണ്ടിരുന്നു. സിനിമകളുടെ പ്രമേയത്തിലെ ഈ വേറിട്ട അന്വേഷണത്തെ പ്രേക്ഷകര്‍ എപ്പോഴും പുതുമയോടെ വീക്ഷിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവുമൊടുവില്‍ ബേസില്‍ ജോസഫിന്റെ 'മിന്നല്‍ മുരളി'യിലെ പ്രതിനായകനിലാണ് കാണികള്‍ ഇത്തരത്തിലുള്ള ഗുണവിശേഷം കണ്ടത്.