മണികര്‍ണിക- കവിത

Published: Sep 7, 2020, 09:34 AM IST
Rajesh
വാരണാസിയിലെ ഗംഗാതീരത്തുള്ള ഒരു മഹാശ്മശാനമാണ് മണികര്‍ണിക
# കവിത; രാജേഷ് പനയന്തട്ട, ആലാപനം ശ്രീയുക്താ രാജാ
Manikarnika

ബദ്ധസാധ്വസം വീണു നമസ്‌കരിക്കും പോലെ
കുമ്പിട്ടുനില്‍ക്കുമംബരം ചുടലഭസ്മത്തില്‍
അടിമുടി കുളിച്ചതിവിശുദ്ധയാം  പൃഥ്വി  
ആളുമഗ്‌നിയെ പുണരുവാന്‍  വെമ്പും സമീരന്‍  
ജന്മജന്മാന്തരങ്ങളെ എത്രയോ ചുംബിച്ച
ഗംഗ തന്‍ പവിഴാധര മധുരസ്പര്‍ശനം  
പഞ്ചഭൂതസമ്മേളിതം മായാവിമോഹിതം
ഇതു മണികര്‍ണികാതീര മഹാശ്മശാനം
 
ശിവമൂലി ലഹരി സിരകളെത്തഴുകും  
രാവിന്‍ നിഗൂഡയാമങ്ങള്‍ പാതിവെന്ത നര-
മാംസഗന്ധം പടരുന്ന മോഹതീരത്തിന്റെ  
അദ്ധ്യാത്മപ്രദീപക രഹസ്യപ്പൊരുള്‍ തേടി
കത്തും ചിതാഗ്‌നികുണ്ഡത്തിന്‍ ചാരെ നിരാകാര
നിര്‍വികാരത്തില്‍ ലയിക്കും  അഘോരധ്യാനങ്ങള്‍  
 
ഒരുകൈയില്‍ മുറവും ഒട്ടിയ വയറുമായ്
മലിനാംബരം ചുറ്റി അലസം പ്രാകിപ്രാകി
ഇരിപ്പുണ്ടൊട്ടു മാറി ഒരു വൃദ്ധ ചുറ്റിലും
എന്തോ തിരഞ്ഞുകൊണ്ടൊരു നെടുനിശ്വാസമായ്
 
പുകഞ്ഞൊടുങ്ങിയ ചന്ദനത്തിരി വഴിയില്‍
പൊട്ടിയ കുടങ്ങള്‍ നല്‍ചെമ്പട്ടിന്‍ ശവക്കച്ച
ജടാവല്‍ക്കലധാരിയൊരു താപസരൂപി
ചുടലയെ വലംവെച്ചു തൊഴുതു നില്‍ക്കുന്നു
 
ആത്മസത്യപ്പൊരുള്‍ ചുടലയെന്നറിഞ്ഞവര്‍
ചുടല കാക്കാന്‍ ഭാംഗിന്‍ ലഹരിയെ തേടുവോര്‍
താളവാദ്യങ്ങള്‍ ഘോഷങ്ങള്‍ ശവമഞ്ച യാത്ര
ആര്‍പ്പുവിളികള്‍ നൃത്തങ്ങള്‍ വറ്റിയ കണ്ണുനീര്‍  
 
ചുറ്റിലും കത്തിയെരിയുന്ന ചിതകള്‍ ഊഴം
കാത്തു കിടക്കും ജഡങ്ങള്‍ വ്യഥകളൊഴിഞ്ഞോര്‍
താലിപൊട്ടിയോര്‍ ആശ്രയമറ്റവര്‍ ഉറ്റവര്‍  
ജീവിതപ്പാതിവഴിയില്‍ ഏകരായ് തീര്‍ന്നവര്‍
 
തലമുണ്ഡനം ചെയ്തന്ത്യ കര്‍മ്മികളാകുവാന്‍
ഗംഗയില്‍ മുങ്ങിനീരാടി ഈറനായ് നില്‍പ്പവര്‍
ശവദാഹവിറകു വിലപേശിവില്‍ക്കുവോര്‍
അവസാനയാത്രക്കൊരുക്കുന്ന ചമയങ്ങള്‍
ഇതു മണികര്‍ണികാതീരം കര്‍മ്മബന്ധത്തിന്‍
കെട്ടുകളറുക്കുവാന്‍ ആത്മാക്കള്‍ തപമാണ്ടു
താരകാമന്ത്രനാദ ബ്രഹ്‌മത്തില്‍ അലിയുമ്പോള്‍
മൂകസാക്ഷിയാം കാലം വിറയാര്‍ന്നു പാടുന്നു
 
ജനനവും മരണവും നേര്‍ത്ത മൂടുപട
മറവില്‍ ഇഴചേര്‍ത്ത വെറുമൊരു സങ്കല്പം  
അമൂര്‍ത്തമജ്ഞാതമാം ആത്മസത്യത്തിന്‍ പൊരുള്‍  
അറിയുന്നതേ അതില്‍ അലിയുന്നതേ പുണ്യം

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.