സെപ്റ്റംബര്‍ 21 ലോക അല്‍ഷൈമേഴ്സ് ദിനമായി ആചരിക്കുകയാണ്.  കുടുംബാംഗങ്ങള്‍ക്ക് പോലും പെട്ടെന്ന് തിരിച്ചറിയാനാവില്ല എന്നതാണ് അല്‍ഷൈമേഴ്സ് രോഗത്തിന്റെ പ്രത്യേകത. മരുമക്കളെ കുറ്റംപറയുന്ന, നിസ്സാര കാര്യങ്ങള്‍ക്ക് പിടിവാശി കാണിക്കുന്ന, തനിക്ക് ഭക്ഷണം തരുന്നില്ലെന്നും വേണ്ടവിധം നോക്കുന്നില്ലെന്നും പറയുന്ന പല പ്രായമായവരെയും നമ്മുടെ സമൂഹത്തില്‍ കാണാം. അയല്‍ക്കാരുമായും ബന്ധുക്കളുമായും ഇവര്‍ എപ്പോഴും പ്രശ്നമുണ്ടാക്കുന്നു. ഇന്നലത്തെ കാര്യം ഓര്‍മ്മയില്ലാത്ത ഇവര്‍ക്ക് പക്ഷേ 30 വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍ക്കാനും സാധിക്കാറുണ്ട്. ഇതെല്ലാം മറവിയുടെ ആഴങ്ങളിലേക്ക് അവര്‍ വീണുകൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് കുടുംബ ബന്ധങ്ങളെ തന്നെ ശിഥിലമാക്കും. ഇത്തരം രോഗീ അനുഭവങ്ങളെക്കുറിച്ചും അല്‍ഷൈമേഴ്സ് രോഗത്തെക്കുറിച്ചും സംസാരിക്കുകയാണ് കുമ്പിടി സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. സലീം പല്ലിശ്ശേരിക്കുഴിയില്‍.