കോൺഗ്രസിന്‌ പുതിയ പ്രസിഡന്റ്‌ വരുമ്പോൾ


കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ക്ഷീണമകറ്റി പക്വതയോടെ, ഊർജസ്വലമായി മുന്നോട്ടുനയിക്കുയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുധാകരനിൽ നിക്ഷിപ്തമാകുന്നത്. അതിനുകഴിയട്ടേ എന്നാശംസിക്കുന്നു

editorial

കാത്തിരിപ്പിനൊടുവിൽ കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ചിരിക്കയാണ്. തനതായ ശൈലികൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച കണ്ണൂരിൽനിന്നുള്ള തീപ്പൊരി നേതാവിന് മരവിച്ചുകിടക്കുന്ന കേരളത്തിലെ കോൺഗ്രസിനെ തട്ടിയുണർത്താൻ പറ്റുമോ എന്നതാണ് ചോദ്യം. പരമ്പരാഗത സമ്മർദഗ്രൂപ്പുകൾക്ക് വഴങ്ങി നിർണായകതീരുമാനങ്ങളെടുക്കുക, അല്ലെങ്കിൽ ഹൈക്കമാൻഡിന്റെ ഏകപക്ഷീയതീരുമാനം അടിച്ചേൽപ്പിക്കുക - ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്നവകാശപ്പെട്ടിരുന്ന കോൺഗ്രസിലെ നടപ്പുരീതിയാണിത്. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. വലിയ തിരിച്ചടികളുടെ വർത്തമാനത്തിലും പഴയനില തുടർന്നാൽ ഹൈക്കമാൻഡ് ആ പേരിനുപോലും അനർഹമാകുമെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. പ്രവർത്തകരുടെ വികാരം മാനിച്ച് മേജർ ശസ്ത്രക്രിയയ്ക്കുതന്നെ നേതൃത്വം തയ്യാറായി. വി.ഡി.സതീശനെ പ്രതിപക്ഷനേതാവാക്കിയതിനുപിറകെ കെ. സുധാകരനെ കെ.പി.സി.സി.പ്രസിഡന്റായി നിയോഗിച്ചത് വഴിമാറി നടപ്പിന്റെ സൂചനതന്നെയാണ്.

ഹൈക്കമാൻഡ് നാമനിർദേശംചെയ്തുവെന്ന്‌ സാങ്കേതികമായി പറയാമെങ്കിലും ഒരർഥത്തിൽ പൂർണ ജനാധിപത്യപരമായ തിരഞ്ഞെടുപ്പാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ കാര്യത്തിൽ ഇപ്പോഴുണ്ടായത്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളുമായി ഒന്നിലേറെത്തവണ ആലോചിച്ചും പ്രവർത്തകരിൽനിന്ന് ലഭിച്ച സന്ദേശങ്ങളിലെ താത്‌പര്യം ഉൾക്കൊണ്ടുമാണ് കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി നിയോഗിച്ചതെന്നാണ് വിവരം. എല്ലാ ഘടകങ്ങളുടെയും സമ്മേളനങ്ങൾ കൃത്യമായി നടത്തി ഭാരവാഹികളെ യഥാസമയം ജനാധിപത്യപരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന നിലയിലേക്ക് കോൺഗ്രസിനെ കേരളത്തിലെങ്കിലും എത്തിക്കാൻ കെ. സുധാകരന് കഴിഞ്ഞാൽ താഴെത്തട്ടിൽ സംഘടനയെ സചേതനമാക്കാനാകും.

കെ. മാധവൻ നായരും കെ. കേളപ്പനും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും കെ.എ. ദാമോദരമേനോനും സി.കെ.ഗോവിന്ദൻ നായരും അടക്കമുള്ള ആദ്യകാലനേതാക്കളും പിന്നീട് യുവത്വത്തിന്റെ ത്രസിപ്പോടെയെത്തിയ പുത്തൻകൂറ്റുകാരായ എ.കെ.ആന്റണി, വയലാർ രവി മുതൽപ്പേരും ഇരുന്ന കസേരയാണ് കെ.പി.സി.സി. പ്രസിഡന്റിന്റേത്. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് കെ.സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാൻഡ് അവരോധിച്ചത്. പ്രവർത്തകരുടെയും അണികളുടെയും താത്‌പര്യവും വികാരവും ഉൾക്കൊള്ളുന്നതിനൊപ്പം അവർക്ക് സംഘടനാപ്രവർത്തനത്തിൽ പുതിയ ദിശാബോധം പകരുകയാണ് പുതിയ നേതൃത്വത്തിൽനിന്നുള്ള പ്രതീക്ഷ. വലിയ റാലികളിലെ ആവേശപ്രസംഗവും തുടർ പ്രസ്താവനകളുമല്ല, ജനങ്ങളുമായി നിരന്തരബന്ധമാണ്, ബഹുജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് യഥാർഥ രാഷ്ട്രീയപ്രവർത്തനത്തിന്റെ ജീവൻ. ആ സംഘടനാപാഠത്തിലേക്ക് ഉണർത്തുകയെന്നതാണ് അതിജീവനത്തിന്റെ വഴി. സംഘടന എന്നതിനുപകരം സ്ഥാനമാനങ്ങൾ എന്ന പ്രലോഭനത്തിനടിപ്പെടുന്നതും അതിനുള്ള മാത്സര്യത്തിന്റെ ഫലമായി നേതൃത്വത്തെ ആൾക്കൂട്ടമാക്കുകയും നേതൃയോഗംപോലും അപ്രായോഗികമാക്കുകയും ചെയ്യുന്ന പ്രവണത ഭൂതകാലത്തിന്റേതാണെന്ന് ഉറപ്പിച്ചുപറയാൻ സുധാകരന് സാധിക്കുമോ എന്നതാണ് വെല്ലുവിളി. സ്ഥാനമാനങ്ങൾക്കുവേണ്ടി ഗ്രൂപ്പുകളായിനിന്ന് നടത്തിയ മത്സരവും അതിന്റെ ഭാഗമായുള്ള ഉപജാപവും തടയാൻ കഴിയാഞ്ഞതാണ് മുൻ നേതൃത്വത്തിന്റെ പരാജയത്തിനുകാരണം. ഗ്രൂപ്പുകളുടെ പരസ്പരമത്സരവും അതിനൊപ്പം ഐക്യവും എന്നതാണ് കോൺഗ്രസിൽ കുറെക്കാലമായി അനുവർത്തിക്കുന്ന നയം. ഉള്ള സ്ഥാനങ്ങൾ സമവായത്തിലൂടെ വീതംവെക്കുന്നതിനുള്ള മധ്യസ്ഥന്റെ റോളിൽ ഹൈക്കമാൻഡിന് നിലകൊള്ളേണ്ടിവന്ന ദുരവസ്ഥയായിരുന്നു പലപ്പോഴും.

വിദ്യാർഥിരാഷ്ട്രീയംമുതൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയ, അരനൂറ്റാണ്ടിലേറെ നേതൃപാരമ്പര്യമുള്ള നേതാവാണ് കെ. സുധാകരൻ. നിയമസഭാംഗവും മന്ത്രിയും പാർലമെന്റംഗവുമെന്ന നിലയിൽ പരിചയസമ്പന്നനായ സുധാകരനെതിരേ വലിയ വിവാദങ്ങളും എതിർപ്പുകളുമുയർന്നിട്ടുണ്ടെന്നത് വസ്തുതയാണ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ക്ഷീണമകറ്റി പക്വതയോടെ, ഊർജസ്വലമായി മുന്നോട്ടുനയിക്കുയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുധാകരനിൽ നിക്ഷിപ്തമാകുന്നത്. അതിനുകഴിയട്ടേ എന്നാശംസിക്കുന്നു.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented