പാക്കേജ് ആശ്വാസം: തകർച്ച കണക്കാക്കണം


വ്യാപാരവ്യവസായ മേഖലയിലുണ്ടായ തകർച്ചയുടെ വ്യാപ്തിയും ആഴവും സംബന്ധിച്ച് ശരിയായ ഒരു കണക്കെടുപ്പിന് സർക്കാർ ഇതേവരെ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ വിശദമായ കണക്കെടുപ്പും വിശകലനവും ഇനിയും വൈകിക്കൂടാ. കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ട കാര്യമല്ല അത്. ചില മേഖലകളിൽ സമ്പൂർണ തകർച്ചയുണ്ടായിട്ടുണ്ട്

editorial

മഹാമാരി തകർത്ത ചെറുകിട വ്യാപാര,വ്യവസായ മേഖലകൾക്ക് സഹായം നൽകുന്നതിനുള്ള ഒരു പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുമാനനഷ്ടം കാരണമുള്ള പ്രതിസന്ധിഘട്ടത്തിലും പലിശ എഴുതിത്തള്ളലടക്കം 5650 കോടി രൂപയുടെ സഹായം നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.
കേന്ദ്ര-സംസ്ഥാന ധനകാര്യസ്ഥാപനങ്ങളിൽനിന്നും സഹകരണമേഖലയിലെയടക്കം ബാങ്കുകളിൽനിന്നും വ്യാപാര,വ്യാവസായ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ പലിശയിൽ നാലുശതമാനം ആറുമാസത്തേക്ക് സർക്കാർ വഹിക്കും. രണ്ടായിരം കോടി രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര,വ്യവസായ സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെയുള്ള വാടക ഒഴിവാക്കിക്കൊടുക്കാനും ആ കാലയളവുവരെയുള്ള വൈദ്യുതി ഫിക്‌സഡ് ചാർജ് പിരിക്കാതിരിക്കാനുമുള്ള നിർദേശവും വലിയ ആശ്വാസമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാണിജ്യസമുച്ചയങ്ങളിലെ മുറികളുടെ വാടകയുംകൂടി ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാർ നിർദേശിക്കണം.

കേരള ഫിനാൻസ് കോർപ്പറേഷന്റെയും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെയും ഇടപാടുകാരായ വ്യാപാരി,വ്യാവസായികൾക്ക് വായ്പയുടെയും ചിട്ടിയുടെയും മുടങ്ങിയ ഗഡുക്കളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളും ധനമന്ത്രി അവതരിപ്പിച്ച പാക്കേജിലുണ്ട്. ഇപ്പോൾ അനുഭവിക്കുന്ന ദുരിതവുമായി തട്ടിച്ചുനോക്കുമ്പോൾ അപര്യാപ്തമാണെങ്കിലും ഇത്രയെങ്കിലുമായല്ലോ എന്നതാണ് ആശ്വാസം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് പലിശ ഇളവോടെയും ജാമ്യവ്യവസ്ഥ ഉദാരമാക്കിയും വായ്പലഭ്യമാക്കുമെന്ന പ്രഖ്യാപനം സംരംഭകത്വമേഖലയിൽ അല്പമെങ്കിലും ഉണർവേകും.

എന്നാൽ, വ്യാപാര,വ്യവസായ മേഖലയിലുണ്ടായ തകർച്ചയുടെ വ്യാപ്തിയും ആഴവും സംബന്ധിച്ച് ശരിയായ ഒരു കണക്കെടുപ്പിന് സർക്കാർ ഇതേവരെ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ വിശദമായ കണക്കെടുപ്പും വിശകലനവും ഇനിയും വൈകിക്കൂടാ. കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ട കാര്യമല്ല അത്. ചില മേഖലകളിൽ സമ്പൂർണ തകർച്ചയുണ്ടായിട്ടുണ്ട്. ഒന്നരക്കൊല്ലത്തിലേറെയായി വെറുതേയിട്ടിരിക്കുന്ന സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, മറ്റ് ടാക്സി വാഹനങ്ങൾ എന്നിവ ഏറെയാണ്. വൻതുക വായ്പയെടുത്ത് കോവിഡുകാലത്ത് ഒരൊറ്റ ഗഡുപോലും അടയ്ക്കാനാവാത്ത ദുഃസ്ഥിതിയിലകപ്പെട്ടവർ. ചെറുകിട വ്യാപാരികൾ, ചെറുകിട വ്യവസായികൾ, സിനിമയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മറ്റെല്ലാ മേഖലകളിലെയും സംരംഭകർ എന്നിവർക്ക് കൈത്താങ്ങ് നൽകാൻ സർക്കാർ തയ്യാറാകണം.

വ്യാപരമേഖല ഇനിയും അടച്ചിട്ടുകൊണ്ട് മുന്നോട്ടുപോകാനാവില്ല. എല്ലാ ദിവസവും തുറക്കാനനുവദിച്ചാലാണ് ആൾത്തിരക്ക് കുറയ്ക്കാനാവുകയെന്ന വ്യാപാരിസമൂഹത്തിന്റെ നിലപാട് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറാകണം. നിയന്ത്രണങ്ങളോടെത്തന്നെ വ്യാപാര,വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം. ചലച്ചിത്രനിർമാണ പ്രവർത്തനമടക്കമുള്ള മേഖലകളിലും നിയന്ത്രണങ്ങളോടെ തുറക്കൽ പരിഗണിക്കണം. ഓണത്തിന് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിന് 1700 കോടി രൂപ അനുവദിച്ചത് അഭിനന്ദനാർഹമാണ്. സൗജന്യ ഓണക്കിറ്റിന്റെ വിതരണം ഇന്നാരംഭിക്കുകയുമാണ്. ലോക്ഡൗൺ കാരണം തൊഴിൽരഹിതരായവർ, ഭാഗികമായി തൊഴിൽ നഷ്ടമായവർ, അർഹരായ മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ഓണത്തിന് ചെറിയതോതിലെങ്കിലും ആശ്വാസധനം നൽകുന്നകാര്യവും സർക്കാർ പരിശോധിക്കണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented