മറ്റുകാര്യങ്ങളിൽ ചിന്ത പതിയാത്തവിധം കോവിഡ് വൈറസ് ആസകലം വലയം ചെയ്തിരിക്കയാണ്. വീണ്ടും ഓർമിപ്പിക്കാനുള്ളത് ഒരേയൊരു കാര്യമാണ്-അദൃശ്യമായ മാരകശക്തിയുമായുള്ള ഈ ലോകമഹായുദ്ധത്തിൽ തോറ്റുകൂടാ. ആരെയും കുറ്റംപറഞ്ഞുകൊണ്ടോ പരിഹസിച്ചുകൊണ്ടോ താരതമ്യപ്പെടുത്തിക്കൊണ്ടോ കടന്നുപോകാൻ നിമിഷങ്ങൾപോലുമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പരസ്യമായി പ്രകടിപ്പിച്ച നിസ്സഹായാവസ്ഥ രാജ്യം ദുരന്തഗർത്തത്തിന്റെ വക്കിലാണെന്നാണ് സൂചിപ്പിക്കുന്നത്. നമുക്ക് അതിജീവിച്ചേ പറ്റൂ. നമ്മുടെ ജില്ല, നമ്മുടെ പഞ്ചായത്ത്, നമ്മുടെ രാജ്യം എന്ന ദേശബോധങ്ങളെല്ലാം മാറി, വസുധയെന്ന കുടുംബമാകെ രോഗബാധയിലും രോഗഭീതിയിലും നടുങ്ങുകയാണെന്ന പരമാർഥം ഉൾക്കൊണ്ടേ പറ്റൂ. വാസ്തവത്തിൽ ആരും നിസ്സഹായരല്ല, ഓരോരുത്തരുടെയും കരുതലും ജാഗ്രതയും ലോകത്തിന്റെ രക്ഷാപ്രവർത്തനത്തിൽ അല്പമെങ്കിലും സഹായകമാകും. സ്വയം പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിലൂടെ സ്വന്തം രക്ഷ മാത്രമല്ല ഉറപ്പാക്കുന്നത്; കുടുംബത്തിന്റെയാണ്, ബന്ധപ്പെടുന്ന എല്ലാവരുടെയുമാണ്. കഴിഞ്ഞവർഷം ഇതേകാലത്ത് നമുക്കുണ്ടായ അതിജാഗ്രത ലോകത്തിന്റെ ആദരബഹുമാനങ്ങൾ നമ്മിൽ ചൊരിയാനിടയാക്കി. പക്ഷേ, പിന്നീടുണ്ടായ വ്യതിചലനം മറ്റുള്ളവരുടെ പാതയിലേക്ക്‌ നമ്മെയുമെത്തിച്ചു. കോവിഡ്‌ മഹാഭൂരിപക്ഷംപേർക്കും വേഗത്തിൽ മാറുന്നുണ്ടെന്നതിനാൽ രോഗത്തെ നിസ്സാരവത്‌കരിക്കുന്ന പ്രവണതയേറുകയാണ്. എന്നാൽ, കോവിഡിനൊപ്പം മറ്റുരോഗങ്ങൾകൂടിയുണ്ടായാൽ, മറ്റുപ്രശ്നങ്ങളുണ്ടായാൽ എത്രമാത്രം ഗുരുതരമാണെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. 

കോവിഡിൽ ഇന്ത്യയുടെ സ്ഥാനം അമേരിക്കയ്ക്കുതൊട്ടുതാഴെയും ബ്രസീലിന്റെ തൊട്ടുമുകളിലുമാണ്. ജനസംഖ്യ, ജീവിതസാഹചര്യങ്ങൾ, സാമൂഹികസാഹചര്യങ്ങൾ എന്നിവയെല്ലാം നോക്കുമ്പോൾ ഒന്നാം സ്ഥാനത്തേക്കാണ് പോകുന്നതെന്ന ഭീതി പടരുകയാണ്. രാജ്യത്തോ ലോകത്തോ എവിടെ രോഗം പടർന്നാലും നമ്മെ ബാധിക്കും. എല്ലാ അർഥത്തിലും. മാർച്ച് ആദ്യം ശരാശരി 15,620 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയെങ്കിൽ ഇപ്പോഴത് രണ്ടരലക്ഷത്തിലെത്തുകയാണ്. കേരളത്തിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം കുതിച്ചുകയറുന്നതിനൊപ്പം പോസിറ്റിവിറ്റി നിരക്ക് 18 ശതമാനവും കടന്നിരിക്കുന്നു. ഇതേനില തുടർന്നാൽ പിടിച്ചുനിൽക്കുക പ്രയാസമായിത്തീരാം. അത്‌ മുൻകൂട്ടിക്കണ്ട് പ്രതിരോധം ശക്തിപ്പെടുത്തുകയാണാവശ്യം.സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത് അത്രയും ആശ്വാസം. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ പകുതിയോളം തീർന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് മാറ്റിവെക്കുന്നത് പലതരത്തിലുള്ള പ്രയാസങ്ങൾക്കും കാരണമാകും. അതിനാൽ കുറേക്കൂടി മുൻകരുതലോടെ പരീക്ഷ തുടരുന്നതാവും നല്ലത്. രോഗം ബാധിച്ചവർ, രോഗം ബാധിച്ച്  ചികിത്സയിലുള്ളവരുടെ വീടുകളിലെ കുട്ടികൾ, രോഗലക്ഷണമുള്ളവർ തുടങ്ങിയവർക്കും ഇപ്പോഴത്തെ അവസ്ഥയിൽ പരീക്ഷയെഴുതാൻ താത്‌പര്യമില്ലാത്തവർക്കും അവസരം നഷ്ടപ്പെടില്ലെന്ന്‌ ഉറപ്പുനൽകുകയും പിന്നീട് അവസരമൊരുക്കുകയും ചെയ്യാം. പരീക്ഷനടക്കുന്ന സ്കൂളുകളിൽ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്തപരിശോധനയും വേണ്ടതാണ്. കർണാടകവും തമിഴ്‌നാടും കേരളത്തിൽനിന്നുള്ളവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് പ്രവേശനം നിഷേധിച്ചപ്പോൾ നാം എതിർക്കുകയുണ്ടായി. ഇപ്പോൾ അവരുടെ അതേനിലപാട് സ്വീകരിക്കാൻ കേരളവും നിർബന്ധിതമായിരിക്കുന്നു. എങ്കിലും മറ്റ് സംസ്ഥാനത്തുനിന്നുള്ളവർ ഇവിടെയെത്തി ക്വാറന്റീനിൽ കഴിഞ്ഞ് 24 മണിക്കൂറിനകം ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയാൽമതി എന്നുകൂടിയുള്ള ഇളവുനൽകിയത് പ്രയാസങ്ങൾ ലഘൂകരിക്കും.

ഇനി അരനിമിഷംപോലും പാഴാക്കാതെ കൂട്ടായ പ്രവർത്തനത്തിലൂടെ രോഗവ്യാപനം തടയാനും രോഗം ബാധിച്ചവരിൽ സഹായം ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനുമുള്ള പ്രവർത്തനത്തിൽ നാടാകെ അണിചേരേണ്ടിയിരിക്കുന്നു. എല്ലാ തദ്ദേശസ്ഥാപനത്തിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കണം. ഓരോ വാർഡിലും ഓരോ പ്രദേശത്തും സന്നദ്ധപ്രവർത്തകരുടെ സമിതികൾ രൂപവത്‌കരിച്ച് കോവിഡ് പ്രതിരോധ-സേവന പ്രവർത്തനത്തിന് സജ്ജരാക്കുക, സാമൂഹിക അടുക്കള വീണ്ടും തുടങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള തീരുമാനമെടുക്കുക- ഇതെല്ലാം ആവശ്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കോവിഡ് പ്രതിരോധചികിത്സാ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുംവേണം.