വിദ്യാഭ്യാസം പരീക്ഷാകേന്ദ്രിതമാകരുതെന്ന് വിദ്യാഭ്യാസ കമ്മിഷനുകൾ തുടർച്ചയായി നിർദേശിക്കാറുണ്ടെങ്കിലും കേരളം പരീക്ഷകളുടെ പാവനത്വത്തിൽ രൂഢമായി വിശ്വസിക്കുന്നുണ്ടെന്നാണ് കരുതേണ്ടത്. കേന്ദ്ര പരീക്ഷാ ബോർഡുകൾ ഇത്തവണ പൊതുപരീക്ഷകൾ ഒഴിവാക്കി ഉപരിപഠനയോഗ്യത നിർണയിക്കാൻ നിരന്തര മൂല്യനിർണയത്തിന്റെ അളവുകോൽ സ്വീകരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളും ആ വഴിതന്നെ പിന്തുടർന്നു. എന്നാൽ, കേരളം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ വലിയ കുഴപ്പങ്ങളില്ലാതെ പൂർത്തിയാക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നതിന് പിറകെ പ്ലസ് ടു ഫലം അടുത്തദിവസം വരാനിരിക്കുന്നു. അതേസമയം, അനാവശ്യമാണെന്ന് പൊതുവേ അഭിപ്രായമുയർന്നിട്ടും പ്ലസ് വൺ പൊതുപരീക്ഷ സെപ്റ്റംബറിൽ നടത്താൻ വാശിപൂർവം മുന്നോട്ടുപോവുകയുമാണ്.

ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷ നാലുലക്ഷത്തി ഇരുപത്തൊന്നായിരത്തി എണ്ണൂറ്റി എൺപത്തേഴ് കുട്ടികൾ എഴുതിയപ്പോൾ രണ്ടായിരത്തി ഇരുനൂറ്റി മുപ്പത്താറ്്‌ കുട്ടികൾക്ക് മാത്രമാണ് ഉപരിപഠന യോഗ്യത തത്‌കാലം കിട്ടാതെപോയത്. എല്ലാ വിഷയത്തിലും തൊണ്ണൂറു ശതമാനത്തിലേറെ മാർക്കു നേടി മുഴുവൻ എ പ്ലസ്‌ നേടിയവരുടെ എണ്ണം മൂന്നു മടങ്ങായി ഉയർന്നുവെന്നതാണ് കോവിഡ്‌ കാലത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിന്റെ വിസ്മയം. 80 ശതമാനത്തിലേറെ മാർക്ക് നേടിയവരുടെ എണ്ണംതന്നെ ഒരു ലക്ഷത്തി അറുപതിനായിരത്തിനു മുകളിലാണ്. ഇത്തവണ ക്ളാസുകൾ കൂടുതലും ഓൺലൈനായിരുന്നു. എന്നിട്ടും നൂറു ശതമാനത്തിനടുത്ത് വിജയവും സമ്പൂർണ എ പ്ലസിലെ ഇരുനൂറു ശതമാനത്തോളം വർധനയും ഉണ്ടായതെങ്ങനെ എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. വലിയ വിജയം വിദ്യാഭ്യാസരംഗത്തെ പുരോഗതിയെയാണ് കാണിക്കുന്നതെന്ന് ഔദ്യോഗിക അവകാശവാദമുണ്ട്. പാഠ്യപദ്ധതിയിൽ കേന്ദ്രമേഖല നിർദേശിക്കുകയും അതിൽനിന്നു നൽകിയ ചോദ്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ചോദ്യത്തിന് ഉത്തരമെഴുതാൻ അവസരം നൽകുകയും ചെയ്തത് കുട്ടികൾക്ക് വലിയ ആശ്വാസം നൽകിയെന്നും ഗ്രേഡിലെ ഉയർച്ചയുടെ അടിസ്ഥാനം അതാണെന്നും നിരീക്ഷണമുണ്ട്. പരീക്ഷയിലെ ലളിതവത്‌കരണം കാരണമാണ് ഗ്രേഡിലെ വർധനയെന്ന് ലളിതവത്‌കരിക്കുമ്പോൾ കാണാതെ പോകുന്നത് ഗ്രേസ് മാർക്കുകൾ പൂർണമായി ഒഴിവാക്കിയാണിത്തവണത്തെ ഗ്രേഡിങ് എന്നതാണെന്നാണ് എതിർവാദം. കോവിഡ് അടച്ചിടൽകാലത്ത് നമ്മുടെ കുട്ടികൾ മുമ്പത്തെക്കാൾ നന്നായി ഗൃഹപാഠം ചെയ്തുവെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. പ്രയാസങ്ങൾക്കിടയിൽ മികച്ചവിജയം നേടിയവരെ ഞങ്ങൾ അഭിനന്ദിക്കുന്നു. അതേസമയം, മൂല്യനിർണയത്തിൽ ഉണ്ടാകുന്ന അത്യുദാരത കുട്ടികളിൽ മാത്രമല്ല അധ്യാപകരിൽപ്പോലും ആലസ്യമുണ്ടാക്കുമോ എന്ന പരിശോധനയും ആവശ്യമാണ്. ഡി.പി.ഇ.പി. കാലത്തോടെ തുടങ്ങിയ ലഘൂകരണത്തിന്റെ ഉയർന്ന രൂപമാണിപ്പോൾ സംഭവിക്കുന്നതെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് തെളിയിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയണം.  

എ പ്ലസ് ഒറ്റക്കൊല്ലംകൊണ്ട് മൂന്നുമടങ്ങായത് പ്ലസ് വൺ പ്രവേശനത്തെയും സങ്കീർണമാക്കാം. പ്ലസ് വണിന് സംസ്ഥാനത്താകെ 2078 സ്കൂളുകളിലായി മൂന്നു ലക്ഷത്തി അറുപത്തൊന്നായിരം സീറ്റുണ്ട്. കൂടാതെ പോളിടെക്‌നിക്, ഐ.ടി.ഐ.കൾ, വൊക്കേഷണൽ ഹയർ സെക്കൻഡറികൾ എന്നിവയുമുണ്ട്. ആവശ്യം വന്നാൽ പത്തുശതമാനം സീറ്റ് വർധിപ്പിക്കാറുള്ളത് ഈ വർഷം സാധ്യമാകുമോ എന്ന് പറയാനാവില്ല. ആകെക്കൂടി നോക്കിയാൽ സീറ്റുകൾ കുറവല്ലെങ്കിലും വിവിധ ജില്ലകളിലെ ലഭ്യത തുല്യമ​െല്ലന്നത് പ്രയാസം സൃഷ്ടിക്കാറുള്ളതാണ്. ഇഷ്ടപ്പെട്ട സ്കൂളും ഇഷ്ടപ്പെട്ട ഗ്രൂപ്പും തിരഞ്ഞെടുക്കാൻ എ പ്ലസുകാർ തമ്മിൽ നടക്കുന്ന മത്സരം രൂക്ഷമാകും. പത്താം ക്ലാസുവരെ കേന്ദ്ര ബോർഡിനു കീഴിലുള്ള സ്കൂളിൽ പഠിച്ചവർ പ്ലസ് വണിന് സംസ്ഥാനസിലബസ് സ്കൂളിലേക്ക് ധാരാളമായി വരാറുണ്ട്. സീറ്റ് ദൗർലഭ്യത പ്രശ്നമായി മാറാം. മാർക്കല്ല, ഗ്രേഡാണ് മാനദണ്ഡം എന്നതിനാൽ ഏകജാലകത്തിലൂടെയുള്ള പ്രവേശന നടപടികളിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ടാക്കാം. ഒരേ ഗ്രേഡുള്ള കുട്ടികളിൽ ചിലർക്ക് സീറ്റു കിട്ടുമ്പോൾ ചിലർ ‘നിർഭാഗ്യവശാൽ’ പിന്തള്ളപ്പെടാം. പത്താം ക്ലാസുവരെ പഠിച്ച സ്കൂളിൽത്തന്നെ അതിന്റെ തുടർച്ചയായി ഹയർ സെക്കൻഡറി പഠനം എന്ന പൊതുസംവിധാനമുണ്ടാക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമാകും. അക്കാര്യത്തിൽ സമവായമുണ്ടാക്കുന്നതിന് ശ്രമമുണ്ടാകേണ്ടതുണ്ട്.

ഇത്തവണത്തെ മറ്റൊരു പ്രത്യേകത, കേരള സിലബസിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ഭൂരിപക്ഷം ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠിച്ചത് എന്നാണ്. 2,17,992 പേർ ഇംഗ്ലീഷ് മാധ്യമത്തിലും 2,00,338 പേർ മലയാളം മാധ്യമത്തിലും. പൊതുവിദ്യാഭ്യാസ മേഖലയിൽ വൻതോതിൽ വിദ്യാർഥികൾ കൂടുന്നുവെന്ന് അവകാശപ്പെടുമ്പോൾ മലയാളം മാധ്യമത്തിലുള്ള ഡിവിഷനുകൾ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുകയും മലയാളത്തിൽ പഠിക്കുന്നവരുടെ എണ്ണം ഭീതിദമാംവിധം കുറയുകയുമാണ്‌. മാതൃഭാഷയെ പിറകോട്ടുതള്ളുന്നതിന് നിഗൂഢമായി വിദ്യാഭ്യാസ വകുപ്പുതന്നെ പ്രോത്സാഹനം നൽകുന്നുവെന്നു വേണം അനുമാനിക്കാൻ. ഓരോ സ്കൂളിലും രണ്ട് അനുപാതം ഒന്ന് എന്ന നിലയിലേ ഇംഗ്ലീഷ് മാധ്യമം ഡിവിഷൻ അനുവദിക്കാവൂ എന്ന ചട്ടത്തിന്റെ അവസ്ഥയെന്തെന്നതാണ് ഉയർന്നുവരുന്ന ചോദ്യം.