നേരിടണം, ജനാധിപത്യത്തിലെ വൈറസുകളെ


editorial

ബൂത്ത് പിടിത്തം, കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ തിരഞ്ഞെടുപ്പുകമ്മിഷൻ

editorial

ജനാധിപത്യം അതിനെ തകർക്കാനുള്ള വൈറസുകളെയും വഹിക്കുന്നുണ്ടെന്നത് ഒരുതരത്തിൽ ‘ആഗോളപ്രതിഭാസ’മാണ്. അതിൽപ്പെട്ട ഒരു വൈറസിനെപ്പറ്റിയാണ് സുപ്രീംകോടതി അതിശക്തമായി പ്രതികരിച്ചത്. അക്രമം നടത്തിയും ബൂത്ത് പിടിച്ചും കള്ളവോട്ടിലൂടെയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നാണ് പരമോന്നത നീതിപീഠം അനുശാസിച്ചത്. ജനാധിപത്യം ഏറ്റവും മഹത്തരമാണെന്നും തങ്ങൾ അതിന്റെ വക്താക്കളാണെന്നും എല്ലാ പാർട്ടികളും അവകാശപ്പെടാറുണ്ടെങ്കിലും വിജയത്തിന് ആവശ്യമായിവരുകയാണെങ്കിൽ കഴിയാവുന്ന തോതിൽ അതിന് കടകവിരുദ്ധമായി പെരുമാറുന്നതായാണ്‌ അനുഭവമുള്ളത്‌.

ജനാധിപത്യപരമായി സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ തുടക്കമായ വോട്ടർപ്പട്ടിക പുതുക്കുന്ന സന്ദർഭത്തോടൊപ്പംതന്നെ ക്രമക്കേടുകളുണ്ടാക്കുന്നതിനുള്ള വൈറസുകളെ ചെലുത്താൻ തുടങ്ങുന്നത് വ്യാപകമല്ലെങ്കിലും അപൂർവമല്ല. വോട്ടർപ്പട്ടികയിൽ ഇരട്ടിപ്പ്, പേരുവെട്ടൽ, അർഹതയുണ്ടായിട്ടും അപേക്ഷ നിഷേധിക്കൽ, അനധികൃതമായി തിരുകിക്കയറ്റൽ തുടങ്ങിയവയാണ്‌ അട്ടിമറിയുടെ പ്രാരംഭപ്രവർത്തനങ്ങൾ. പലയിടത്തും പിന്നീട് പ്രചാരണത്തിലും വോട്ടെണ്ണൽവരെയും അതുകഴിഞ്ഞ് മന്ത്രിസഭാ രൂപവത്‌കരണംവരെയും ക്രമക്കേടുകൾ നടക്കാറുള്ളതാണ്. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണവും മറ്റുസൗജന്യങ്ങളും നൽകുന്നുവെന്ന ആക്ഷേപവും കൂടിക്കൂടിവരുകയാണ്. ഹവാലപ്പണം തിരഞ്ഞെടുപ്പുചെലവുകൾക്കും അട്ടിമറിപ്രവർത്തനത്തിനും ഉപയോഗിക്കുന്നതായി കേരളത്തിലും കേസ്‌ ഉദ്‌ഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് തിരഞ്ഞെടുപ്പുകമ്മിഷണറുടെയടക്കം ടെലിഫോൺ ചോർത്തപ്പെട്ടുവെന്ന വാർത്തയും അതുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവുമാണിപ്പോൾ രാജ്യത്തെ പ്രധാന ചർച്ചാവിഷയം. തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രധാന പ്രതിപക്ഷകക്ഷിയുടെ അന്നത്തെ പ്രസിഡന്റിന്റെ എല്ലാഫോണുകളും അക്കാലത്ത് ചോർത്തപ്പെട്ടുവെന്നാണ് ആരോപണം. കഴിഞ്ഞ നാലുദിവസമായി പാർലമെന്റ് സമ്മേളനം ആ വിഷയത്തിലെ ആരോപണവും ബഹളവും കാരണം അലങ്കോലപ്പെട്ടു. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തിൽ ചോർത്തലുകളുണ്ടാവുന്നുവെന്നതിനർഥം ജനാധിപത്യം ആഭ്യന്തരമായിത്തന്നെ ഭീഷണിയിലാണെന്നാണ്.

ജാർഖണ്ഡിലെ ഒരു പോളിങ് ബൂത്തിന് പുറത്ത് അക്രമമഴിച്ചുവിട്ട കേസിലെ പ്രതികൾ ശിക്ഷ അനുഭവിച്ചേ തീരൂവെന്നും ശിക്ഷ കുറവായിപ്പോയെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. 32 വർഷം മുമ്പുനടന്ന സംഭവമാണ് കേസിനാസ്പദം. വോട്ടെടുപ്പുകേന്ദ്രത്തിന് പുറത്തുനിന്ന് വോട്ടർമാർക്ക് സ്ലിപ്പ് വിതരണം ചെയ്യുന്ന പ്രവർത്തനത്തിലേർപ്പെട്ടവരെയാണ് എതിർകക്ഷിക്കാർ ആക്രമിച്ചത്. തോക്കും വടികളും മറ്റായുധങ്ങളുമായി ഇരച്ചെത്തി എതിരാളികളെ ഓടിച്ചശേഷം ബൂത്ത് പിടിച്ച് കള്ളവോട്ട് ചെയ്യുകയായിരുന്നു. പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചപ്പോൾ അതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുകയായിരുന്നു. അപ്പീൽ തള്ളിക്കൊണ്ടാണ് ശിക്ഷ കുറവായിപ്പോയെന്നും പ്രതികൾ ഉടനടി കോടതിയിൽ കീഴടങ്ങി ശിക്ഷ അനുഭവിക്കണമെന്നും വിധിച്ചത്.

വോട്ടെടുപ്പുകേന്ദ്രങ്ങളിൽ സംസ്ഥാനസേനകൾക്കുപുറമേ കേന്ദ്രസേനയെ നിയോഗിക്കുകയും വീഡിയോചിത്രീകരണം നടത്തുകയുമെല്ലാം ചെയ്തിട്ടും ബൂത്ത് പിടിത്തവും കള്ളവോട്ടും ഉണ്ടാകുന്നതായും ഒട്ടേറെ പരാതികളുള്ളതാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ അത്തരത്തിൽ കുറെ സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടു. തോക്കും വടികളും ഉപയോഗിച്ച് അക്രമം നടത്തി കള്ളവോട്ട് ചെയ്യുന്നതുമാത്രമല്ല, ബൂത്ത് പിടിത്തം. എതിർകക്ഷിയുടെ ഏജന്റുമാരെ ബൂത്തിനകത്ത് ഇരിക്കാനനുവദിക്കാതിരിക്കുന്നതും ബൂത്ത് പിടിത്തംതന്നെയാണ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയാറുണ്ടെങ്കിലും കാര്യമായ നടപടിയെടുക്കാറില്ലെന്നതാണ് വസ്തുത. ബൂത്ത് പിടിത്തം, കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ തിരഞ്ഞെടുപ്പുകമ്മിഷൻ തുടർനടപടികളെടുക്കുന്നില്ലെന്നതാണ് പ്രശ്നം. ഭയരഹിതമായും രഹസ്യസ്വഭാവത്തോടെയും വോട്ടുചെയ്യാൻ എല്ലാ പൗരന്മാർക്കും അവസരം ലഭിച്ചാൽമാത്രമേ ജനാധിപത്യം സാർഥകമാവുകയുള്ളൂ. സ്വതന്ത്രതിരഞ്ഞെടുപ്പും അതുവഴിയുള്ള ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. ബൂത്ത് പിടിത്തവും കള്ളവോട്ടും മറ്റുതരത്തിലുള്ള തിരഞ്ഞെടുപ്പ് അട്ടിമറിയും ജനാധിപത്യം തകർക്കാനുള്ള ശ്രമമാണെന്നുകണ്ട് ശക്തമായി ചെറുത്തുതോൽപ്പിക്കുകയും കുറ്റം ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നാണ്‌ സുപ്രീംകോടതി അനുശാസിക്കുന്നത്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented