പാവപ്പെട്ടവനും പണക്കാരനും വെവ്വേറെ നീതിന്യായവ്യവസ്ഥ അനുവദിക്കാനാവില്ലെന്ന പരമോന്നത നീതിപീഠത്തിന്റെ പ്രഖ്യാപനത്തിൽ അസാധാരണത്വമില്ലെങ്കിലും താക്കീതിന്റെ സ്വരമുണ്ട്. നീതിനിർവഹണത്തിന്റെ ചുമതലയുള്ള പോലീസിനും സർക്കാരിനുമുള്ള താക്കീതാണത്, കോടതികളോടുള്ള ഓർമിപ്പിക്കലും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എം.ആർ. ഷായും ചേർന്ന് പുറപ്പെടുവിച്ചതാണ്‌ വിധി. ജനാധിപത്യസംവിധാനത്തെ ബാധിക്കുന്ന ജീർണതകളെ കുടഞ്ഞെറിയാൻ കോടതിനടപടികൾക്കിടയിലുള്ള ഇത്തരം ഓർമിപ്പിക്കലുകൾ കരുത്തേകുന്നുണ്ട്.

മധ്യപ്രദേശ് നിയമസഭയിലെ ബഹുജൻ സമാജ് പാർട്ടി അംഗമായ രാംഭായ്‌ സിങ്ങിന്റെ ഭർത്താവായ ഗോവിന്ദ് സിങ് മുഖ്യപ്രതിയായ കൊലക്കേസിലെ തിരിമറിയാണ് സുപ്രീംകോടതിയുടെ ഇടപെടലിന് കാരണമായത്. രാഷ്ട്രീയനേതാക്കൾ പ്രതികളാകുന്ന കൊലയടക്കമുള്ള കേസുകൾ തേച്ചുമാച്ചുകളയാനോ ദുർബലപ്പെടുത്താനോ നടത്തുന്ന ശ്രമങ്ങൾ രാജ്യത്ത് എല്ലായിടത്തും ഉണ്ടാകാറുണ്ട്. ബഹുജൻ സമാജ് പാർട്ടിയിൽനിന്ന് 2019 മാർച്ച് ആദ്യം കോൺഗ്രസിൽ ചേർന്ന ദേവേന്ദ്ര ചൗരസ്യയെ ഗോവിന്ദ് സിങ്ങും അടുത്ത ബന്ധുക്കളായ നാലുപേരും ചേർന്ന് കൊലപ്പെടുത്തി. സമൂഹത്തിലെ ഉന്നതനും രാഷ്ട്രീയനേതാവുമായ ഗോവിന്ദ് സിങ്ങിനെ അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായില്ല. ഒരു ഘട്ടത്തിൽ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ, കേസ് പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ഗോവിന്ദ് സിങ്ങിനെ അറസ്റ്റുചെയ്യാൻ വാറന്റ്‌ പുറപ്പെടുവിച്ചു. അതിന്റെപേരിൽ ജില്ലാ പോലീസ് മേധാവിയടക്കമുള്ളവർ ജഡ്ജിയെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ചൗരസ്യ കൊലക്കേസിന്റെപേരിൽ തനിക്ക് ഭാവിയിൽ എന്തും സംഭവിച്ചേക്കാമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി പരസ്യമായി പ്രതികരിച്ചു. ഹൈക്കോടതിക്ക് പരാതിയും നൽകി.  

കൊല്ലപ്പെട്ട ചൗരസ്യയുടെ മകൻ സുപ്രീംകോടതിയിൽ ഹർജിയുമായെത്തിയതോടെ കാര്യങ്ങൾ മാറി. 2021 ഏപ്രിൽ അഞ്ചിനകം സിങ്ങിനെ അറസ്റ്റുചെയ്യണമെന്ന് സുപ്രീംകോടതി മധ്യപ്രദേശ് സർക്കാരിന് അന്ത്യശാസനം നൽകി. മധ്യപ്രദേശ് പോലീസ് മേധാവി നൽകിയ സത്യവാങ്മൂലം നിരാകരിച്ചുകൊണ്ടാണ് അറസ്റ്റ് നടത്തിയേ തീരൂ എന്ന് സുപ്രീംകോടതി വിധിച്ചത്. അതേത്തുടർന്ന് അറസ്റ്റ് നടത്തിയെന്ന് വരുത്തിയെങ്കിലും ജാമ്യം കിട്ടുന്നതിനുള്ള സഹായങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായി. അറസ്റ്റുതന്നെ ഒരു നാടകമായിരുന്നെന്ന് പ്രതിതന്നെ പരസ്യമായി പ്രസ്താവിച്ചു. കൊലപാതകം നടത്തി രണ്ടുവർഷം അറസ്റ്റിന് വഴങ്ങാതെ കഴിഞ്ഞ ഗോവിന്ദ് സിങ്ങിനെ സുപ്രീംകോടതിയുടെ കർശനനിർദേശത്തെത്തുടർന്നാണ് അറസ്റ്റുചെയ്തതെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. അസാധാരണമായ ആ നടപടിക്കെതിരേ ചൗരസ്യയുടെ മകൻ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ്, നേരത്തേ അറസ്റ്റിന് അന്ത്യശാസനം നൽകിയ അതേ ബെഞ്ച് അതിശക്തമായ നിരീക്ഷണങ്ങളോടെ ജാമ്യം റദ്ദാക്കിയത്. ഒരു ഇരട്ടക്കൊലയടക്കം മൂന്ന് കൊലക്കേസുകളിലും മറ്റ് 25 കേസുകളിലും പ്രതിയായ ഗോവിന്ദ്‌സിങ് അതിലെല്ലാം ജാമ്യം സംഘടിപ്പിച്ച് നിർബാധം പുറത്തു നിൽക്കുന്നയാളാണ്. ആ പ്രതിക്ക് മധ്യപ്രദേശ് ഹൈക്കോടതി അതിവേഗം ജാമ്യം നൽകിയതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കീഴ്‌ക്കോടതികളോടും പോലീസിനോടും സർക്കാരിനോടും പൊതുസമൂഹത്തോടാകെയും ഉത്തരമടങ്ങിയ വലിയ ചോദ്യമുയർത്തിയത്.

മധ്യപ്രദേശിൽ രാഷ്ട്രീയനേതാവ് പ്രതിയായ കൊലക്കേസിൽ നീതിയുടെ തുലാസിനെ പ്രതിക്കനുകൂലമായി താഴ്ത്താൻ ശ്രമമുണ്ടാകുന്നുവെന്ന നിരീക്ഷണവും അത് തടയാനുള്ള ശക്തമായ നടപടിയുമാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്നുണ്ടായത്. പണവും വിഭവശേഷിയും രാഷ്ട്രീയസ്വാധീനവും ഉള്ളവന് ഒരു നീതി, പണമോ വിഭവശേഷിയോ അനീതിക്കെതിരേ പൊരുതാൻ ശേഷിയോ ഇല്ലാത്തവർക്ക് മറ്റൊരു നീതി എന്ന സമാന്തര നീതിന്യായവ്യവസ്ഥ ഈ രാജ്യത്ത് ഉണ്ടായിക്കൂടെന്നാണ് പരമോന്നത നീതിപീഠത്തിന്റെ ഓർമിപ്പിക്കൽ. വിചാരണക്കോടതികളിലെ ജഡ്ജിമാരെ സമ്മർദത്തിലാക്കുന്ന അനുഭവങ്ങളിലേക്കുകൂടി ദേവേന്ദ്ര ചൗരസ്യ വധക്കേസ് വിരൽചൂണ്ടുന്നുണ്ട്. ഉന്നതബന്ധമുള്ള പ്രതിയെ അറസ്റ്റ് ചെയ്യാൻ വാറന്റ്‌ പുറപ്പെടുവിച്ച ജഡ്ജിയുടെ പരാതി സമയബന്ധിതമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതിക്ക് നിർദേശം നൽകിയത് ആ സാഹചര്യത്തിലാണ്.