ഒന്നരവർഷത്തോളം നീണ്ട അനിശ്ചിതത്വം. അതിനിടെ സ്വന്തം രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങൾ, കോവിഡിന്റെ അതിവ്യാപനം, മുഖ്യസംഘാടകനടക്കം പലരുടെയും രാജി. പ്രതിസന്ധികളുടെ വൻകടൽ കടന്ന് ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കമാകുന്നു. 125 വർഷംനീണ്ട ആധുനിക ഒളിമ്പിക് ചരിത്രത്തിലെ 32-ാമത്തെ ഗെയിംസ്. മാനവരാശിയുടെ ഏറ്റവും വലിയ കായികോത്സവം.
204 ദേശീയ ഒളിമ്പിക് കമ്മിറ്റികളിലെ താരങ്ങളും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ബാനറിൽ മത്സരിക്കുന്ന അഭയാർഥിതാരങ്ങളുമടക്കം 11,000-ത്തിലേറെ പേർ വരുംദിവസങ്ങളിൽ ടോക്യോയിൽ പുതിയ ഉയരവും പുതിയ ദൂരവും പുതിയ കരുത്തും തേടിയുള്ള കുതിപ്പുകളിലായിരിക്കും. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ല. എങ്കിലും അകലങ്ങളിലിരുന്ന് അവരും കായികോത്സവത്തിനൊപ്പം സഞ്ചരിക്കും. 33 കായിക ഇനങ്ങളിലെ 50 വിഭാഗങ്ങളിലായി 339 മത്സര ഇനങ്ങളുണ്ട്. ഇന്ത്യയിൽനിന്ന് 18 കായിക ഇനങ്ങളിലായി 127 പേർ പങ്കെടുക്കും. ഈ നൂറ്റാണ്ടു കണ്ട ഏറ്റവുംവലിയ പ്രതിസന്ധിയുടെ കാലത്ത്, മനസ്സുനിറയ്ക്കുന്ന കായിക മത്സരങ്ങളുടെ നിറപ്പകിട്ട് ലോകത്തിന് ആശ്വാസമേകട്ടെ.
1964-ലും ടോക്യോയിൽ ഒളിമ്പിക്സ് നടന്നിരുന്നു. കഴിഞ്ഞവർഷം ജൂലായ് 24-ന് തുടങ്ങേണ്ട ഒളിമ്പിക്സാണ് ഇപ്പോൾ ഒരുവർഷത്തിനുശേഷം യാഥാർഥ്യമാകുന്നത്. അവസാന നിമിഷവും അനിശ്ചിതത്വത്തിന്റെ നിഴൽ വിടാതെ പിന്തുടരുന്നുണ്ട്. ഗെയിംസ് വില്ലേജിൽനിന്നടക്കം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 11-ാം മണിക്കൂറിൽ ഗെയിംസ് ഉപേക്ഷിച്ചാലും അദ്ഭുതപ്പെടേണ്ടെന്ന് സംഘാടകസമിതി തലവൻ തോഷിറോ മുട്ടോ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകി. എങ്കിലും പ്രത്യാശയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി ഇന്ന് ടോക്യോയിൽ ഒളിമ്പിക് ദീപം തെളിയുമെന്നുതന്നെ വിശ്വസിക്കാം.  
കഴിഞ്ഞവർഷം ഒളിമ്പിക്സ് നീട്ടിവെക്കുമ്പോൾ കോവിഡിന്റെ യഥാർഥമുഖം പുറത്തുവന്നിരുന്നില്ല. രണ്ടോ മൂന്നോ മാസത്തിനകം, ഏറിയാൽ ആറുമാസത്തിനകം ലോകം പഴയസ്ഥിതിയിൽ തിരിച്ചെത്തുമെന്ന് പലരും പ്രതീക്ഷിച്ചു. അതുകൊണ്ടാണ് ഒരുവർഷത്തേക്ക് നീട്ടിയത്. ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്കിടയിൽ മൂന്നുതവണ ഒളിമ്പിക്സ് ഉപേക്ഷിച്ചിരുന്നെങ്കിലും മത്സരം നീട്ടിവെച്ചത് ഇതാദ്യം.
എന്നാൽ, അപ്രതീക്ഷിതസംഭവങ്ങളാണ് പിന്നീടുണ്ടായത്. കോവിഡ് തരംഗങ്ങൾ ആവർത്തിച്ചപ്പോൾ പല പദ്ധതികളും തെറ്റി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ എത്തുന്നത് ജപ്പാനിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഭയന്ന ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അപ്പോഴും ഗെയിംസുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യും ജപ്പാൻ ഭരണകൂടവും തീരുമാനിച്ചു. പ്രതിഷേധങ്ങൾ കുറഞ്ഞുവന്നു.
രോഗം പടരാതിരിക്കാൻ വലിയ സന്നാഹങ്ങളോടെയാണ് മത്സരം തുടങ്ങുന്നത്. ടോക്യോയും പരിസരങ്ങളും ഏറെക്കാലമായി ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. മത്സരിക്കാൻ എത്തുന്നവർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾത്തന്നെ പരിശോധന തുടങ്ങും. ആരോഗ്യവിവരങ്ങളെല്ലാം രേഖപ്പെടുത്തുന്ന ആപ്പ് വഴിയാണ് ഓരോരുത്തരെയും നിയന്ത്രിക്കുന്നത്. ഓരോ ദിവസവും പരിശോധനയുണ്ട്. അസുഖത്തിന്റെ സൂചനകണ്ടാൽ ഉടൻ ക്വാറന്റീനിലാക്കും. സ്റ്റേഡിയത്തിൽ കെട്ടിപ്പിടിത്തമോ ആഘോഷങ്ങളോ പാടില്ല. മത്സരം കഴിഞ്ഞ് 48 മണിക്കൂറിനകം സ്വരാജ്യത്തേക്ക് തിരിച്ചയക്കും.
രണ്ടാം ലോകയുദ്ധകാലത്ത് അണുബോംബിന്റെ മാരകപ്രഹരം ഏറ്റുവാങ്ങിയ ജപ്പാൻ പിന്നീട് പലഘട്ടത്തിലും പ്രകൃതിദുരന്തങ്ങൾക്ക് വിധേയമായി. അപ്പോഴെല്ലാം വർധിതവീര്യത്തോടെ അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിജീവനത്തിന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള മറ്റൊരു അവസരമായാണ് അവർ ഈ ഒളിമ്പിക്സിനെ കണ്ടത്. അതുകൊണ്ടുതന്നെ കൂടുതൽ വേഗം, കൂടുതൽ ഉയരം, കൂടുതൽ കരുത്ത് എന്നീ മൂന്ന് ഒളിമ്പിക് മുദ്രാവാക്യങ്ങൾക്കൊപ്പം ‘ഒരുമ’ എന്ന ആശയംകൂടി ഇക്കുറി കൂട്ടിച്ചേർത്തു. ഒരുമയുടെ ഈ കരുത്തിലാണ് ടോക്യോ ഒളിമ്പിക്സ് യാഥാർഥ്യമാകുന്നത്. അത് വിജയിക്കുമ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കോടിക്കണക്കിന് മനുഷ്യർക്കിടയിലെ ഒരുമയുടെ കണ്ണിയും ശക്തമാകുന്നു.