സഹകരണത്തിന് കേന്ദ്രസർക്കാർ പുതിയ മന്ത്രാലയമുണ്ടാക്കുകയും അമിത് ഷായ്ക്ക് അതിന്റെ ചുമതലനൽകുകയുംചെയ്ത് അധികം വൈകുംമുമ്പാണ് സുപ്രീംകോടതിയിൽനിന്ന് സുപ്രധാനമായ വിധിവന്നത്. സഹകരണം സംസ്ഥാനവിഷയമാണെന്നും അതിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതികളുണ്ടെന്നും വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ ഭൂരിപക്ഷവിധി. സഹകരണത്തിന് കേന്ദ്രസർക്കാർ മന്ത്രാലയമുണ്ടാക്കിയതിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നതിനിെടയാണ് സുപ്രീംകോടതിയുടെ നിർണായകമായ വിധിയുണ്ടായത്. കേരളത്തിന്റെ  സമ്പദ്പുരോഗതിയിലും ഇവിടത്തെ  സാധാരണക്കാരുടെ ജീവിതത്തിലും നിർണായകമായ സ്ഥാനംവഹിക്കുന്ന സഹകരണബാങ്കുകളിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾ വരുന്നതിനെ സംശയത്തോ​ടെയാണ് സംസ്ഥാനം കണ്ടിരുന്നത്.

രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡികളായി പ്രവർത്തിക്കുന്നവയാണ് സഹകരണസംഘങ്ങൾ. കൃഷിയെ കൂടുതലായി ആശ്രയിക്കുന്ന മേഖലകളിൽ സഹകരണസംഘങ്ങളുടെ പ്രാധാന്യമേറെയാണ്. സഹകരണസംഘങ്ങളുടെ നടത്തിപ്പ്, ഭരണസമിതി തിരഞ്ഞെടുപ്പ്, ക്രമക്കേടുകൾ തുടങ്ങിയവ എക്കാലത്തും വാർത്തകളുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി സഹകരണസംഘങ്ങൾ കൈകാര്യംചെയ്യുന്നതിന് ഏകീകൃതരൂപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 2012-ൽ 97-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്.

എന്നാൽ, സഹകരണം സംസ്ഥാനവിഷയമാണെന്നും അതിൽ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നുംകാട്ടി കൺസ്യൂമർ പ്രൊട്ടക്‌ഷൻ അനലിറ്റിക് കമ്മിറ്റി എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകൻ രാജേന്ദ്ര എൻ. ഷാ ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചു. വിഷയം വിശദമായി പരിശോധിച്ച ഹൈക്കോടതി, ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് ഒമ്പത് ബി’ പൂർണമായും റദ്ദാക്കുകയും ചെയ്തു. സഹകരണസംഘങ്ങളിലെ ഭരണസമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങൾക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട ‘പാർട്ട് ഒമ്പത് ബി’യിലുള്ളത്. ഭരണഘടനാ ഭേദഗതിയിലൂടെ 19(1)(സി) അനുച്ഛേദത്തിൽ സഹകരണസംഘങ്ങൾ എന്നുകൂടി എഴുതിച്ചേർത്തു. അതുവഴി സഹകരണസംഘങ്ങളുണ്ടാക്കുക എന്നത് പൗരന്റെ മൗലികാവകാശമായി. സഹകരണസംഘങ്ങളുടെ രൂപവത്കരണം,

സ്വയംഭരണാധികാരത്തോടെയുള്ള പ്രവർത്തനം, ജനാധിപത്യനിയന്ത്രണം, പ്രൊഫഷണൽ മാനേജ്മെന്റ് എന്നിവ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹിപ്പിക്കാമെന്ന് പറയുന്ന അനുച്ഛേദം 43 ബി ഉൾപ്പെടുത്തുകയുംചെയ്തു. ഈ രണ്ടുകാര്യങ്ങളും കോടതിയിൽ ചോദ്യംചെയ്യപ്പെടാത്തതിനാൽ സുപ്രീംകോടതിയുടെ വിധിക്കുശേഷവും അവ നിലനിൽക്കുന്നുണ്ട്. സഹകരണസംഘങ്ങൾ സ്ഥാപിക്കാനുള്ള പൗരൻമാരുടെ അവകാശം മൗലികാവകാശമായി തുടരും.

സഹകരണസംഘങ്ങളുടെ കൈകാര്യംചെയ്യലുമായി ബന്ധപ്പെട്ട് ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് ഒമ്പത് ബി’ ആണ് ഹൈക്കോടതി പൂർണമായും റദ്ദാക്കിയിരുന്നത്. സുപ്രീംകോടതിയാവട്ടെ, ഹൈക്കോടതിവിധി ഏതാണ്ട് പൂർണമായും ശരിവെച്ചെങ്കിലും പാർട്ട് ഒമ്പത് ബി പൂർണമായും റദ്ദാക്കിയില്ല. സഹകരണസംഘങ്ങൾ സംസ്ഥാനവിഷയമാണെന്നും അതിൽ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. എന്നാൽ, ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതോ കേന്ദ്രഭരണപ്രദേശങ്ങളിലുള്ളതോ ആയ സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന് നിയമനിർമാണമാവാം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതായത്, സംസ്ഥാനത്തിനകത്തുമാത്രം പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നാണ് വിധിയുടെ പരിണതഫലം.

ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തേതന്നെ നടപടികൾ സ്വീകരിച്ചിരുന്നു. അതിനാൽ, ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെയാകും സുപ്രീംകോടതിവിധി ബാധിക്കുക. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ കേന്ദ്ര സഹകരണമന്ത്രാലയത്തിന് സംസ്ഥാനത്തിനകത്തുമാത്രം പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടാകും. സഹകരണസംഘങ്ങളുടെ നടത്തിപ്പും അവയിലെ കേന്ദ്ര ഇടപെടലും സംബന്ധിച്ച് ഭാവിയിലുണ്ടാകുന്ന കേസുകളിലും സുപ്രീംകോടതിയുടെ കഴിഞ്ഞദിവസത്തെ വിധി സൂചകമായി നിൽക്കുമെന്നുറപ്പാണ്.