പെഗാസസിന് ചിറകുകൾ നൽകുന്നതാര്


editorial

പെഗാസസ് പോലെ രാജ്യത്തിനു പുറത്ത് നിയന്ത്രണസംവിധാനമുള്ള നിരീക്ഷണ ആയുധങ്ങൾക്ക്‌ ലക്ഷ്യം പിഴച്ചാൽ ആരാണ് ഉത്തരം പറയേണ്ടത് എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ട്

editorial

ഇത് രണ്ടാംതവണയാണ് ഇസ്രയേലി ചാരസോഫ്‌റ്റ്‌വേറായ പെഗാസസ് ആക്രമണം ലോകത്തെങ്ങും ചർച്ചയാകുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്തായിരുന്നു ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം. അന്നും ഇന്നും ഇരകൾ ദേശീയരാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളവർ. സ്മാർട്ട്‌ഫോണിൽ കടന്നുകയറി കൃത്യം നടപ്പാക്കി ഒരു തെളിവും അവശേഷിപ്പിക്കാതെ സ്വയം ഇല്ലാതാകുന്ന ചാവേറാണ് പെഗാസസ്. ഡേറ്റ മോഷണം നടത്താൻ കഴിയുന്ന ഒരു ചാര പ്രോഗ്രാമിന് ഒരു തെളിവുമില്ലാതെ ചില രേഖകൾ സ്മാർട്ട്‌ഫോണുകളിൽ നിക്ഷേപിക്കാനാകില്ലേ എന്ന സാമാന്യയുക്തിയും നമ്മളെ ഭയപ്പെടുത്തുന്നുണ്ട്. ഭരണാധികാരത്തിന്റെ താൻപോരിമയ്ക്കെതിരേ വിമതശബ്ദമുയർത്തുന്നവരെ പെഗാസസ് നിരീക്ഷിക്കുന്നു എന്ന അതിഗൗരവതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ആരാണ് ഇതിനുപിന്നിൽ എന്നതിന് വ്യക്തത വരേണ്ടതുണ്ട്.

തീവ്രവാദത്തിനെതിരേയുള്ള പ്രവർത്തനത്തിനോ അതുപോലെ സുപ്രധാനമായ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനോ മാത്രമേ തങ്ങളുടെ ഈ ചാര പ്രോഗ്രാം ഉപയോഗിക്കാവൂ എന്ന നിഷ്കർഷയോടെ സർക്കാരുകൾക്ക് മാത്രമേ പെഗാസസ് നൽകാറുള്ളൂ എന്നാണ് ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. 2019-ൽ വാട്‌സാപ്പ് വഴി നടന്ന വലിയ ആക്രമണം നിയമനടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് അവർ പെഗാസസിന്റെ ഉടമ തങ്ങളാണെന്ന് വെളിപ്പെടുത്താൻ തയ്യാറായത്.

പെഗാസസ് ഡേറ്റാബേസിൽനിന്ന് ചോർന്നു കിട്ടിയ അരലക്ഷം ഫോൺനമ്പറുകളിൽ ഏതാണ്ട് 300 എണ്ണം ഇന്ത്യക്കാരുടേതാണെന്നാണ് ‘ദ വയർ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അവരടക്കം 16 അന്താരാഷ്ട്രമാധ്യമങ്ങൾ ചേർന്ന് ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2016-നും 2021-നും ഇടയിൽ അധികാരകേന്ദ്രങ്ങൾക്കെതിരേ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന, 20 രാജ്യങ്ങളിലെ 180 മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസ് എത്തിയിരുന്നു എന്നാണ് വ്യക്തമായത്.

രാജ്യമേതായാലും ലക്ഷ്യം ഒരേ തരക്കാരാണ്. അധികാര കേന്ദ്രങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നവരാണ് പെഗാസസ് ഉപയോഗിച്ച് എല്ലാരാജ്യത്തും നിരീക്ഷിക്കപ്പെട്ടത്. അതിൽ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ജഡ്ജിമാരും ഉണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളും ജനകീയ മുന്നേറ്റങ്ങളും നടക്കുന്ന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നതും ഇതേ വിഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ജനാധിപത്യ രാജ്യങ്ങളെ ഇത്തരം ചാരപ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ സമ്മർദത്തിലാക്കുന്നതും.

ഈ സമയത്ത് ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വിത്സന്റെ ലാപ്‌ടോപ്പിൽ സൈബർ ആക്രമണം നടന്നതായി വന്ന റിപ്പോർട്ടുകൾ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ കടന്നുകയറിയ ഹാക്കർ 10 കത്തുകൾ അവിടെ നിക്ഷേപിച്ചിരുന്നതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസെനൽ കൺസൾട്ടിങ് സൈബർ ഫൊറൻസിക് സ്ഥാപനമാണ് കണ്ടെത്തിയത്. അതേ കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെ സമാനമായ രീതിയിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ട് പുറത്തുവന്നത് ഈ അടുത്ത കാലത്താണ്.

പെഗാസസ് വഴി ചാരവൃത്തി നടന്നു എന്ന് ആംനെസ്റ്റി ലാബ് റിപ്പോർട്ട് കണ്ടെത്തിയെങ്കിലും ആരാണ് അതിനുപിന്നിൽ എന്ന് വ്യക്തമായിട്ടില്ല. പെഗാസസ് എന്ന ചാര സോഫ്‌റ്റ്‌വേറിന്റെ നിർമിതിയും അങ്ങനെയാണ്. പലപ്പോഴും ഒരു മിസ്ഡ് കോളിലൂടെയോ മെസേജിലൂടെയോ ഫോണിൽ കടന്നുകൂടിയശേഷം കോൾ ലോഗ് മായ്ച്ചുകളഞ്ഞ് തെളിവുനശിപ്പിക്കും. അതിനുശേഷം ജെയിൽ ബ്രേക്ക്‌ എന്നു വിളിക്കുന്ന തന്ത്രത്തിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. അങ്ങനെ ക്യാമറ പ്രവർത്തിപ്പിച്ച് ആരും അറിയാതെ വീഡിയോ പകർത്തുകയോ മൈക്രോഫോണിലൂടെ ശബ്ദം റെക്കോഡ്‌ ചെയ്യുകയോ ചെയ്യാം. ഒരു ഫോണിൽ കടന്നുകയറി 60 ദിവസമായിട്ടും ഫോൺ അവരുടെ കൺട്രോൾ സെന്ററിന്റെ നിയന്ത്രണത്തിലായില്ലെങ്കിൽ ഫോണിലെ പെഗാസസ് ഒരു തെളിവും അവശേഷിക്കാതെ തനിയെ മാഞ്ഞുപോകും. അതുപോലെ ഉദ്ദേശിച്ച ഫോണിലല്ല എങ്കിലും സ്വയം മൃതിയടയും. ഇങ്ങനെ ‘ബുദ്ധി’ ഉപയോഗിക്കാനാകുന്ന പെഗാസസ് പോലുള്ള ഒരു ചാരസോഫ്റ്റ്‌വേറിന് പലതും ചെയ്യാനാകും എന്നകാര്യവും ഓർക്കണം.

സുരക്ഷാകാര്യങ്ങൾക്കുവേണ്ടി സർക്കാരുകൾ വിവരങ്ങൾ ചോർത്തുന്നത് പുതിയ സംഭവമൊന്നുമല്ല. ഇന്ത്യയിലാണെങ്കിൽ പത്തോളം അന്വേഷണ ഏജൻസികൾക്ക് ഉന്നത ഉദ്യോഗസ്ഥന്റെ അറിവോടെ ഫോൺ ചോർത്താനുള്ള അനുവാദവുമുണ്ട്. പക്ഷേ, ഒരു പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് ഇത്തരം അന്വേഷണങ്ങൾക്ക് ആരാണ് ഉത്തരവാദികൾ എന്ന ചോദ്യം ഉയരുന്നത്. പെഗാസസ് പോലെ രാജ്യത്തിനു പുറത്ത് നിയന്ത്രണസംവിധാനമുള്ള നിരീക്ഷണ ആയുധങ്ങൾക്ക്‌ ലക്ഷ്യം പിഴച്ചാൽ ആരാണ് ഉത്തരം പറയേണ്ടത് എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented