അഫ്ഗാനിസ്താനിൽ ഇരുട്ടു വീഴാതിരിക്കട്ടെ


അഫ്ഗാനിസ്താന്റെ ഭാവി ഏതാനും ആഴ്ചകൾക്കുള്ളിൽ നിർണയിക്കപ്പെടും. അത് ആ രാജ്യത്തെയും അവിടത്തെ ജനങ്ങളെയും ഇരുട്ടിലാക്കുന്നതും അയൽക്കാരെ ഭയത്തിലാഴ്‌ത്തുന്നതും ആകാതിരിക്കട്ടെ

editorial

ജില്ലകൾ ഓരോന്നായി പിടിച്ചടക്കി അഫ്ഗാനിസ്താനിൽ താലിബാൻ നേടുന്ന മുന്നേറ്റം അവിടത്തെ സർക്കാരിനെയും ജനങ്ങളെയും മാത്രമല്ല, ഇന്ത്യയുൾപ്പെടെയുള്ള സമീപരാജ്യങ്ങളെയും ആശങ്കയിലാക്കുന്നു. അഫ്ഗാനിസ്താനിലെ ജനാധിപത്യസർക്കാർ ആറുമാസത്തിനുള്ളിൽ പുറത്താകുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പ്രവചിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, ആ രാജ്യം വീണ്ടും താലിബാൻ ഭരണത്തിലേക്കു തിരിച്ചുപോകും. 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണത്തിന്റെ ഓർമയുള്ളവരാരും അത് ആഗ്രഹിക്കുന്നില്ല. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ സംരക്ഷണയിൽ വളർന്ന താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്നപ്പോൾ ജമ്മുകശ്മീർ വളരെയധികം അസ്വസ്ഥമായിരുന്നു. ഇന്ത്യൻ സാഹചര്യവും ആഗോള സമവാക്യങ്ങളും അന്നത്തേതിൽനിന്ന് ഏറെമാറി. എങ്കിലും ഇന്ത്യയോടുള്ള പാകിസ്താന്റെ മനോഭാവത്തിൽ മാറ്റമില്ലാത്തിടത്തോളം താലിബാൻ വീണ്ടും അഫ്ഗാനിസ്താൻ ഭരിക്കുന്നത് ഇന്ത്യക്ക് ദോഷമാകും.

അൽ ഖായിദ ഭീകരർ 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിനുപിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയത്. ആക്രമണത്തിന്റെ ആസൂത്രകനായ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെത്തേടിയായിരുന്നു ആ വരവ്. ലാദന്റെ സംരക്ഷകരായ താലിബാൻ ഭരണകൂടത്തെ പുറത്താക്കിയിട്ടും അയാളെത്തന്നെ വധിച്ചിട്ടും അമേരിക്ക അവിടെനിന്നു പിന്മാറിയില്ല. അഫ്ഗാനിസ്താനെ സമാധാനവും സ്ഥിരതയുമുള്ള ജനാധിപത്യരാജ്യമാക്കാൻ അവിടെ തുടർന്നു. പക്ഷേ, ആയിരക്കണക്കിനു സൈനികരുടെയും സാധാരണക്കാരുടെയും ജീവനെടുക്കുകയും അമേരിക്കൻ ഖജനാവിനു ബാധ്യതയാവുകയും ചെയ്ത ആ സാന്നിധ്യം എന്നവസാനിപ്പിക്കാനാകും എന്നതിന്റെ സൂചനകളൊന്നുമില്ലാതെ വന്നപ്പോഴാണ് അഫ്ഗാനിസ്താനെ അവരുടെ വിധിക്കുവിട്ടുകൊടുത്ത് ഒഴിഞ്ഞുപോകാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചത്.
ലാദൻവേട്ടയ്ക്കുശേഷം പാശ്ചാത്യശക്തികളുടെ സഹായത്തോടെ അധികാരത്തിൽവന്ന ജനാധിപത്യസർക്കാരുകളെ നിലനിർത്താനും അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിനും ഏറെ സംഭാവനചെയ്ത രാജ്യമാണ് ഇന്ത്യ. 20 കൊല്ലംകൊണ്ട് 300 കോടി ഡോളറാണ് (രണ്ടരലക്ഷം കോടി രൂപ) ഇതിനായി ഇന്ത്യ ചെലവിട്ടത്. 2015-ൽ ഉദ്ഘാടനം ചെയ്ത അഫ്ഗാനിസ്താൻ പാർലമെന്റ് മന്ദിരംമുതൽ റോഡുകളും ക്രിക്കറ്റ് സ്റ്റേഡിയവും അണക്കെട്ടും വിദ്യാഭ്യാസസ്ഥാപനങ്ങളുമുൾപ്പെടെയുള്ളവ ഇന്ത്യ പണിതുകൊടുത്തു. ബസുകളും സൈനികവാഹനങ്ങളും എം.ഐ-35 ഹെലികോപ്റ്ററുകളും കൈമാറി. സൈനികർക്കും അധ്യാപകർക്കും പരിശീലനം നൽകി. ഇന്ത്യ പണിതുയർത്തിയതെല്ലാം തച്ചുതകർക്കണമെന്ന് ഐ.എസ്.ഐ. താലിബാനോടു നിർദേശിച്ചുവെന്ന വാർത്തകൾ വരുന്നു. താലിബാനൊപ്പം ചേർന്ന് അഷറഫ് ഗനി സർക്കാരിന്റെ വീഴ്ച വേഗത്തിലാക്കാൻ പതിനായിരത്തിലേറെ പാകിസ്താൻകാർ അഫ്ഗാനിസ്താനിലെത്തിയെന്നും റിപ്പോർട്ടുണ്ട്. തന്ത്രപ്രധാനമേഖലകൾ താലിബാൻ പിടിച്ചതോടെ കാണ്ഡഹാറിലെ നയതന്ത്രകാര്യാലയത്തിൽനിന്ന് 50 ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുകൊണ്ടുവന്നിരുന്നു.
അഫ്ഗാനിസ്താൻ ദിനംതോറും അരക്ഷിതമാവുമ്പോൾ, സംഘർഷപരിഹാരത്തിന് വഴിതേടുകയാണ് അയൽരാജ്യങ്ങൾ. കഴിഞ്ഞയാഴ്ച താജികിസ്താനിലെ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണസംഘം (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെ യോഗവും താഷ്‌കെന്റിൽ നടന്ന മധ്യ-ദക്ഷിണേഷ്യാ കണക്ടിവിറ്റി കോൺഫറൻസും ഈ നിലയ്ക്കുള്ളതായിരുന്നു. ഇന്ത്യയും റഷ്യയും ചൈനയും പാകിസ്താനും നാലു മധ്യേഷ്യൻ രാജ്യങ്ങളും അംഗങ്ങളായ എസ്.സി.ഒ. സംയുക്തപ്രസ്താവനയിൽ താലിബാനെ പേരെടുത്തുപറയാതെ ഭീകരസംഘടനകളുടെ അക്രമത്തെ അപലപിച്ചു. പാകിസ്താന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും അതിർത്തിയിലുള്ള അഫ്ഗാനിസ്താൻ ഭൂപ്രദേശങ്ങൾ അധീനതയിലാക്കി അവിടംവഴിയുള്ള ചരക്കുനീക്കം തടയുക എന്ന ലക്ഷ്യത്തോടെ താലിബാൻ ആക്രമണം നടത്തുമ്പോഴാണ് ഈ പ്രസ്താവന എന്നതാണു ശ്രദ്ധേയം. താഷ്‌കെന്റ് സമ്മേളനത്തിലാകട്ടെ, അതിർത്തികടന്നുള്ള ഭീകരതയെ തടയാത്തതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി നേരിട്ട് ചോദ്യമുന്നയിക്കുകയും ചെയ്തു. മുമ്പ് അധികാരത്തിലിരുന്നപ്പോഴത്തേതുപോലുള്ള അക്രമം നിറഞ്ഞ നിർദയഭരണം നടത്താൻ അയൽരാജ്യങ്ങൾ താലിബാനെ അനുവദിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് രണ്ടുസമ്മേളനങ്ങളും നൽകിയത്. അഫ്ഗാനിസ്താന്റെ ഭാവി ഏതാനും ആഴ്ചകൾക്കുള്ളിൽ നിർണയിക്കപ്പെടും. അത് ആ രാജ്യത്തെയും അവിടത്തെ ജനങ്ങളെയും ഇരുട്ടിലാക്കുന്നതും അയൽക്കാരെ ഭയത്തിലാഴ്‌ത്തുന്നതും ആകാതിരിക്കട്ടെ.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented