മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്നവർക്കുള്ള പ്രാണവായു ഏതെങ്കിലുംവിധത്തിൽ തടസ്സപ്പെടുത്തുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം എവിടെയെത്തിനിൽക്കുകയാണെന്നതിന്റെ സൂചനയാണിത്‌. എക്സിക്യുട്ടീവിന് വേണ്ടവിധം ഉയരാനാവാത്തപ്പോൾ ജുഡീഷ്യറി വൈകാരികമായിത്തന്നെ ഇടപെടുന്നത് ഭരണകൂടത്തിന്റെ മറ്റ് സ്തംഭങ്ങളെ കുലുക്കിയുണർത്തും. ഡൽഹി ഹൈക്കോടതി മാത്രമല്ല ബോംബെ, ഗുജറാത്ത്, മധ്യപ്രദേശ് ഹൈക്കോടതികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മഹാമാരി നേരിടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അപ്രാപ്തിയാണ് കാട്ടുന്നതെന്ന് പച്ചയ്ക്കുതന്നെ വ്യക്തമാക്കുകയുണ്ടായി. സുപ്രീംകോടതി സ്വമേധയാ കേസെടുത്തുകഴിഞ്ഞു. രണ്ടാം തരംഗമല്ല, കോവിഡ് സുനാമിയാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും രണ്ടാഴ്ചയ്ക്കകം അതിന്റെ ഭയങ്കരത ഊഹാതീതമായിത്തന്നെ വർധിച്ചേക്കുമെന്നും എന്നിട്ട് നിങ്ങൾ എന്തു മുന്നൊരുക്കമാണ് ചെയ്തതെന്നുമാണ്  ഡൽഹി കോടതി ചോദിച്ചത്. ഡൽഹിക്ക് അനുവദിക്കുമെന്നേറ്റ മെഡിക്കൽ ഓക്സിജൻ മുഴുവൻ എപ്പോൾ എത്തിക്കുമെന്നും കോടതി ചോദിച്ചു.

ശാസ്ത്രസാങ്കേതികരംഗത്തും വൈദ്യമേഖലയിലും വിഭവശേഷിയിൽ, വൈദഗ്ധ്യത്തിൽ മറ്റൊരു രാജ്യത്തിനും പിറകിലല്ല ഇന്ത്യ. കോവിഡിന്റെ ഒന്നാം തരംഗമുണ്ടായപ്പോൾത്തന്നെ ഒരു താഴ്ചയും പിന്നെ വലിയ കയറ്റവുമുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയതാണ്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചേർന്ന ദേശീയ ഉന്നതാധികാരസമിതി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നടപടി നിർദേശിച്ചതാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും ഇന്ത്യൻ ഗ്യാസ് അസോസിയേഷന്റെയും സഹായത്തോടെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ലെന്നതാണ് വസ്തുത. കേന്ദ്രം നിർദേശിച്ചതനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല. അടച്ചിട്ട ഓക്സിജൻ ഉത്‌പാദനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻപോലും പല സംസ്ഥാനങ്ങളും തയ്യാറായില്ല. കേരളത്തിൽ മാത്രമാണ് ഓക്സിജന്റെ കാര്യത്തിൽ മിച്ചമുണ്ടാക്കുന്ന തരത്തിലുള്ള ആസൂത്രണവും ഇടപെടലുമുണ്ടായത്. ഗോവയ്ക്കും തമിഴ്‌നാടിനും കർണാടകത്തിനും മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കാൻ  കേരളത്തിനു സാധിച്ചു. രാജ്യം പ്രാണവായുവിനായി കേഴുമ്പോൾ നമുക്കാവശ്യമായത് കരുതിവെച്ചശേഷം സഹായഹസ്തം നീട്ടാൻ കേരളത്തിനായി. പക്ഷേ, നാം ഇനിയും കരുതിയിരുന്നേ പറ്റൂ.

കേരളത്തിൽ എല്ലാ പഞ്ചായത്തിലും ഓരോ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രം, അവിടെ നൂറും അതിലേറെയും കട്ടിലും കിടക്കയും എന്നിവയെല്ലാം ഏതാനും മാസംമുമ്പേ സജ്ജമാക്കിയത് അന്ന് ഉപയോഗിക്കേണ്ടിവന്നില്ല. എന്നാൽ, ഇന്നത്തെ നിലയിൽ ഉപയോഗിക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും മറ്റും പൂർണമായി ഉപയോഗപ്പെടുത്താൻ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂടുതലായി വേണ്ടിവരും. ദേശീയതലത്തിലുള്ള ആസൂത്രണപ്പിഴവ് ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിൽ താത്‌കാലികമായി ആരോഗ്യപ്രവർത്തകരെ റിക്രൂട്ട്ചെയ്ത് കരുതൽ സേനയായി നിർത്താൻ വൈകിക്കൂടാ.
ദേശീയതലത്തിൽ സർക്കാർ ചെലവിലുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ അപചയം അമ്പരപ്പിക്കുന്നതാണ്. പണക്കാർക്കു മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സാധ്യമാവുക. ഡൽഹിയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലുമെല്ലാം കോവിഡ്‌ കാലത്ത്‌ താത്‌കാലികമായിപ്പോലും പൊതുജനാരോഗ്യകേന്ദ്രങ്ങൾ കൂടുതലായി തുടങ്ങിയില്ലെന്നതാണ് പ്രശ്നം. ആതുരശുശ്രൂഷ പാവപ്പെട്ടവർക്ക് അന്യവും അപ്രാപ്യവുമാകുന്ന ദയനീയമായ അവസ്ഥാവിശേഷം. ധർമാശുപത്രി എന്ന പൊതുജനാരോഗ്യ സംവിധാനം സാർവത്രികമായതിനാലാണ് കേരളത്തിന് ഇത്രയെങ്കിലും ഇതേവരെ പിടിച്ചുനിൽക്കാനായത്.
പ്രാണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുവീഴുന്ന അത്യന്തം ഭീകരമായ ഇന്ത്യൻ സാഹചര്യത്തെ മുറിച്ചുകടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നേ തീരൂ. ഓക്സിജൻ, വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും താത്‌കാലിക ആശുപത്രികൾ സജ്ജമാക്കാനും മെഡിക്കൽ വിദ്യാർഥികൾ, പിരിഞ്ഞുപോയ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ സേവനം വൊളന്ററിയായി ഉപയോഗപ്പെടുത്താനും കഴിയണം. അതിനായി പ്രധാനമന്ത്രിതന്നെ നേരിട്ട് നിയന്ത്രിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കണം. വിദേശത്തുനിന്നുള്ള സഹായം തേടണമെങ്കിൽ അതിനും അറച്ചുനിൽക്കരുത്. ഇനിയും ആസൂത്രണപ്പിഴവു സംഭവിച്ചാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കുകപോലും പ്രയാസമാവും.